- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്നം ജയന്തി കഴിഞ്ഞപ്പോൾ എല്ലാം തീർന്നെന്ന് കരുതിയവരെ തേടി എത്തിയത് മാരമൺ; മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി അതിവേഗം മടങ്ങിയ ചെന്നിത്തല; 'ഡൽഹി നായരെ' പുകഴ്ത്തിയപ്പോൾ മണിച്ചേട്ടനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാത്ത തിരുവഞ്ചൂരും കൊടിക്കുന്നിലും ശിവകുമാറും; പെരുന്നയിലെ വ്യത്യസ്തമാം കോൺഗ്രസ് കാഴ്ചകൾ
ചങ്ങനാശ്ശേരി: പെരുന്നയിൽ മന്നം ജയന്തിക്ക് എത്തിയത് നിരവധി രാഷ്ട്രീയ പ്രമുഖരായിരുന്നു. പക്ഷേ താരമായത് ശശി തരൂരും. എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരായിരുന്നു പ്രധാന സംഘാടകൻ. അടുപ്പമുള്ളവർക്ക് മണിച്ചേട്ടനാണ് സുകുമാരൻ നായർ. മണിച്ചേട്ടന്റെ സ്നേഹം ആവോളം അറിഞ്ഞ നിരവധി നേതാക്കളുണ്ട്. അവർക്കെല്ലാം മന്നം ജയന്തരി ഒഴിവാക്കാനാകുമായിരുന്നില്ല. അങ്ങനെ വന്നവരും എൻ എസ് എസിനെ പിണക്കാൻ താൽപ്പര്യമില്ലാത്തവരും അഭ്യൂദേകാംഷികളും പെരുന്നയിലേക്ക് പതിവ് പോലെ ജനുവരി രണ്ടി ഇത്തവണയും എത്തി.
പെരുന്നയിലെ സംഭവം കഴിഞ്ഞതോടെ കോൺഗ്രസിലെ തരൂർ വിരുദ്ധർ എല്ലാം കഴിഞ്ഞെന്ന ആശ്വാസത്തിലായി. അപ്പോഴേക്കും മാരമൺ കൺവൻഷനിലേക്ക് തരൂരിനെ ക്ഷണിച്ച വാർത്തയെത്തി. ഇതോടെ വീണ്ടും കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർ അസ്വസ്ഥരായി എന്നതാണ് വസ്തുത. പെരുന്നയിൽ നിരവധി പ്രമുഖ രാഷ്ട്രീയക്കാരെത്തി. വലതിനൊപ്പം നിൽക്കുന്നവരും ഇടതിനൊപ്പം നിൽക്കുന്നവരും. അതിൽ ബഹുഭൂരിഭാഗവും തരൂരിനെ അനുകൂലിക്കുന്നവരാണ്. എന്നാൽ എത്തിയ പല കോൺഗ്രസ് നേതാക്കളും തരൂർ വിരുദ്ധരായിരുന്നു. എംകെ രാഘവൻ എന്ന കോഴിക്കോടിന്റെ എംപിയായ കോൺഗ്രസ് നേതാവൊഴികെ എത്തിയ കോൺഗ്രസ് നേതാക്കൾക്കൊക്കെ വേദന നൽകുന്നതായി പെരുന്ന കാഴ്ചകൾ. മുൻ പ്രതിപക്ഷ നേതാവും സുകുമാരൻ നായർ താക്കോൽ സ്ഥാനം വാങ്ങി നൽകിയിട്ടുള്ളതുമായ രമേശ് ചെന്നിത്തല ഇതൊന്നും കാണാൻ ആഗ്രഹിക്കാത്തതു കൊണ്ട് നേരത്തെ വന്നു മടങ്ങി.
പെരുന്നയിൽ താരമായി തരൂർ എത്തും മുമ്പ് തന്നെ മന്നം സമാധിയിൽ പുഷ്പാർച്ച നടത്തി ചെന്നിത്തല മടങ്ങി. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ഭാഗമായ എംപി കൊടിക്കുന്നിൽ സുരേഷ് പെരുന്നയിലുണ്ടായിരുന്നു. തരൂരിനെ എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ മുന്നിൽ നിന്ന കൊടിക്കുന്നിൽ തരൂരിന്റെ പ്രസംഗം നന്നായി കേട്ടു. തിരുവനന്തപുരത്ത് തരൂരിനെതിരെ നിന്ന വി എസ് ശിവകുമാറും വേദിയിലുണ്ടായിരുന്നു. തരൂരിനെ അച്ചടക്കം പഠിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണനും പെരുന്നയിൽ നിന്ന് മാറി നിൽക്കാനായില്ല. മനസ്സ് കൊണ്ട് തരൂരിന് പിന്തുണ പ്രഖ്യാപിച്ച കെ മുരളീധരനും വേദിയിൽ ഇരുന്ന് പ്രസംഗം കേട്ടു. വർക്കല കഹാറും പെരുന്നയിൽ സൗഹൃദം പുതുക്കാനെത്തി.
ആർ എസ് പി നേതാവ് എൻകെ പ്രേമചന്ദ്രൻ. മന്തി റോഷി അഗസ്റ്റിൻ. ജോസ് കെ മാണി, കെബി ഗണേശ് കുമാർ അടക്കം നിരവധി രാഷ്ട്രീയക്കാരും തരൂരിന്റെ ഉദ്ഘാടനത്തിന് സാക്ഷിയായി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പെരുന്നയിൽ എത്തി. ബിജെപി നേതാവ് വിവി രാജേഷ് അടക്കമുള്ള നേതാക്കളുമായി പെരുന്നയിലെത്തിയ സുരേന്ദ്രൻ, സുകുമാരൻ നായരുമായി ആശയ വിനിമയം നടത്തി മടങ്ങുകയും ചെയ്തു. കോട്ടയത്തെ പ്രധാന നേതാക്കളെല്ലാം എത്തിയിരുന്നു പെരുന്നയിൽ. പക്ഷേ എല്ലാ ശ്രദ്ധയും തരൂരിലേക്ക് മാറുകയും ചെയ്തു. പെരുന്നയ്ക്ക് പിന്നാലെ മാരാമണിലും തരൂർ താരമാകുമെന്നാണ് സൂചനകൾ. ഇത് കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കളെ അലോസരപ്പെടുത്തുന്നുണ്ട്.
തരൂരിനെ മാത്രമാണ് ഇത്തവണ പെരുന്നയിലേക്ക് എൻ എസ് എസ് ക്ഷണിച്ച രാഷ്ട്രീയക്കാരൻ. കെബി ഗണേശ് കുമാർ എൻ എസ് എസ് നേതൃത്വത്തിന്റെ ഭാഗമാണ്. ബാക്കിയുള്ള നേതാക്കളെല്ലാം പെരുന്നയോടുള്ള ആദരവിന്റെ ഭാഗമായി എത്തിയവരും. അങ്ങനെ എത്തുന്ന പല സ്ഥിരം മുഖങ്ങളും തൂരൂർ ഇഫക്ടിൽ വിട്ടു നിന്നു. ഒഴിവാക്കാൻ പറ്റാത്തവർ മാത്രമാണ് പെരുന്നയിലേക്ക് എത്തിയതെന്നതാണ് വസ്തുത. ഇവരെ സാക്ഷിയാക്കിയാണ് മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനവേദിയിൽ ഒളിയമ്പുമായി ശശി തരൂർ നിറഞ്ഞത്.. ഒരു നായർക്ക് മറ്റൊരു നായരെ അംഗീകരിക്കാൻ പറ്റില്ലെന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം എൺപതോ നൂറോ വർഷം മുമ്പാണ് അത് പറഞ്ഞത്. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോഴും താൻ മനസിലാക്കുന്ന കാര്യമാണ് അതെന്ന് തരൂർ പറഞ്ഞു.
എൻ.എസ്.എസ് പൊതുപരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട ഏക രാഷ്ട്രീയ നേതാവാണ് ശശി തരൂർ. അദ്ദേഹത്തിന്റെ പരാമർശം കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി സതീശനും അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് എതിരെയുള്ള ഒളിയമ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ, ചടങ്ങിൽ സംസാരിക്കവെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തരൂരിനെ പുകഴ്‌ത്തുകയും ചെയ്തു. തരൂരിനെ ഡൽഹി നായരെന്ന് വിളിച്ചയാളാണ് താൻ. അത് തിരുത്താൻ വേണ്ടിയാണ് തരൂരിനെ ചടങ്ങിലേക്ക് ക്ഷിച്ചത്- അദ്ദേഹം പറഞ്ഞു. ശശി തരൂർ കേരളപുത്രനും വിശ്വപൗരനുമാണ്. ഈ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ തരൂരിനോളം അർഹനായ മറ്റൊരാളില്ലെന്നും ജി. സുകുമാരൻ നായർ പ്രശംസിച്ചു. സാധാരണ പെരുന്നയിൽ സുകുമാരൻ നായർ പറയുന്നതിനെല്ലാം കൈയടിക്കുന്നവരാണ് കോൺഗ്രസ് നേതാക്കൾ. പക്ഷേ ഇത്തവണ കൈയടിയൊന്നും ഉണ്ടായില്ല. അഖില കേരള നായർ പ്രതിനിധി സമ്മേളനത്തോടെയാണ് മന്നം ജയന്തി ആഘോഷങ്ങൾ ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
ശശി തരൂർ എംപിയെ പണ്ട് 'ഡൽഹി നായർ' എന്ന് വിളിച്ചത് തെറ്റായിപ്പോയെന്നും പരാമർശം തിരുത്തുന്നതിന് വേണ്ടിയാണ് തരൂരിനെ മന്നം ജയന്തി ആഘോഷത്തിനായി പെരുന്നയിലേക്ക് ക്ഷണിച്ചതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. തരൂർ ഡൽഹി നായരല്ല കേരള പുത്രനാണെന്നും വിശ്വ പൗരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 146ാമത് മന്നം ജയന്തി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത തരൂരിനോട് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നുവെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
ഒരുപാട് മഹത് വ്യക്തികൾ സംസാരിച്ച വേദിയിൽ സംസാരിച്ച വേദിയിൽ സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശശി തരൂർ പ്രതികരിച്ചു. മന്നം ജീവിതത്തിൽ ചെയ്തത് ഇപ്പോളും സ്വാധീനിക്കുന്ന കാര്യങ്ങളാണ്. നായർ സമുദായം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. ഒരു കാലത്ത് നായർ കുടുംബങ്ങൾ ദാരിദ്ര്യത്തിൽ ആയിരുന്നപ്പോൾ സ്‌കൂൾ ഫീസ് അടക്കാൻ പൈസ ഇല്ലാതെ രണ്ട് വർഷം മന്നത്തു പത്മനാഭന് വീട്ടിൽ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്ന് തരൂർ പറഞ്ഞു.
മാനവ സേവ മാധവ സേവ എന്നതായിരുന്നു മന്നത്തിന്റെ മുദ്രാവാക്യം. അയിത്തത്തിനെതിരെ പോരാടിയ നേതാവായിരുന്ന അദ്ദേഹം കുടുംബ ക്ഷേത്രം എല്ലാവർക്കുമായി തുറന്നു കൊടുത്തുവെന്നും തരൂർ അനുസ്മരിച്ചു. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ടെന്ന് ശശി തരൂർ. അദ്ദേഹം അത് പറഞ്ഞത് 80 വർഷം മുൻപാണ്. എന്നാൽ ഇപ്പോഴും രാഷ്ട്രീയത്തിൽ അത് ഞാൻ അനുഭവിക്കുന്നുവെന്നും തരൂർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ