- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും പാലക്കാട്ട് യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചു; മഴവില്‍ സഖ്യമാണ് യഥാര്‍ഥത്തില്‍ അവിടെ പ്രവര്‍ത്തിച്ചത്; പാലക്കാട്ടെ തോല്‍വിയില്‍ പ്രതികരണവുമായി എം വി ഗോവിന്ദന്‍; ചേലക്കരയിലേത് ഉജ്ജ്വല വിജയമെന്നും പാര്‍ട്ടി സെക്രട്ടറി
എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും പാലക്കാട്ട് യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചു
തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചേലക്കരയിലേത് ഉജ്വലവിജയമാണെന്നും പാലക്കാട്ട് യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ച ഏറ്റവും പ്രധാനപ്പെട്ട വിഭാഗം ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് കുറേക്കാലമായി സി.പി.എം. മൂന്നാം സ്ഥാനത്താണ്. ഇക്കുറി ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് മത്സരിപ്പിച്ചത്. സരിന്‍ മികച്ച സ്ഥാനാര്‍ഥിയാണ് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി, എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഒന്നാം സ്ഥാനത്തും രണ്ടാംസ്ഥാനത്തും മൂന്നാംസ്ഥാനത്തുമൊക്കെ നില്‍ക്കുന്ന ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പമാണ് എന്ന് എല്ലാവര്‍ക്കും പറയേണ്ടിവന്ന ഒരു രാഷ്ട്രീയസമരംതന്നെ പാലക്കാട്ട് നടന്നു. സരിന്‍ നല്ല സ്ഥാനാര്‍ഥി ആണെന്ന് ഇപ്പോള്‍ ആ മണ്ഡലം പൂര്‍ണമായും കേരളം മൊത്തത്തിലും അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ വോട്ട് കിട്ടി. ബി.ജെ.പി. രണ്ടാംസ്ഥാനത്തും സി.പി.എം. മൂന്നാംസ്ഥാനത്തും നില്‍ക്കുമ്പോഴുണ്ടായിരുന്ന വോട്ടിന്റെ അന്തരം നല്ലതുപോലെ കുറയ്ക്കാന്‍ കഴിഞ്ഞു. എന്നു പറഞ്ഞാല്‍ പാലക്കാട്, എല്‍.ഡി.എഫ്. എഴുതിത്തള്ളേണ്ടുന്ന ഒരു സീറ്റ് അല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ വര്‍ഗീയ ശക്തികളെയും ചേര്‍ത്തുനിര്‍ത്തിയാണ് പാലക്കാട്ട് യു.ഡി.എഫ്. ജയിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു. യു.ഡി.എഫിനുവേണ്ടി പ്രവര്‍ത്തിച്ച ഏറ്റവും പ്രധാനപ്പെട്ട വിഭാഗം ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമാണ്. ഫലപ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് അവിടെ ആദ്യം പ്രകടനം നടത്തിയത് എസ്.ഡി.പി.ഐയാണ്. സ്വാഭാവികമായും മുസ്ലിം വര്‍ഗീയശക്തികള്‍, അവരെ കൂടി യു.ഡി.എഫിന്റെ ഭാഗമാക്കി ചേര്‍ത്തുകൊണ്ടാണ് ഈ കൊട്ടിഘോഷിക്കുന്ന ഭൂരിപക്ഷം അവര്‍ക്ക് ലഭിച്ചത്.
ബി.ജെ.പിയാണ് അപകടം എന്ന് ചൂണ്ടിക്കാണിച്ച് വലിയരീതിയില്‍ ന്യൂനപക്ഷവോട്ട് ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ആരെക്കാളും മുന്‍പന്തിയില്‍നിന്നത് മുസ്ലിം ലീഗിനൊപ്പം എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമി സഖ്യമാണ്. ഈ മഴവില്‍സഖ്യമാണ് യഥാര്‍ഥത്തില്‍ അവിടെ പ്രവര്‍ത്തിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഇടതുപക്ഷമാണ് ഒന്നാമത്തെ ശത്രുവെന്ന ധാരണയോടെ അവിടെ യോജിച്ചു പ്രവര്‍ത്തിച്ചുവെന്നാണ് നഗരപ്രദേശത്തെയും മറ്റും വോട്ടിങ് പാറ്റേണില്‍നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേലക്കരയില്‍ 12000-ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കാനായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി താരതമ്യംചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് കുറയുകയാണ് ചെയ്തത്. 3000 വോട്ടില്‍ അധികം കുറഞ്ഞു. വലിയ അവകാശവാദം പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ ഉയര്‍ത്തുമ്പോഴും അവര്‍ക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടിനെക്കാള്‍ മൂവായിരം വോട്ട് കുറയുകയും എല്‍.ഡി.എഫിന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് അയ്യായിരത്തില്‍നിന്ന് 12,000 ആയി ഉയര്‍ത്താനായെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
എല്ലാ പിന്തിരിപ്പന്‍ ശക്തികളുടെയും വര്‍ഗീയവാദികളുടെയും അതിനെല്ലാം പൂര്‍ണപിന്തുണ നല്‍കുന്ന മാധ്യമശൃംഖലകളുടെയും എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ട് ചേലക്കരയില്‍ യു.ആര്‍. പ്രദീപ് വിജയിച്ചിരിക്കുന്നു. ഇത് കേരളരാഷ്ട്രീയം എങ്ങോട്ടേക്കാണ് നീങ്ങുന്നത് എന്നതിന് വ്യക്തത നല്‍കുന്ന, ദിശാബോധം നല്‍കുന്ന വിജയമാണ്. വരാന്‍പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ എല്‍.ഡി.എഫിന് നിര്‍ണായകമായ ചുമതല നിര്‍വഹിക്കാനാകും എന്നതാണ് ചേലക്കരയിലെ വിധിയിലൂടെ കാണുന്നത്, എം.വി. ഗോവിന്ദന്‍ പറഞ്ഞു.