തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. അന്ന് മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ അടക്കം എല്‍ഡിഎഫ് പിന്നോട്ടു പോയിരുന്നു. യുഡിഎഫ് ആകട്ടെ 90ലേറെ സീറ്റുകളില്‍ വിജയിക്കുമെന്ന അവസ്ഥയാണ് അന്ന് സംജാതമായത്. ഇതിന് ശേഷം ആ ക്ഷീണം തദ്ദേശ തിരഞ്ഞെടുപ്പില്‍ തീര്‍ക്കാമെന്ന് കണക്കുകൂട്ടുകയായിരുന്നു ഇടതു മുന്നണി. എന്നാല്‍, ആ പ്രതീക്ഷയ്ക്ക് മേല്‍ വന്‍ പ്രഹരം ഏല്‍പ്പിച്ച ഫലമാണ് പുറത്തുവന്നത്. ഇപ്പോഴത്തെ നിലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പത്ത് മന്ത്രിമാര്‍ വിജയിക്കാന്‍ സാധ്യത കുറവാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വന്തം നിയമസഭാ മണ്ഡലങ്ങളില്‍ കാര്യമായ തിരിച്ചടി നേരിട്ടത് 5 മന്ത്രിമാര്‍ക്കാണെങ്കിലും മറ്റ് അഞ്ച് പേര്‍ ആഘാതം കുറച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ വോട്ടുകള്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ കൂട്ടിയാല്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് റോഷി അഗസ്റ്റിന്‍, വി.അബ്ദുറഹിമാന്‍, വീണാ ജോര്‍ജ്, ഒ.ആര്‍.കേളു, പി.രാജീവ് എന്നീ മന്ത്രിമാര്‍ പിന്നിലായത്. ഇവിടങ്ങളില്‍ യുഡിഎഫാണ് ഒന്നാമത്.

രാമചന്ദ്രന്‍ കടന്നപ്പള്ളി എണ്ണായിരത്തോളവും എം.ബി.രാജേഷ് ആറായിരത്തോളവും വി.ശിവന്‍കുട്ടി അയ്യായിരത്തോളവും വോട്ടുകള്‍ക്കു പിന്നിലാണ്. ശിവന്‍കുട്ടിയുടെ നേമം മണ്ഡലത്തില്‍ എന്‍ഡിഎയാണു മുന്നില്‍. കെ.ബി.ഗണേഷ് കുമാറും വി.എന്‍.വാസവനും പിന്നിലാണെങ്കിലും അത് ആയിരത്തിനും രണ്ടായിരത്തിനും ഇടയില്‍ വോട്ടുകള്‍ക്കു മാത്രമാണ്. മുഖ്യമന്ത്രിയടക്കം ആകെ 21 പേരുള്ള മന്ത്രിസഭയിലെ 10 മന്ത്രിമാരുടെ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് തിരിച്ചടി നേരിട്ടത്.

സ്വന്തം മണ്ഡലത്തില്‍ പതിനയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും പതിമൂവായിരത്തോളം ഭൂരിപക്ഷം നേടി മന്ത്രി ജി.ആര്‍.അനിലും 10,000 വോട്ടുകള്‍ അധികം നേടി കെ.എന്‍.ബാലഗോപാലും പന്ത്രണ്ടായിരത്തോളം ഭൂരിപക്ഷം പിടിച്ച് മന്ത്രി പി.പ്രസാദുമാണ് നേട്ടത്തില്‍ മുന്നില്‍. സ്വന്തം മണ്ഡലത്തില്‍ പിന്നില്‍ പോയ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി കഴിഞ്ഞു. മന്ത്രിപണിയുടെ തിരക്കിലും സ്വന്തം മണ്ഡലത്തില്‍ കരുതല്‍ വേണമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടിയുടെയും ആര്‍.ബിന്ദുവിന്റെയും മണ്ഡലത്തില്‍ ആറായിരത്തോളവും എ.കെ.ശശീന്ദ്രന്റെയും സജി ചെറിയാന്റെയും മണ്ഡലങ്ങളില്‍ അയ്യായിരത്തോളവുമാണ് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം. മുന്നേറാനായെങ്കിലും മന്ത്രിമാരായ കെ.രാജന്‍, ജെ.ചിഞ്ചുറാണി, പി.എ.മുഹമ്മദ് റിയാസ് എന്നിവര്‍ രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്കു മാത്രമാണു മുന്നില്‍.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മണ്ഡലമായ പറവൂരില്‍ 10,000 വോട്ടുകള്‍ക്ക് യുഡിഎഫിനു മുന്നിലെത്താനായി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മണ്ഡലത്തില്‍ 11,000 വോട്ടുകള്‍ക്ക് യുഡിഎഫ് ഒന്നാമതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പില്‍ രണ്ടായിരത്തോളം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലാണെങ്കിലും ഇതിനു കീഴിലെ ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ 5 വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ 3 വാര്‍ഡുകളിലും എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ കാറ്റ് എല്‍ഡിഎഫിന് അനുകൂലമാണ്. എല്‍ഡിഎഫ് ഏറ്റവും മിന്നിച്ച നേട്ടം കൊയ്തത് സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിലാണ്. നാല്‍പതിനായിരത്തോളം വോട്ടുകള്‍ക്കാണ് ഇവിടെ എല്‍ഡിഎഫ് മുന്നില്‍.

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി അവസാനത്തോടെ വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നേറാന്‍ എല്‍ഡിഎഫിനും മികച്ച നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ കുതിക്കാന്‍ ശ്രമിക്കാന്‍ യുഡിഎഫിനും നില മെച്ചപ്പെടുത്താന്‍ എന്‍ഡിഎയ്ക്കും രണ്ടര മാസമാണ് ഇനി ഉള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ അവസാനം സിപിഐഎം സംസ്ഥാന സമിതി യോഗം ചേരും. ജനുവരി ആദ്യവാരം എല്‍ഡിഎഫ് യോഗവും നടക്കും. ചൊവ്വാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ചയായില്ല. മുന്നണിയിലെ ഘടകകക്ഷികളോട് ഫലത്തെ വിലയിരുത്താനാണ് മുന്നണി കണ്‍വീനര്‍ ആവശ്യപ്പെട്ടത്. ജനുവരിയിലെ യോഗത്തില്‍ പരാജയത്തിന് കാരണമായ ഘടകങ്ങള്‍ മുന്നണി പരിശോധിക്കും. പിന്നീട് തിരുത്തല്‍ നടപടികളിലേക്ക് കടക്കും.

തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തില്‍ ആവേശം ഉള്‍ക്കൊണ്ട് മുന്നേറാനാണ് യുഡിഎഫ് ശ്രമം. എല്‍ഡിഎഫിലെ ഘടകകക്ഷികളില്‍ ചിലരെ ഇപ്പുറത്തേക്ക് എത്തിക്കാനുള്ള ശ്രമം സജീവമായി തുടരുമെന്നാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് വേഗം കടക്കാനാണ് കെപിസിസിയുടെ ശ്രമം.