മലപ്പുറം: യുഡിഎഫിനെ പ്രതിരോധത്തിലാക്കിയ മുസ്ലീം ലീഗ് നേതാക്കളുടെ തുറുന്നുപറച്ചിലിന് പിന്നാലെ മുനമ്പം വിഷയത്തില്‍ പരസ്യ പ്രസ്താവന വിലക്കി മുസ്ലിം ലീഗ് നേതൃത്വം. കെ എം ഷാജിക്ക് പിന്നാലെ ഇ ടി മുഹമ്മദ് ബഷീറും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വാദവുമായി രംഗത്തുവന്നതോടെയാണ് ലീഗിന്റെ വിലക്ക്. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ പാണക്കാട് തങ്ങള്‍ ഇടപെട്ടത് ചൂണ്ടിക്കാട്ടി കെ എം ഷാജി തന്റെ വാദം ആവര്‍ത്തിക്കുകയും ഇ ടി മുഹമ്മദ് ബഷീര്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു. ഇതോടെയാണ് ലീഗ് നേതൃത്വം ആദ്യം ഈ നേതാക്കള്‍ പറഞ്ഞത് കാര്യമാക്കേണ്ടതില്ലെന്നും പിന്നീട് പരസ്യപ്രസ്താവനകള്‍ വിലക്കുന്നതായും അറിയിച്ചത്.

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ മുസ്ലിം ലീഗ് മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന സമവായ നീക്കത്തെ അട്ടിമറിക്കുന്നതാണ് ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാടെന്ന് വി ഡി സതീശനടക്കം സൂചിപ്പിച്ചതോടെയാണ് പാണക്കാട് തങ്ങളുടെ അന്ത്യശാസനം. ഇ ടി മുഹമ്മദ് ബഷീര്‍, കെ എം ഷാജി, എം കെ മുനീര്‍, കെപിഎ മജീദ് തുടങ്ങിയ നേതാക്കളാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ വാദത്തിന് വിരുദ്ധമായ നിലപാട് എടുത്തത്.

ഇത് കാസ പോലുള്ള സംഘടനകളും ബിജെപിയും ആയുധമാക്കിയിരുന്നു. ഇത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന നീക്കം ആണെന്ന് യുഡിഎഫ് നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് സമുദായ സൗഹൃദമാണ് ലീഗിന്റെ ലക്ഷ്യമെന്നും മറ്റുള്ള പ്രസ്താവനകള്‍ അവഗണിക്കുകയാണെന്നും പാണക്കാട് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്. മുനമ്പം വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് മുസ്ലീം ലീഗിന്റെ നിലപാടെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. വിഷയം പരിഹാരിക്കുന്നതിനായി സര്‍ക്കാര്‍ വേഗത കൂട്ടണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

സമസ്തയുടെ സമവായമാകാത്ത ചര്‍ച്ച

മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം വിട്ട് നിന്നതോടെ സമസ്ത സമവായ ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകാതെ പിരിഞ്ഞു. രണ്ട് വിഭാഗത്തേയും പങ്കെടുപ്പിച്ച് ചര്‍ച്ച തുടരുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. സമസ്തയില്‍ രണ്ട് വിഭാഗങ്ങളില്ലെന്നും സമസ്ത പ്രസിഡന്റ് ബിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിലര്‍ അസൗകര്യം അറിയിച്ചതിനാല്‍ ഇന്നത്തെ സമവായ ചര്‍ച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നങ്ങളും സമസ്തയില്‍ ഇല്ല. മുസ്ലീം ലീഗും സമസ്തയും തമ്മില്‍ പണ്ടും അഭിപ്രായ വ്യത്യാസം ഉണ്ടാകാറുണ്ട്. നേതൃത്വം ഇടപെട്ട് അത് പരിഹരിക്കാറുമുണ്ട്. നടപടി എടുക്കുകയല്ല, എല്ലാവരെയും കൂട്ടിയോജിപ്പിക്കലാണ് നിലപാടെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്തുവെച്ചു നടന്ന ലീഗ്- സമസ്ത സമവായ ചര്‍ച്ചയ്ക്കു ശേഷം നേതാക്കള്‍ സംയുക്തമായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാത്തതെയാണ് ചര്‍ച്ച അവസാനിച്ചത്. ലീഗ് വിരുദ്ധ വിഭാഗത്തിന്റെ അസാന്നിധ്യത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ചിലര്‍ വരാന്‍ സാധിക്കില്ലെന്ന് അസൗകര്യം അറിയിച്ചെന്നായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി.

'അഭിപ്രായ വ്യത്യാസങ്ങളൊക്കെ സ്വാഭാവികമാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ടു പോകുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ല. ആരുടേയെങ്കിലും പേരില്‍ നടപടിയെടുക്കാന്‍ വേണ്ടിയുള്ളതല്ല ചര്‍ച്ച. സമസ്തയില്‍ ഭിന്നതയില്ല', അദ്ദേഹം വ്യക്തമാക്കി. സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരേ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ജിഫ്രി തങ്ങള്‍ തയ്യാറായില്ല. മുനമ്പം വിഷയം സമസ്ത പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിപ്രായ വ്യത്യാസമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കൂടിയിരുന്ന് ആലോചിച്ച് അതിനൊരു പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് ചര്‍ച്ച വെച്ചതെന്നും ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 'ചര്‍ച്ചയിലേക്ക് എല്ലാവരേയും വിളിച്ചുചേര്‍ത്തിരുന്നു. വിമത വിഭാഗമെന്നോ ഔദ്യോഗിക വിഭാഗമെന്നോ ഉള്ള ചേരിതിരിവ് ഇല്ല. എല്ലാവരും ഔദ്യോഗിക വിഭാഗമാണ്. കുറച്ചുപേര്‍ വന്നു, കുറച്ചുപേര്‍ക്ക് വരാന്‍ സാധിക്കില്ലെന്നു പറഞ്ഞു. സമസ്ത ഒറ്റക്കെട്ടായി പോകണമെന്നത് സുന്നികളുടെ മാത്രം ആവശ്യമല്ല. അത് സമൂഹത്തിന്റെ ആവശ്യമാണ്. അതിന് വീഴ്ച വരാന്‍ പാടില്ലാ എന്ന ഉദ്ദേശത്തോടെയാണ് ചര്‍ച്ച നടത്തിയത്. പങ്കെടുക്കാത്ത വിഭാഗവുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും', അദ്ദേഹം വ്യക്തമാക്കി.

സമസ്തയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ അനുരഞ്ജന നീക്കത്തിനുള്ള മുസ്ലിംലീഗ് നീക്കത്തിന് തിരിച്ചടിയായാണ് ഇന്നു ചേര്‍ന്ന ചര്‍ച്ചയില്‍നിന്ന് ലീഗ് വിരുദ്ധ വിഭാഗം പിന്മാറിയത്. ഹമീദ് ഫൈസി അമ്പലക്കടവ് നേതൃത്വം നല്‍കുന്ന വിഭാഗമാണ് ചര്‍ച്ചയില്‍നിന്ന് പിന്‍വാങ്ങിയത്. 11-ന് നടക്കുന്ന സമസ്ത മുശാവറയ്ക്ക് ശേഷം മതി രാഷ്ട്രീയ നേതൃത്വവുമായുള്ള ചര്‍ച്ച എന്നാണ് ഇവരുടെ വാദം. ലീഗ് അനുകൂല വിഭാഗത്തില്‍നിന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ ഇരുവിഭാഗങ്ങളില്‍നിന്നും പത്തുപേരെ വീതം പങ്കെടുപ്പിക്കാമെന്നായിരുന്നു നിര്‍ദേശം.

സമസ്തയില്‍ കുറച്ചുവര്‍ഷമായി തുടരുന്ന അസ്വാരസ്യങ്ങള്‍ കൂടുതല്‍ മറനീക്കിയത് സാദിഖലി തങ്ങളുടെ ഖാസി സ്ഥാനത്തെ ഉമര്‍ ഫൈസി മുക്കം ചോദ്യം ചെയ്തതോടെയാണ്. ഉമര്‍ ഫൈസിക്കെതിരേ നടപടിയാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തുവന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം പത്രത്തില്‍ വന്ന എല്‍.ഡി.എഫ്. പരസ്യം ഭിന്നത രൂക്ഷമാക്കി. പത്രത്തില്‍ നയത്തിനു വിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നു കാണിച്ച് 18 ഡയറക്ടര്‍മാര്‍ ജിഫ്രി തങ്ങള്‍ക്ക് കത്തും കൈമാറി.

പാണക്കാട് കുടുംബത്തെയും ലീഗിനെയും സംഘടനയിലെ ചിലര്‍ തുടര്‍ച്ചയായി ആക്രമിക്കുന്നത് പ്രതിരോധിക്കാന്‍ ലീഗ് അനുകൂലവിഭാഗം സമസ്ത ആദര്‍ശ സംരക്ഷണസമിതിയുണ്ടാക്കി. ഇവര്‍ വ്യാഴാഴ്ച മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. അടുത്ത മുശാവറ യോഗം ചേരുന്നതിനു മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ ഉറപ്പ്. ഇതിന്റെ ഭാഗമായിരുന്നു ഇന്നത്തെ സമവായ ചര്‍ച്ച.