കണ്ണൂര്‍: സിപിഎം രാഷ്ട്രീയത്തില്‍ പിണറായി വിജയന് മറുവാക്ക് പറയാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ആരെങ്കിലും ഇടയ്‌ക്കൊന്ന് അഭിപ്രായം പറഞ്ഞാല്‍ അവര്‍ക്ക് പിന്നീട് പാര്‍ട്ടിയില്‍ ഗതിയില്ലാത്ത അവസ്ഥയാകും. കൂത്തു പറമ്പ് രക്തസാക്ഷികളെ മറന്ന് റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിക്കാന്‍ മുഖ്യമന്ത്രി തീരുമാനം എടുത്തപ്പോള്‍ അതിനെ അനുകൂലിച്ചു കൊണ്ടാണ് മുതിര്‍ന്ന സിപിഎം നേതാക്കളെല്ലാം രംഗത്തുവന്നത്. ഇക്കൂട്ടത്തില്‍ വിഭിന്നമായ സ്വരം ഉയര്‍ത്തിയത് പി ജയരാജനായിരുന്നു. എന്നാല്‍, കളം ശരിയല്ലെന്ന് മനസ്സിലാക്കി പി ജയരാജനും ഈ വിഷയത്തില്‍ നിന്നും പിന്‍വലിയുകയാണ് ചെയ്യുന്നത്. മാധ്യമങ്ങളെ കുറ്റപ്പെടുത്തിയാണ് പി ജയരാജന്റെ യു ടേണ്‍.

റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതില്‍ തന്റെ പ്രതികരണം മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ പ്രതികരിച്ചത്. ഡിജിപി നിയമനത്തില്‍ മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചാണ് താന്‍ പറഞ്ഞതെന്നും എന്നാല്‍, ചില മാധ്യമങ്ങള്‍ പ്രത്യേക താത്പര്യപ്രകാരം അത് വളച്ചൊടിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാലക്കാട് മാധ്യമസുഹൃത്തുക്കള്‍ എന്നെ വന്ന് കണ്ടപ്പോഴാണ് പുതിയ ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിശ്ചയിച്ചകാര്യം അറിഞ്ഞത്. ഞാന്‍ വാര്‍ത്താസമ്മേളനമൊന്നും വിളിച്ചിട്ടില്ല. എന്റെ പ്രതികരണം ഇന്ന് ഫെയ്സ്ബുക്കില്‍ ഇടുന്നുണ്ട്. അത് കേട്ടാല്‍ ആര്‍ക്കും വേറെ സംശയമുണ്ടാകില്ല. മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചാണ് പറഞ്ഞിട്ടുള്ളത്. ചില മാധ്യമങ്ങള്‍ അനുകൂലിച്ചെന്ന് പറഞ്ഞ് കൊടുത്തു. എന്നാല്‍, ചിലര്‍ ജയരാജന്‍ കൂത്തുപറമ്പ് വെടിവെപ്പ് ചര്‍ച്ചയാക്കി എന്ന് വാര്‍ത്തകൊടുത്തു. അവരുടെ താത്പര്യം തനിക്ക് അപ്പോഴേ മനസിലായെന്നും ജയരാജന്‍ പറഞ്ഞു.

സിപിഎമ്മിനെ താറടിച്ചുകാണിക്കുന്നതിന്റെ ഭാഗമായാണ് ഈ ദുര്‍വ്യാഖ്യാനം. മാധ്യമസിന്‍ഡിക്കേറ്റിന്റെ ഭാഗമാണിത്. സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടത് സ്വഭാവികമായും സര്‍ക്കാരാണ്. പാര്‍ട്ടി അല്ലല്ലോ സര്‍ക്കാരിനോട് നിര്‍ദേശിക്കേണ്ടത്. കേന്ദ്രം നല്‍കിയ മൂന്നുപേരുകളില്‍ ഒരാളെ സംസ്ഥാനം മെറിറ്റ് അടിസ്ഥാനത്തില്‍ നിയമിച്ചു. അതിനെതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഫെയ്സ്ബുക്ക് നോക്കിയാല്‍ അത് മനസിലാകും. വലതുപക്ഷ മാധ്യമങ്ങള്‍ ഓരോ കാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചിട്ടുണ്ടെന്നും ജയരാജന്‍ ആരോപിച്ചു.

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചത് മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും സര്‍ക്കാര്‍ തീരുമാനത്തിന്റെ മെറിറ്റ് പരിശോധിക്കാന്‍ താന്‍ അധികാരത്തിന്റെ ഭാഗമല്ലെന്നുമാണ് കഴിഞ്ഞദിവസം പാലക്കാട്ടുവെച്ച് പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ''നയപരമായ കാര്യങ്ങളാണ് പാര്‍ട്ടി തീരുമാനിക്കുക. മറ്റുള്ളത് മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് തീരുമാനിക്കുക. ലഭിച്ച നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി സര്‍ക്കാരെടുത്ത തീരുമാനമാണ് ഇപ്പോഴത്തേത്. അത് വിശദീകരിക്കേണ്ടതും സര്‍ക്കാരാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

യോഗേഷ് ഗുപ്തയുടെ അയോഗ്യതയെന്തെന്ന് സര്‍ക്കാര്‍ വക്താക്കളോടുതന്നെ ചോദിക്കണം. റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റശേഷം എടുക്കുന്ന നടപടികളെക്കുറിച്ച് പറയാനുണ്ടെങ്കില്‍ അപ്പോള്‍ പറയാം. പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന നിധിന്‍ അഗര്‍വാള്‍ തലശ്ശേരി എഎസ്പിയായിരുന്ന കാലത്ത് ഇപ്പോഴത്തെ സിപിഎം കൂത്തുപറമ്പ് ഏരിയാസെക്രട്ടറി എം. സുകുമാരനെ ലോക്കപ്പില്‍ ഭീകരമായി തല്ലിച്ചതച്ച കേസില്‍ പ്രതിയായിരുന്നു. ഒരുകാലത്ത് ഇത്തരക്കാരെക്കുറിച്ച് തങ്ങള്‍തന്നെ ആക്ഷേപമുന്നയിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

കൂത്തുപറമ്പ് വിഷയത്തില്‍ സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വന്ന ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍, കാലങ്ങള്‍ക്ക് ശേഷം സിപിഎം സര്‍ക്കാരിന്റെ കാലത്തുതന്നെ പോലീസ് മേധാവി സ്ഥാനത്തേക്ക് വരുന്നു എന്നത് കൗതുകകരമായ കാര്യമാണ്. റവാഡയോട് സിപിഎമ്മിന് അനിഷ്ടമില്ല എന്ന ഒരു പ്രഖ്യാപനം കൂടിയായാണ് നിയമനം വിലയിരുത്തപ്പെടുന്നത്.

കൂത്തുപ്പറമ്പ് വെടിവെപ്പിലെ പ്രതിയായിരുന്നുവെന്ന് പി ജയരാജന്‍ പറഞ്ഞപ്പോള്‍ അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ എന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെയും ഇ.പി ജയരാജന്റെയും പ്രതികരണം. കൂത്തുപ്പറമ്പിലെ വെടിവെപ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വൈകാരികമായ വിഷയമാണ്. അതുകൊണ്ട് തന്നെ നിയമനം സംബന്ധിച്ച് സിപിഎമ്മിന്റെ സൈബര്‍ അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ടാകുന്നുണ്ട്.

കേരള ഡിജിപി സ്ഥാനത്തേക്ക് യുപിഎസ്സി നല്‍കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് മന്ത്രിസഭാ യോഗം റവാഡ ചന്ദ്രശേഖറെ നിയമിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഓഫീസറായിരുന്ന നിധിന്‍ അഗര്‍വാള്‍ സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരായിരുന്നു പരിഗണനാപട്ടികയിലെ മറ്റ് രണ്ട് പേര്‍.

മൂന്ന് പേരുടെയും സര്‍വീസ് ചരിത്രം മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ കൂത്തുപ്പറമ്പ് വെടിവെപ്പിന്റെ കാര്യം മാത്രം പറഞ്ഞില്ലെന്നും ശ്രദ്ധേയമായി. സ്വാശ്രയ കോളേജ് വിഷയത്തില്‍ നയംമാറ്റിയത് പോലെ സിപിഎമ്മിന്റെ മൊത്തത്തിലുള്ള നയംമാറ്റത്തിന്റെ ഭാഗമാണോ പുതിയ ഡിജിപി നിയമനമെന്ന ചോദ്യവും ഉയരുന്നുണ്ട്.

കൂത്തുപ്പറമ്പ് വെടിവെപ്പിന് കാരണക്കാരില്‍ ഒരാളായ എം.വി. രാഘവന്റെ പാര്‍ട്ടിയിലെ ഒരുവിഭാഗവും അദ്ദേഹത്തിന്റെ മകനും ഇടതുപക്ഷത്തിന്റെ ഭാഗമാകുന്ന കാലത്താണ് റവാഡയുടെ നിയമനവും വരുന്നത്.