കണ്ണൂര്‍: മുന്‍ കെ.പി.സി.സി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് മമ്പറം ദിവാകരന്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു ഈ സീറ്റ്. സി.പി.എം സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്.

ഇക്കുറി സീറ്റ് പിടിച്ചെടുക്കുകയും സി.പി.എം ഭരിക്കുന്ന വേങ്ങാട് പഞ്ചായത്തില്‍ പ്രവര്‍ത്തകരില്‍ ആവേശം പകരുകയും ചെയ്യുന്നതിനാണ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായ മമ്പറം ദിവാകരനെ കളത്തിലിറക്കിയത്. ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മമ്പറം ദിവാകരനെതിരെ കോണ്‍ഗ്രസ് അച്ചടക്കനടപടി സ്വീകരിച്ചത്. എന്നാല്‍ പിന്നീട് അന്നത്തെ കെ.പി.സി.സി അദ്ധ്യക്ഷനായുള്ളകെ. സുധാകരനുമായുള്ള തര്‍ക്കം ഒത്തുതീരുകയും മമ്പറം ദിവാകരന് പാര്‍ട്ടിയിലേക്കുള്ള തിരിച്ചു വരവിന് കളമൊരുങ്ങുകയുമായിരുന്നു.

തന്റെ വീടു നില്‍ക്കുന്നതിന്റെ പരിസരത്തെ വാര്‍ഡിലാണ് മമ്പറം ദിവാകരന്‍ മത്സരിക്കുന്നത്. സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് വേങ്ങാട് ഗ്രാമ പഞ്ചായത്ത് '2016 ല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് മമ്പറം ദിവാകരന്‍.

കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ റിബലായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്. സി.പി.എ കോട്ടയായ വേങ്ങാട് പഞ്ചായത്തില്‍ മമ്പറം ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്.