കോട്ടയം: എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം യാഥാര്‍ഥ്യമാക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇരുസംഘടനകളുടെയും ഐക്യത്തില്‍ ആശങ്ക രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ്. ഐക്യമെന്നത് ഉറപ്പാണെന്നും എസ്എന്‍ഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍എസ്എസുമായുള്ള ഐക്യത്തിന് എസ്എന്‍ഡിപി യോഗം കൗണ്‍സിലില്‍ അംഗീകാരം നല്‍കിയെന്ന് വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു ജി. സുകുമാരന്‍ നായരുടെ പ്രതികരണം.

എസ്എന്‍ഡിപിയും എന്‍എസ്എസും തമ്മിലുള്ള ഐക്യം ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് കോട്ടംവരാത്ത രീതിയില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും യോജിച്ചുപോകുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

''അവര്‍ വരട്ടെ, അവര്‍ വരുമ്പോള്‍ കാര്യങ്ങള്‍ സംസാരിച്ച് എങ്ങനെ വേണമെന്ന് തീരുമാനിക്കും. അവരുമായുള്ള ചര്‍ച്ച കഴിഞ്ഞിട്ട് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചുകൂട്ടി ഈ കാര്യങ്ങളെല്ലാം അവിടെ വിശദീകരിക്കും. അവിടെ തീരുമാനമെടുത്തിട്ട് പറയും. ഐക്യമെന്നത് ഉറപ്പാണ്. ഐക്യം എന്ന ആശയത്തോട് യോജിക്കുന്നത് വ്യക്തിപരമായാണ്. അത് എന്‍എസ്എസിന്റെ ആധികാരികമായ യോഗത്തില്‍ അവതരിപ്പിച്ച് അത് അംഗീകരിച്ച് എടുപ്പിക്കുക എന്നത് എന്റെ ഔദ്യോഗിക ചുമതലയാണ്. അത് ചെയ്യും. സംവരണവിഷയത്തില്‍ കുറച്ച് അനൈക്യം ഉണ്ടായി. അതിനുശേഷം രണ്ടുസംഘടനകളും യാതൊരു അഭിപ്രായവ്യത്യാസവുമില്ലാതെ പോവുകയാണ്. ഇപ്പോള്‍ അത് ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമായതുകൊണ്ട് എന്‍എസ്എസും എസ്എന്‍ഡിപിയും അത് അംഗീകരിക്കുന്നു. എന്‍എസ്എസും എസ്എന്‍ഡിപിയും ഹിന്ദുസമുദായത്തിലെ പ്രബലസമുദായങ്ങളാണ്. അവര്‍ യോജിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് വെള്ളാപ്പള്ളി ഉന്നയിക്കുന്നു. നമ്മള്‍ അത് സ്വാഗതംചെയ്യുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഐക്യം തുടരും'', സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

ഐക്യത്തിനെതിരേ സംസാരിക്കുന്നവരെ പുച്ഛിച്ച് തള്ളുന്നതായും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. 'വൈകീട്ടാകുമ്പോള്‍ കുറേ യോഗ്യന്മാര്‍ തോന്നിയതൊക്കെ വിളിച്ചുപറയുന്നുണ്ട്. അതിന് മറുപടിയില്ല. അതെല്ലാം പുച്ഛിച്ച് തള്ളുന്നു. ഇത് വര്‍ഗീയതയൊന്നുമല്ല. ഇത് തിരഞ്ഞെടുപ്പിന്റെ പ്രശ്നമാണ്. ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പൊന്നും പ്രശ്നമല്ല. ഞങ്ങള്‍ക്ക് സമദൂരമാണ്. ഞങ്ങളുടെ ആളുകള്‍ ഇഷ്ടമുള്ളവര്‍ക്ക് വോട്ട്ചെയ്യും'', അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ജി. സുകുമാരന്‍ നായര്‍ വീണ്ടും വിമര്‍ശിച്ചു. വി.ഡി. സതീശന്‍ വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും വെറുതെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പെരുപ്പിക്കുന്നതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 'സതീശനെ വലുതാക്കി ഉയര്‍ത്തിക്കാണിക്കേണ്ട കാര്യം എന്താണ്? കെപിസിസി പ്രസിഡന്റിനെ അല്ലേ ഉയര്‍ത്തിക്കാണിക്കേണ്ടത്. ആരാ വര്‍ഗീയതയ്ക്ക് പോകുന്നത്? ഞങ്ങളാരും പോയിട്ടില്ല. പക്ഷേ, അവരെല്ലാം സൗകര്യം പോലെ രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി വര്‍ഗീയത കാണിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് അനുനയനീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. കൊടിക്കുന്നില്‍ വന്ന് തിരിച്ചുപോയി എന്നത് ചാനലില്‍ നിന്ന് കേട്ടതാണ്. ഇങ്ങനെ നടന്നെന്ന് അദ്ദേഹം പിന്നീട് എന്നെ വിളിച്ചു പറഞ്ഞു. സതീശന് ഇവിടെ വലിയ ഉമ്മാക്കി ഒന്നും അല്ലേന്നെ, വെറുതെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പെരുപ്പിക്കുന്നതല്ലേ'', സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ഡിപി യോഗം: ലീഗിനെതിരെ രൂക്ഷ പ്രമേയം, എന്‍എസ്എസ് ഐക്യനീക്കത്തിന് പച്ചക്കൊടി

അതേസമയം, എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യനീക്കത്തിന് എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ അംഗീകാരം നല്‍കിയ വിവരം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളെ അറിയിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇരു സംഘടനകളും തമ്മിലുള്ള ഐക്യനീക്കത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. തുടര്‍ചര്‍ച്ചകള്‍ക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

അതിനിടെ, മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എസ്എന്‍ഡിപി യോഗം നേതൃയോഗം പ്രമേയം പാസാക്കി. ലീഗ് ഭരണഘടനാ ലംഘനം നടത്തുകയാണെന്നും മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ലെന്നും പ്രമേയത്തില്‍ പറയുന്നു. മുസ്ലിം ലീഗിനെതിരെ ശക്തമായ വിമര്‍ശനങ്ങളടങ്ങിയ പ്രമേയമാണ് ആലപ്പുഴയില്‍ ചേര്‍ന്ന എസ്എന്‍ഡിപി നേതൃയോഗം പാസാക്കിയത്. മതത്തിന്റെ പേരില്‍ ലീഗ് സ്വയം ആനുകൂല്യങ്ങള്‍ എഴുതിയെടുക്കുകയാണെന്നും, തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ലീഗിന്റെ മതേതരത്വമെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

മതത്തിനുവേണ്ടി മാത്രം ഭരണം നടത്തുന്ന ലീഗ് ഭരണഘടനാ ലംഘനം നടത്തുകയാണെന്നും മതേതര കപടനാടകങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. സാമൂഹിക നീതിക്കുവേണ്ടിയുള്ള വെള്ളാപ്പള്ളി നടേശന്റെ പോരാട്ടത്തിന് യോഗം പിന്തുണ പ്രഖ്യാപിച്ചു. 'നായാടി മുതല്‍ നസ്രാണി വരെ' ഒരുമിച്ച് നില്‍ക്കുന്നത് അനിവാര്യമാണെന്നും മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മതേതരത്വം ഉറപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കപട മതേതര വാദികളായ നേതാക്കള്‍ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുകയാണെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ മതത്തെ ആയുധമാക്കി സംഘടിത ശക്തിയായി മാറുന്നുവെന്നും യോഗം വിലയിരുത്തി. ലീഗ് ഒഴികെയുള്ള മുസ്ലിം സംഘടനകളുമായും ചര്‍ച്ച നടത്തുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്ന് ചോദിച്ച്, സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.