പാലക്കാട്: കള്ളപ്പണ വിവാദത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നും വീണിടത്ത് കിടന്ന് ഉരുളുകയാണ് സിപിഎം എന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങള്‍ക്കെതിരെ പറഞ്ഞതിന് തിരിച്ചു ചോദിക്കാന്‍ ആര്‍ജ്ജവം ഉണ്ടാവണം. പെട്ടി അല്ലാതെ ഹോട്ടലിലേക്ക് മറ്റെന്താണ് കൊണ്ടുവരികയെന്നും ട്രോളി ബാഗില്‍ ഉള്ളത് വസ്ത്രമാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

പൊലീസ് നടപടിയെ നിയമപരമായി നേരിടും. ലോകസഭാ സ്പീക്കറെ സമീപിക്കും. ഡിവൈഎസ്പി പെരുമാറുന്നത് ഏരിയ സെക്രട്ടറിയെപ്പോലെയാമെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ഇന്നലെ വരെ ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പണമുണ്ടെന്നായിരുന്നു ആരോപണം. അത് പൊളിഞ്ഞപ്പോള്‍ രാഹുലിന്റെ നീല ട്രോളി ബാഗില്‍ എത്ര മുണ്ടുണ്ടെന്നായി ചര്‍ച്ച. ഇന്നലെ നടന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമായ വൃത്തികെട്ട നാടകമായിരുന്നെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു

മാധ്യമങ്ങള്‍ക്കുനേരെയും ഷാഫി പറമ്പില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. മാധ്യമങ്ങള്‍ക്കും ദുരൂഹതയിലല്ലാതെ യാഥാര്‍ത്ഥ്യങ്ങളില്‍ താത്പര്യമില്ല. ദുരൂഹത ലൈവായി നിര്‍ത്താനാണ് മാധ്യമങ്ങളും ശ്രമിക്കുന്നത്. പൊളിഞ്ഞ വാദങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ സിപിഐഎമ്മിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. വനിതാ പൊലീസുവരുന്നതുവരെ ബിജെപി വനിതാ നേതാക്കളുടെ മുറിയില്‍ റെയ്ഡ് നടത്താന്‍ പൊലീസ് മടിച്ചിരുന്നു. എന്നാല്‍ ഷാനിമോളുടേയും ബിന്ദു കൃഷ്ണയുടേയും കാര്യത്തില്‍ ഈ മടി ഉണ്ടായിരുന്നില്ലെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഫറന്‍സ് മുറിയില്‍ ബാഗ് ഉണ്ടായിരുന്നത് ഒരു മിനിറ്റ് മാത്രമാണെന്നും ആ സമയം കൊണ്ട് പണം പെട്ടിയില്‍ നിന്ന് മാറ്റാനോ അതില്‍ നിറയ്ക്കാനോ സാധിക്കില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു. സാധാരണ രാഷ്ട്രീയ നേതാക്കള്‍ വാഹനത്തില്‍ അധികം വസ്ത്രങ്ങള്‍ കരുതാറുണ്ടെന്നും രാഹുല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലമാണെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ ഉറപ്പായും വസ്ത്രം കരുതും. തനിക്കൊപ്പമുള്ള കെഎസ്യു നേതാവ് ഫസല്‍ അബ്ബാസിനോട് വസ്ത്രം അടങ്ങിയ പെട്ടി മുകളിലേയ്ക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഫസലിന്റെ നിര്‍ദേശ പ്രകാരം ഫെനി നൈനാന്‍ കോണ്‍ഫറന്‍സ് മുറിയില്‍ വസ്ത്രം എത്തിക്കുകയായിരുന്നു. ബാഗ് ഹോട്ടലിലെ ഏതെങ്കിലും മുറിയില്‍ നിന്നല്ല കൊണ്ടുവന്നത്. പുറത്ത് തന്റെ കാറില്‍ നിന്നാണ് ബാഗ് എത്തിച്ചത്. പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകുമെന്നും രാഹുല്‍ പറഞ്ഞു.

പാലക്കാട്ടെ കള്ളപ്പണ വിവാദത്തില്‍ നിര്‍ണായക സിസിടിവി റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ഇന്നലെ രാത്രി 10.11 മുതല്‍ 11.30 വരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവാദമായ നീല ട്രോളി ബാഗുമായി ഫെനി നൈനാന്‍ ഹോട്ടലിലേയ്ക്ക് വരുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. വിഡീയോയില്‍ ഫെനിക്കും രാഹുലിനും പുറമേ ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവരുമുണ്ട്.