- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി എഴുതി നല്‍കിയിട്ട് എന്തുണ്ടായി? ഇ പി ജയരാജനെതിരെ വൈദേകം റിസോര്‍ട്ട് വിഷയം വീണ്ടും ഉന്നയിച്ച് പി.ജയരാജന്‍; അനധികൃത സ്വത്ത് സമ്പാദനത്തില്‍ നടപടി വേണമെന്ന് ആവശ്യം; പാര്‍ട്ടിയുടെ പരിഗണനയിലെന്ന് എം വി ഗോവിന്ദന്റെ മറുപടിയും; 'ക്യാപ്ടന്‍' കൈവിട്ട ജയരാജന്‍മാര്‍ തമ്മില്‍ പോരില്‍; ആരു വീഴുമെന്ന നോക്കാമെന്ന നിലപാടില്‍ മറ്റു നേതാക്കളും
പരാതി എഴുതി നല്‍കിയിട്ട് എന്തുണ്ടായി?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ്ബുക്കില്‍ നിന്നു പുറത്തുപോയവരാണ് ഇ പി ജയരാജനും പി ജയരാജനും. ഒരുകാലത്ത് കണ്ണൂര്‍ സിപിഎമ്മിലെ കരുത്തരായിരുന്ന ഇരുവര്‍ക്കും ഇപ്പോള്‍ കരുത്തു ചോര്‍ന്ന അവസ്ഥയിലാണ്. ക്യാപ്ടന്‍ കൈവിട്ടതോടെ ഒതുങ്ങിക്കൂടിയിരുന്ന ഇരുവരും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കുറച്ചുകാലമായി ഇ പി ജയരാജനെതിരെ പാര്‍ട്ടിക്കുള്ളില്‍ ആരോപണം ഉയര്‍ത്തിയ പി ജയരാജന്‍ വീണ്ടും പാര്‍ട്ടിക്കുള്ളില്‍ നിലപാടുകളുമായി രംഗത്തുവന്നു.
വൈദേകം റിസോര്‍ട്ട് വിവാദത്തിലാണ് ഇ പി ജയരാജനെതിരെ പി ജെ രംഗത്തുവന്നത്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളില്‍ നടപടി വേണമെന്ന് കഴിഞ്ഞ സിപിഐഎം സംസ്ഥാന സമിതിയിലും പി ജയരാജന്‍ ആവശ്യപ്പെട്ടു. താന്‍ നേരത്തെ ഉന്നയിച്ച വിഷയത്തില്‍ എന്ത് നടപടി എടുത്തെന്നും പി ജയരാജന്‍ ചോദിച്ചു. വിഷയം പാര്‍ട്ടിയുടെ പരിഗണനയിലാണെന്നും പല കാരണങ്ങളാല്‍ ചര്‍ച്ച നീണ്ടുപോയതാണെന്നുമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയ മറുപടി.
പി ജയരാജന്‍ പാര്‍ട്ടിയില്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വൈദേകം റിസോര്‍ട്ടിലെ ഇ പി ജയരാജന്റെ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം വിവാദത്തിലായത്. ഇ പി ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വേദകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പ് കേസെടുത്തിരുന്നു. ഫെമ ചട്ടപ്രകാരമായിരുന്നു കേസ്.
റിസോര്‍ട്ടിന്റെ മറവില്‍ അനധികൃത പണമിടപാട് നടന്നുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം. റിസോര്‍ട്ടില്‍ ഇ പി ജയരാജന്റെ ഭാര്യ ഇന്ദിര 80 ലക്ഷവും മകന്‍ ജയ്സണ്‍ 10 ലക്ഷവും നിക്ഷേപിച്ചതായാണ് ഇ ഡിക്ക് നല്‍കിയ പരാതിയിലുണ്ടായിരുന്നത്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫ് എന്നയാള്‍ നിക്ഷേപിച്ച മൂന്നു കോടി രൂപ കള്ളപ്പണമാണെന്നും പരാതിയിലുണ്ടായിരുന്നു. രാഷ്ട്രീയ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ദിരയുടെ ഓഹരികള്‍ വിറ്റൊഴിയാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെ വൈദേകം റിസോര്‍ട്ടിന്റെ പൂര്‍ണ്ണ നടത്തിപ്പ് ചുമതല രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥയിലുള്ള നിരാമയ റിട്രീറ്റ്‌സിന് കൈമാറിയിരുന്നു.
2022 ലായിരുന്നു വൈദേകം ആയുവര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇ.പി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ പി. ജയരാജന്‍ ഉന്നയിച്ചത്. ഇ.പി.ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം റിപ്പോര്‍ട്ട് ചെയ്ത കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് റിസോര്‍ട്ട് വിവാദം പി.ജയരാജന്‍ ഉന്നയിച്ചത്. ഇ.പി ഈ യോഗത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്കു മടങ്ങിയിരുന്നു.
നേരത്തേ പി.ജയരാജന്‍ പാര്‍ട്ടിനേതൃത്വത്തിന് പരാതി എഴുതി നല്‍കിയതിനുശേഷം ഈ റിസോര്‍ട്ടില്‍ ഇ.ഡി പരിശോധന നടത്തുകയും തുടര്‍ന്ന് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ ഗ്രൂപ്പ് ഈ റിസോര്‍ട്ടിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി ഈ വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ക്ക് മുതിര്‍ന്നിരുന്നില്ല. അതിനാലാണ് പി.ജയരാജന്‍ വീണ്ടും വിഷയം സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ചത്.
നേരത്തെ ജ്യോത്സ്യനെ സന്ദര്‍ശിച്ചതിന് ആരോപണവിധേയനായ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും പി ജയരാജന്‍ ആരോപണവുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ പി.ജയരാജനാണ് ഈ വിഷയത്തില്‍ അതിശക്തമായ വിമര്‍ശനം ഉന്നയിച്ചത്. എം.വി ഗോവിന്ദനുമായി അടുത്ത ബന്ധമുണ്ടായിരുന്ന പി.ജയരാജന്റെ രൂക്ഷവിമര്‍ശനം വെളിവാക്കുന്നത് പാര്‍ട്ടിക്കുള്ളിലെ പുതിയ ചേരിതിരിവുകള്‍.
എം.വി ഗോവിന്ദന്‍ അടുത്തിടെ പയ്യന്നൂരിലെ പ്രശസ്ത ജ്യോത്സ്യനായ മാധവ പൊതുവാളിനെ സന്ദര്‍ശിച്ചതാണ് ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണം. ഇതുസംബന്ധിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായി. അതിനിടയില്‍ കൂടിയ കഴിഞ്ഞ സംസ്ഥാന സമിതിയില്‍ പി.ജയരാജന്‍ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിടുകയായിരുന്നു.
പാര്‍ട്ടിയിലെ ചില നേതാക്കള്‍ ജ്യോത്സ്യന്‍മാരെ സന്ദര്‍ശിക്കുന്നത് പതിവാക്കുകയാണ്. ഇത് പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുദ്ധമാണ്. എന്ത് രാഷ്ട്രീയബോധത്തിന്റെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ ജ്യോത്സ്യന്‍മാരെ കാണാന്‍ പോകുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി അണികള്‍ക്കും സമൂഹത്തിനും നല്‍കുന്ന സന്ദേശമെന്താണെന്നും പി. ജയരാജന്‍ ചോദിച്ചിരുന്നു. ഇപ്പോഴത്തെ വിഷയത്തില്‍ വീണ്ടും ജയരാജന്‍മാര്‍ രണ്ട് ചേരിയില്‍ നില്‍ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന ആകാംക്ഷയിലാണ് പാര്‍ട്ടി അണികളും നേതാക്കളും. പിണറായിയുടെ പിന്തുണ നഷ്ടപ്പെട്ട നേതാക്കള്‍ തമ്മിലുള്ള പോരില്‍ ആര് വിജയിക്കുമെന്നാണ് അറിയേണ്ടത്.