പത്തനംതിട്ട: 36 വര്‍ഷമായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗമായ എ പത്മകുമാര്‍ തന്നെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്താതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

ആരോഗ്യകരമായ ചര്‍ച്ചയും സ്വയംവിമര്‍ശനവുമാണ് സമ്മേളന ദിവസങ്ങളില്‍ നടന്നതെന്നും പാര്‍ട്ടിക്കകത്ത് ഒരു വെല്ലുവിളിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കകത്ത് ഒരു അപസ്വരവുമില്ല. പൂര്‍ണമായും യോജിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പത്മകുമാറൊന്നും പാര്‍ട്ടിക്ക് പ്രശ്‌നമുള്ള കാര്യമല്ലെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു

.സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ എംഎല്‍എയുമായ എ പത്മകുമാര്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് ചതിവും വഞ്ചനയും അവഹേളനവും നേരിട്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം.

പത്മകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവയ്ക്കാനുള്ള സാഹചര്യം പാര്‍ട്ടി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പത്മകുമാര്‍ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇല്ലെങ്കില്‍ ക്ഷണിതാവാക്കുകയെന്നത് കീഴ്വഴക്കമാണെന്ന് രാജു എബ്രഹാം വ്യക്തമാക്കി.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക വന്നശേഷമാണ് അദ്ദേഹം എഫ്ബി പോസ്റ്റിട്ടത്. ഉച്ചഭക്ഷണം കഴിക്കാതെ സ്വദേശമായ ആറന്‍മുളയിലേക്ക് മടങ്ങുകയും ചെയ്തു. അതുവരെ സമ്മേളനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റുകളുമായിരുന്നു എഫ്ബി പേജിലുണ്ടായിരുന്നത്. സംസ്ഥാന സമിതിയില്‍ ഇടം കിട്ടാതിരുന്നതും പത്തനംതിട്ട ജില്ലയില്‍ നിന്ന് മന്ത്രി വീണാ ജോര്‍ജിനെ ക്ഷണിതാവായി ഉള്‍പ്പെടുത്തിയതുമാണ് പത്മകുമാറിനെ പ്രകോപിപ്പിച്ചത്. പാര്‍ലമെന്ററി സ്ഥാനത്ത് എത്തിയതു കൊണ്ട് മാത്രം പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നത് ശരിയല്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.