തിരുവനന്തപുരം: പാര്‍ട്ടിയുമായി ഭിന്നത തുടരുന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ പുകഴ്ത്തി വീണ്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജി സുധാകരന്‍ തികഞ്ഞ കമ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണെന്നായിരുന്നു വിഡി സതീശന്‍ പറഞ്ഞത്. ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ്. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലൊരാളെ കണ്ടിട്ടില്ല. ജി സുധാകരന് അവാര്‍ഡ് നല്‍കുക എന്നുപറഞ്ഞാല്‍ അത് എനിക്കുകൂടിയുള്ള ആദരവായി കണക്കാക്കുന്നു എന്നാണ് സതീശന്‍ പറഞ്ഞത്. ഇതിന് പിന്നാലെ വി ഡി സതീശന്‍ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവെന്നാണ് ജി സുധാകരന്‍ പ്രതികരിച്ചത്.

ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാര ദാനവേദിയിലായിരുന്നു പരസ്പരം പുകഴ്ത്തല്‍. പാര്‍ട്ടി മെമ്പര്‍മാരാണ് സിപിഎമ്മിന്റെ സൈന്യമെന്നും ജി സുധാകരന്‍ പറഞ്ഞു. അല്ലാതെ സൈബര്‍ സേന അല്ല. കമന്റ് ബോക്‌സ് അടച്ചുവച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ. ബിജെപി വളര്‍ച്ചയെ ആശ്രയിച്ചിരിക്കും കേരളത്തില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യം. എനിക്ക് വേറെ പാര്‍ട്ടിയില്‍ പോകണമെങ്കില്‍ അന്തസായി പറഞ്ഞിട്ടുപോകും. കുറച്ചുനാളായി പാര്‍ട്ടിയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല ജി സുധാകരന്‍. നേരത്തേ വിഡി സതീശനെ പ്രസംശിച്ച് സംസാരിച്ചതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ ജി സുധാകരന്‍ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.

അതിനിടെ, ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലൊരു പൊതുമരാമത്ത് മന്ത്രിയെ കണ്ടിട്ടില്ല എന്ന വിഡി സതീശന്റെ പ്രസ്താവനയ്ക്കെതിരെ യുഡിഎഫിലെ ചില കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളാണ് പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പാരാലാരിവട്ടം പാലം പൊളിച്ചുമാറ്റേണ്ടിവന്നതില്‍ ഏറ്റവുമധികം ആരോപണവിധേയനായത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയും ലീഗ് നേതാവുമായിരുന്ന വികെ ഇബ്രാഹിം കുഞ്ഞായിരുന്നു.