തിരുവല്ല: മുതിര്‍ന്ന നേതാവ് ജി. സുധാകരനെ ആലപ്പുഴയില്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതിന് സമാനമായി പത്തനംതിട്ട ജില്ലയില്‍ സി.പി.എം ഒതുക്കിയത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപനെ. മൂന്ന് പ്രാവശ്യം ജില്ലാ സെക്രട്ടറിയായിരുന്നയാളാണ് കെ. അനന്തഗോപന്‍.

ഇരവിപേരൂര്‍ ഏരിയ കമ്മറ്റിയില്‍ പെട്ട അദ്ദേഹത്തെ അവിടുത്തെ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കഴിഞ്ഞമാസം 16 മുതല്‍ 18 വരെ നടന്ന ഏരിയ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് പ്രതിനിധികള്‍ ചോദ്യം ഉന്നയിച്ചെങ്കിലും പ്രായാധിക്യമാണ് കാരണമെന്നാണ് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു വിശദീകരിച്ചത്.

എന്നാല്‍ പൊതുസമ്മേളനത്തില്‍പ്പോലും അനന്തഗോപനെ ക്ഷണിച്ചില്ലെന്നതാണ് വാസ്തവം. പി. ജയരാജനാണ് പൊതു സമ്മേളനത്തില്‍ പ്രസംഗിക്കാനെത്തിയത്. അനന്തഗോപന് പ്രായാധിക്യം എന്ന് ന്യായം പറയുമ്പോഴും ഇപ്പോഴും അദ്ദേഹം പാര്‍ട്ടിയുടെ മറ്റ് പരിപാടികളില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കാറുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂടിയാണ്. ഇരവിപേരൂര്‍ ഏരിയ സമ്മേളനത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ ഉള്‍പ്പെടെ വിമര്‍ശനം ഉയരുമെന്ന് മുന്‍കൂട്ടി കണ്ട് വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് ജില്ലാ സെക്രട്ടറി നിര്‍ദ്ദേശിച്ചിരുന്നു.

ഇതേ തുടര്‍ന്ന് പ്രതിനിധികള്‍ യാന്ത്രികമായ ചര്‍ച്ചകളില്‍ പങ്കെടുത്ത് സമ്മേളനം പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. ലോക്കല്‍ സമ്മേളനത്തില്‍ പരാജയപ്പെട്ട ആളെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് അടക്കം പല തരത്തിലുള്ള തര്‍ക്കങ്ങള്‍ ഏരിയ കമ്മിറ്റിയില്‍ നീറിപ്പുകയുകയാണ്. ജില്ലാ സെക്രട്ടറി ഇടപെട്ട് മത്സരം ഒഴിവാക്കി സമ്മേളനം ഒരുവിധം പൂര്‍ത്തിയാക്കുകയായിരുന്നു.