തിരുവനന്തപുരം: രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശബരിമല ദര്‍ശനത്തിനെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തം. കേരളത്തിലെ തിരഞ്ഞെടുപ്പുകളെ വൈകാരികമായി സ്വാധീനിക്കുന്ന ശബരിമല വിഷയം ബിജെപിക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യവും ഈ സന്ദര്‍ശന നീക്കത്തിന് പിന്നിലുണ്ടെന്ന സംശയം ശക്തമാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാര്‍ച്ച് അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തുന്നുണ്ട്. ഈ അവസരത്തില്‍ അയ്യപ്പദര്‍ശനത്തിനെത്തുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടുത്ത മാസപൂജ വേളയില്‍ ദര്‍ശനത്തിന് എത്തുമെന്നും പറയപ്പെടുന്നു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ പ്രതികളുടെ രാഷ്ട്രീയ ബന്ധവുമെല്ലാം ചര്‍ച്ചയാകുമ്പോഴാണ് അമിത്ഷാ ശബരിമലയിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ നിറയുന്നത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടി 12ന് വാദത്തിനായി മാറ്റി. പത്മകുമാര്‍, സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബു എന്നിവരുടെ ഹര്‍ജികളാണ് ജസ്റ്റിസ് എ ബദറൂദ്ദിന്‍ പരിഗണിക്കുന്നത്. മുരാരി ബാബു മുന്‍പ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. 76 ദിവസത്തിലേറെയായി ജയിലിലാണെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹര്‍ജി നല്‍കിയത്. കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചത് ബിജെപിയും സിപിഎമ്മും വിവാദമായി ഉയര്‍ത്തിയിരുന്നു.

യുഡിഎഫിനും ഇടതുമുന്നണിക്കും പിന്നാലെ മിഷന്‍ കേരളയുമായി ബിജെപിയും സജീവമായി കളത്തിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ 40 സീറ്റാണ് ലക്ഷ്യം. 15 സീറ്റുകളില്‍ കടുത്ത പോരിനാണ് ബിജെപി തയ്യാറെടുക്കുന്നത്. തൂക്കുസഭ സ്വപ്നം കണ്ട് കറുത്ത കുതിരയാകാന്‍ ബിജെപി നീക്കം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനു ശേഷം ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനാണ് നീക്കം.

ഇന്നലെ ബിജെപി ഭാരവാഹികളുടെ യോഗം ഓണ്‍ലൈനില്‍ ചേര്‍ന്നിരുന്നു. അതില്‍ മിഷന്‍ കേരളയും ചര്‍ച്ചയായി. 40 സീറ്റില്‍ ഫോക്കസ് ചെയ്താണ് ബിജെപി മുന്നോട്ടുപോകുന്നത്. അതിശക്തമായ മത്സരത്തിന് 15 ഇടത്തെ സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിക്കും. എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കാത്ത വിധത്തില്‍ കറുത്ത കുതിരകളാകുക എന്നതാണ് ബിജെപിയുടെ മിഷന്‍.

നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു. ശോഭ സുരേന്ദ്രന്റെ പേര് കായംകുളത്താണ് പരിഗണിക്കുന്നത്. അമിത് ഷാ ജനുവരി 11ന് കേരളത്തിലെത്തും. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ബിജെപി തീരുമാനം. ചരിത്ര വിജയം നേടി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേറിയത് ആഘോഷമാക്കാന്‍ കൂടിയാണ് അമിത് ഷാ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന പ്രഖ്യാപനം നിലനില്‍ക്കെയാണ് മോദിക്ക് മുന്‍പേ അമിത് ഷാ എത്തുന്നത്. പ്രധാനമന്ത്രി തിരുവനന്തപുരം സന്ദര്‍ശിക്കുന്ന തീയതി അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ബിജെപി അംഗങ്ങളെയെല്ലാം ആഭ്യന്തര മന്ത്രി നേരില്‍ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്യും.

ജനുവരി 11 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ച കൗണ്‍സിലര്‍മാരുടെ യോഗത്തിലും പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങി പ്രധാന നേതാക്കളെല്ലാം യോഗത്തില്‍ സംബന്ധിക്കും. മോദിയെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള പ്രചരണം തന്നെയാകും സംസ്ഥാനത്ത് ബിജെപി പിന്തുടരുക. മോദിയെ മുഖമാക്കുന്നതിലൂടെ അക്കൗണ്ട് തുറക്കുന്നതിനപ്പുറം കൂടുതല്‍ സീറ്റുകള്‍ നേടാം എന്നതാണ് ബിജെപിയുടെ പ്രതീക്ഷ.

അതേസമയം ഇടതുമുന്നണിക്ക് 110 സീറ്റെന്ന ലക്ഷ്യവുമായി 'മിഷന്‍ 110'മായി സി.പി.എമ്മും 'ലക്ഷ്യ 2026'ലൂടെ യു.ഡി.എഫിന് 100 സീറ്റിലധികം നേടാന്‍ കോണ്‍ഗ്രസ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനിടെയാണ് 40 സീറ്റ് ലക്ഷ്യമിട്ട് 'മിഷന്‍ 40'മായി ബി.ജെ.പിയും കളം നിറയുന്നത്. സീറ്റ് ടാര്‍ജറ്റ് നിശ്ചയിച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ അങ്കം കുറിച്ച് മുന്നണികള്‍. സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും തുടങ്ങിയതോടെ സംസ്ഥാനത്ത് ഇലക്ഷന്‍ മൂഡ്.

കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗത്തിനു ശേഷമാണ് മൂന്നാം തുടര്‍ഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 'മിഷന്‍ 110' അവതരിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായിട്ടില്ല. 30 നിയമസഭ മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍.ഡി.എഫ് പിന്നിലായത്. ഭരണവിരുദ്ധ വികാരമില്ല. സമയബന്ധിതമായ നടപടികളിലൂടെ ഭരണം നിലനിറുത്താനാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രചാരണ മേല്‍നോട്ടത്തിന് ഉപസമിതി രൂപീകരിച്ച് 50 ദിവസത്തെ ദൗത്യം മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കും.

സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന വിലയിരുത്തലില്‍ ഉറച്ച വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ ദിവസം വയനാട് ചേര്‍ന്ന നേതൃക്യാമ്പിലാണ് 'ലക്ഷ്യ 2026' കോണ്‍ഗ്രസ് അവതരിപ്പിച്ചത്. യു.ഡി.എഫിന് 100 സീറ്റുകളിലധികം നേടാനുള്ള മാര്‍ഗരേഖയാണിത്. കോണ്‍ഗ്രസ് മാത്രം 70 സീറ്റിനു മുകളിലും ലക്ഷ്യമിടുന്നു.നിയമസഭയില്‍ ഭൂരിപക്ഷം ലക്ഷ്യമല്ലെങ്കിലും തൂക്കുസഭാ പ്രതീക്ഷയുമായി കറുത്ത കുതിരയാകാനാണ് ബി.ജെ.പിയുടെ ശ്രമം. 40 സീറ്റ് ലക്ഷ്യമിട്ടുള്ളതാണ് 'മിഷന്‍ 40'.