പാലക്കാട്: മെക് സെവന്‍ വ്യായാമക്കൂട്ടായ്മയുമായി ബന്ധപ്പെട്ട് സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുളള കൂട്ടായ്മകളെ എതിര്‍ക്കുമെന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തെല്ലാം അന്ധവിശ്വാസജടിലമായ നിലപാടുകളെ കൃതമായി വെല്ലുവിളിച്ചുകൊണ്ടാണ് സ്ത്രീകളും പൊതുസമൂഹവും മുന്നോട്ട് വന്നിട്ടുള്ളത്. പുരുഷമേധാവിത്വ കേന്ദ്രീകൃതമായ സമൂഹത്തിന്റെ ഭാഗമായി ഇപ്പോഴും പൊതുവിടങ്ങളില്‍ സ്ത്രീകളുണ്ടാവരുതെന്ന് പറയുന്ന നിലപാടിലേക്ക് എങ്ങനെ പോകാനാകും. പോകാനാവില്ല. പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിച്ച് സമൂഹത്തിന് മുന്നോട്ടേക്ക് പോകേണ്ടിവരും. ആ പുരോഗമനപരമായ നിലപാട് നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയുമെല്ലാം കൂട്ടായ ശ്രമത്തിന്റെ, അല്ലെങ്കില്‍ അത് പിന്‍പറ്റി മുമ്പോട്ടേക്ക് വന്ന കേരളീയ സമൂഹത്തിന്റെ ഭാഗമായി രൂപപ്പെട്ടത് തന്നെയാണ്. ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന സ്ത്രീകളുള്ള നാട് ഈ കേരളമാണ്. എം.വി ഗോവിന്ദന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മെക് 7 വ്യായാമ കൂട്ടായ്മയ്‌ക്കെതിരെ എ പി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്തെത്തിയിരുന്നു. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിര്‍ക്കും. യഥാസ്ഥിതികരെന്ന് വിമര്‍ശിച്ചാലും പ്രശ്‌നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം പറഞ്ഞിരുന്നു. കുറ്റ്യാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തന്റെ നിലപാട് ആവര്‍ത്തിച്ചത്.

നേരത്തേയും മെക് 7 കൂട്ടായ്മയെ ലക്ഷ്യം വെച്ച് കാന്തപുരം വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്നായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനം. ഇക്കാര്യം പറയുമ്പോള്‍ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞു.

പണ്ടുകാലത്ത് സ്ത്രീകള്‍ പുരുഷന്മാരെ കാണുന്നതും കേള്‍ക്കുന്നതും സംസാരിക്കുന്നതും ആവശ്യത്തിന് മാത്രമാണെന്നും നിബന്ധനകളോടെയെ ഇത് ചെയ്യാവൂവെന്ന ഇസ്ലാമിന്റെ നിര്‍ദേശം സ്ത്രീകള്‍ അനുസരിക്കുകയായിരുന്നുചെയ്തത്. ആ മറ എടുത്തുകളഞ്ഞ്, വ്യായാമത്തിന് വേണ്ടി ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് യാതൊരു നിരോധവും ഇല്ലായെന്ന് പഠിപ്പിച്ച്, വമ്പിച്ച നാശം ലോകത്ത് ഉണ്ടാക്കുന്നുവെന്നതാണ് കേള്‍വി. ഞാന്‍ കാണാന്‍ പോയിട്ടില്ല. കേള്‍ക്കുന്നതൊന്നും ശരിയല്ലെന്ന് മറുപടി പറയും. ചെറുപ്പക്കാരെ തിരിച്ചുവിടുന്ന വഴിയാണിത്', എന്നും കാന്തപുരം വിമര്‍ശനം ഉന്നയിച്ചിരുന്നു.

ജനുവരി 19ന് നടത്തിയ ഒരു പ്രസംഗത്തിലാണ് കാന്തപുരം മെക് 7നെതിരെ ആദ്യം രംഗത്തെത്തുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്ന് കാന്തപുരം വിമര്‍ശിച്ചിരുന്നു. ഇക്കാര്യം പറയുമ്പോള്‍ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞിരുന്നു.