പാലക്കാട്: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന പി കെ ശശി കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ശശിയെ പദവിയില്‍ നിന്ന് മാറ്റണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശശിയുടെ രാജി. എം വി ഗോവിന്ദനും കടുത്ത നിലപാട് ശശിക്കെതിരെ കൈക്കോണ്ടതോടെയാണ് പി കെ ശശി രാജിവെക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിനായി ശശി നാളെ മാധ്യമപ്രവര്‍ത്തകരെ കാണുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നീക്കമാണ് ശശിയുടേത് എന്നാണ് സൂചന.

പി കെ ശശി കോണ്‍ഗ്രസിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നിരുന്നു. കോണ്‍ഗ്രസ് സ്വതന്ത്രസ്ഥാനാര്‍ഥിയായി പാലക്കാട്ടിലെ ഏതെങ്കിലും നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊഴിഞ്ഞാമ്പാറയിലെ സി.പി.എം വിമതര്‍ക്കൊപ്പം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്രയില്‍ നിന്ന് പി.കെ വിട്ടുനിന്നിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ജാഥയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നായിരുന്നു ഇതുസംബന്ധിച്ച് ശശിയുടെ വിശദീകരണം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നവയുഗ യാത്ര പാലക്കാട് എത്തുമ്പോള്‍ ശശി 'വിസ്മയം' തീര്‍ക്കുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ല. ഇതിനിടെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശിയെ പുറത്താക്കാന്‍ സിപിഎമ്മും നീക്കം തുടങ്ങിയിരുന്നു. ഇതിനിടെയാണ് രാജി.

നേരത്തെ ശശിയെ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഉള്‍പ്പടെ തരംതാഴ്ത്തിയിരുന്നു. സി.പി.എം വിട്ട് പി.കെ ശശി വന്നാല്‍ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. പി.കെ ശശി മത്സരിച്ചാല്‍ ഒറ്റപ്പാലം സീറ്റില്‍ വിജയിക്കാമെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്ക് കൂട്ടല്‍.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ശശിയെ അനുകൂലിക്കുന്നവര്‍ എന്ന പേരില്‍ സിപിഎമ്മിലെ ഒരു വിഭാഗം യുഡിഎഫ് പിന്തുണയോടെയും അല്ലാതെയും മത്സരിച്ചതു പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പു ശശിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍, തനിക്കൊപ്പം നിന്നവര്‍ക്കെതിരായ നടപടികളും ഒഴിവാക്കണമെന്നാണ് ശശി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വത്തിനു താല്‍പര്യമില്ല. ഇതും രാജിയിലേക്ക് നയിച്ചു.