തിരുവനന്തപുരം: എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കുമെന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനം സിപിഐയില്‍ പൊട്ടിത്തെറിയാകും. എംഎന്‍ സ്മാരകത്തിലാണ് ഇത്തവണ ഇടതു മുന്നണി യോഗം ചേര്‍ന്നത്. അതുകൊണ്ട് തന്നെ സിപിഐയ്ക്ക് ബ്രൂവറിയില്‍ പ്രതിരോധം തീര്‍ക്കാന്‍ ആകുമെന്ന് ഏവരും കരുതി. എന്നാല്‍ സിപിഐ ആസ്ഥാനത്തെ യോഗത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ താരമായി. പിണറായി പറയുന്നത് കേട്ടിരിക്കാനേ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനായുള്ളൂ. ഇതോടെ ബ്രൂവറിയില്‍ ഇടതു മുന്നണിയില്‍ തീരുമാനമായി. ആര്‍ജെഡി പോലും സിപിഐയുടെ മൗനത്തില്‍ ഞെട്ടി. ഇനി ബ്രൂവറിയില്‍ പരസ്യ വിവാദത്തിന് ഇല്ലെന്ന് ബിനോയ് വിശ്വം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ എല്ലാ അര്‍ത്ഥത്തിലും സിപിഎമ്മിന് വഴങ്ങുകയാണ് നേതൃത്വം എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഇത് സിപിഐയില്‍ തന്നെ പൊട്ടിത്തറിയായി മാറും.

ബ്രൂവറിയില്‍ സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും നിങ്ങള്‍ക്കു രോമാഞ്ചമുണ്ടാക്കാന്‍ വേണ്ടി എന്തെങ്കിലും പറയാന്‍ ഞങ്ങളില്ലെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ഇത് സിപിഐ അണികളേയും ചിന്തിപ്പിക്കുന്നുണ്ട്. പാലക്കാട്ടെ സിപിഐ നേതൃത്വം പ്രതിഷേധത്തിലുമാണ്. ഇടതു മുന്നണിയോഗത്തില്‍ ബ്രൂവറി എലപ്പുള്ളിയില്‍നിന്നു മറ്റെവിടേയ്ക്കെങ്കിലും മാറ്റി സ്ഥാപിച്ചുകൂടെ എന്ന അവസാനത്തെ അപേക്ഷ പോലും പിണറായിയ്ക്ക് മുമ്പില്‍ നിരസിക്കപ്പെട്ടതോടെ വിഷയത്തില്‍ അതിശക്തമായി എതിര്‍പ്പു പ്രകടിപ്പിക്കുന്ന പാലക്കാട് സിപിഐ ജില്ലാ നേതൃത്വത്തിനും പ്രതിസന്ധിയായി.

ബ്രൂവറി സ്ഥാപിച്ചേ അടങ്ങൂ എന്ന മുഖ്യമന്ത്രിയുടെ കടുംപിടിത്തം സംസ്ഥാന നേതൃത്വം അംഗീകരിക്കുന്നതിനെ ജില്ലാ നേതാക്കള്‍ എതിര്‍ക്കും. വ്യവസായം വരുന്നതിനെ എതിര്‍ക്കുന്നില്ലെങ്കിലും പാലക്കാട് ജില്ലയില്‍ ഒരിടത്തും ബ്രൂവറി അനുവദിക്കാന്‍ പാടില്ലെന്നാണ് സിപിഐ ജില്ലാ ഘടകത്തിന്റെ നിലപാട്. തങ്ങളുടെ എതിര്‍പ്പ് കൃത്യമായി എഴുതി അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അത് അംഗീകരിച്ചതാണെന്നും ജില്ലാ നേതാക്കള്‍ പറയുന്നു. ഇടതുമുന്നണി യോഗത്തില്‍ നടന്നതിനെക്കുറിച്ചു പ്രതികരിക്കേണ്ടതും ഇനി തീരുമാനമെടുക്കേണ്ടതും സംസ്ഥാന നേതൃത്വമാണെന്നും അവര്‍ പറയുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിഘടകങ്ങളില്‍ അവര്‍ ചര്‍ച്ചയാക്കും.

വിഷയത്തില്‍ ആദ്യഘട്ടത്തില്‍ സംസ്ഥാന നേതൃത്വം വ്യക്തമായ നിലപാടു പറഞ്ഞിരുന്നില്ല. പാലക്കാട്ടെ കുടിവെള്ള പ്രശ്നവും ഭൂഗര്‍ഭജല ശോഷണവും ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റി ശക്തമായ ഇടപെടല്‍ നടത്തിയതോടെയാണു നിലപാട് കര്‍ശനമാക്കാന്‍ സിപിഐ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. സിപിഐ ജില്ലാ ഘടകവും കിസാന്‍ സഭയും പദ്ധതിയെ എതിര്‍ത്തു. കുഴല്‍ക്കിണര്‍ കുഴിക്കുന്നതും മഴവെള്ള സംഭരണി എന്നതും അപ്രായോഗികമാണെന്നും ജില്ലയില്‍ കൃഷിക്കും കുടിവെള്ളത്തിനും പോലും ജലം അപര്യാപ്തമാണെന്നും വാദമുയര്‍ത്തി. പ്ലാച്ചിമട പ്രക്ഷോഭവും ചര്‍ച്ചയാക്കി. ഇതെല്ലാം സിപിഐയുടെ സംസ്ഥാന നേതൃയോഗം പരിഗണിച്ചു. എല്ലാം ചര്‍ച്ച ചെയ്ത ശേഷമാണു സംസ്ഥാന എക്സിക്യൂട്ടീവ് ബ്രൂവറി എലപ്പുള്ളിയില്‍ വേണ്ട എന്നു തീരുമാനിച്ചത്.

സിപിഐയുടെ ഈ തീരുമാനം പക്ഷേ ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഭൂരിപക്ഷം ഘടകകക്ഷികളെയും ബോധ്യപ്പെടുത്താന്‍ ബിനോയ് വിശ്വത്തിനും സംഘത്തിനും കഴിഞ്ഞില്ല. ആര്‍ജെഡി ഒഴികെ ഒരു പാര്‍ട്ടിയും സിപിഐ നിലപാടിനെ അനുകൂലിച്ചില്ല. കൂടുതല്‍ ചര്‍ച്ച ചെയ്യാനായി വിഷയം മാറ്റി വയ്ക്കാന്‍ പോലും സിപിഎം തയ്യാറായില്ല. ഇതോടെ സിപിഐ വഴങ്ങി. അങ്ങനെ ആര്‍ജെഡി എതിര്‍പ്പും അപ്രസക്തരായി. ജനതാദള്‍ പോലും എലപ്പുള്ളിയിലെ എതിര്‍ത്തില്ലെന്നതാണ് വസ്തുത. പ്ലാച്ചിമട സമരം നയിച്ച മുന്നണിയാണ് എലപ്പുള്ളിയില്‍ ബ്രൂവറിയിലേക്ക് പോകുന്നതെന്നതാണ് വസ്തുത.

ഒരു കാരണവശാലും എലപ്പുള്ളിയില്‍ ബ്രൂവറി ആരംഭിക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവ വി.ഡി. സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ സി.പി.ഐയെ എ.കെ.ജി സെന്ററില്‍ വിളിച്ചു വരുത്തിയാണ് അപമാനിക്കാറുള്ളത്. എന്നാല്‍, ഇത്തവണ ബ്രൂവറി വിഷയത്തില്‍ എം.എന്‍ സ്മാരകത്തില്‍ പോയി സി.പി.ഐയെ അപമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും തീരുമാനമാണ് എല്‍.ഡി.എഫിലെ മറ്റു ഘടകകക്ഷികളുടെ മേല്‍ അടിച്ചേല്‍പിച്ചത്. പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താന്‍ നടക്കുന്ന എക്സൈസ് മന്ത്രി, ആദ്യം എല്‍.ഡി.എഫിലെ ഘടകകക്ഷികളെ ബോധ്യപ്പെടുത്തട്ടെയെന്നും സതീശന്‍ പറഞ്ഞു.

കമ്പനി പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ ദിവസേന 80 എം.എല്‍.ഡി വെള്ളം വേണ്ടിവരും. മഴവെള്ള സംഭരണി സ്ഥാപിച്ചാല്‍ ഒരു വര്‍ഷം പരമാവധി 40 ദശലക്ഷം ലിറ്റര്‍ മാത്രമേ ശേഖരിക്കാനാകൂ. അത് കമ്പനിയുടെ ഒരു ദിവസത്തെ ആവശ്യത്തിനുപോലും തികയില്ല. ജല അതോറിറ്റി വെള്ളം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് എക്സൈസ് മന്ത്രി പറഞ്ഞത്. എന്നാല്‍, കമ്പനിയുമായി അത്തരത്തില്‍ ഒരു ധാരണയുമുണ്ടാക്കിയിട്ടില്ലെന്നാണ് നിയമസഭയില്‍ ജലവിഭവ മന്ത്രി മറുപടി നല്‍കിയത്. തെറ്റായ വഴികളിലൂടെ കമ്പനി വന്നതുകൊണ്ടാണ് ജലത്തിന്റെ പ്രശ്നമുള്‍പ്പെടെ അവഗണിച്ച് മദ്യനിര്‍മാണശാലക്ക അനുമതി നല്‍കിയതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.