പാലക്കാട്: പി വി അന്‍വറിനെ മുന്‍നിര്‍ത്തിയുള്ള സ്വതന്ത്ര പരീക്ഷണം പാളി അന്‍വര്‍ സിപിഎമ്മിനെ വെല്ലുവിളിച്ചു നടക്കുമ്പോഴാണ് സിപിഎം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അടുത്ത സ്വതന്ത്ര പരീക്ഷണത്തിന് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു എന്നു പറഞ്ഞ പി സരിനെയാണ് സിപിഎം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ ഒരുങ്ങുന്നത്. അതേസമയം നിരന്തരം പാളിയ സ്വതന്ത്ര പരീക്ഷണങ്ങള്‍ ഇനിയും വേണോ എന്ന ചോദ്യം അണികള്‍ക്കിടയില്‍ ഉയര്‍ന്നു കഴിഞ്ഞു. ഇന്നലെ വരെ സിപിഎമ്മിനെയും സര്‍ക്കാറിനെയും വിമര്‍ശിച്ച സരിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ അണികളില്‍ എതിര്‍പ്പ് ശക്തമാണ്.

അതേസമയം മറ്റ് സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കഴിയാത്ത ഗതികേടാണ് സിപിഎമ്മിനെന്നും ഭരണവിരുദ്ധ വികാരം നിലനില്‍ക്കുമ്പോള്‍ മത്സരിക്കാതെ മറ്റ് നേതാക്കള്‍ ഒളിച്ചോടുന്നു എന്നുമാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. മത്സരിക്കാന്‍ തയ്യറാണെന്ന് സിപിഎം നേതാക്കളെ സരിന്‍ അറിയിച്ചു. ഇന്ന് വാര്‍ത്ത സമ്മേളനത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ തേടാനാണ് സരിന്റെ തീരുമാനം. സരിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. സരിന്‍ വരുന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. നിലവില്‍ എല്‍ഡിഎഫ് പാലക്കാട്ട് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഇ. ശ്രീധരന്‍ നേട്ടമുണ്ടാക്കിയത് ബിജെപി വോട്ടുകള്‍കൊണ്ട് മാത്രമല്ല. സവര്‍ണ വോട്ടുകള്‍ ശ്രീധരനെ സഹായിച്ചിട്ടുണ്ട്. സരിന്റെ സിവില്‍ സര്‍വീസ് പ്രൊഫൈല്‍ തെരഞ്ഞെടുപ്പില്‍ സഹായകരമാവുമെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നില്‍ക്കുന്ന കോണ്‍ഗ്രസുകാരുടെ വോട്ടുകളും സരിനിലൂടെ എല്‍ഡിഎഫിലെത്തിക്കാനാവുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഡോ പി സരിനെ തള്ളി കെപിസിസി നേതൃത്വവും രംഗത്തുണ്ട്. നടപടി എടുത്ത് സരിന് രക്തസാക്ഷി പരിവേഷം നല്‍കേണ്ടെന്നാണ് ധാരണ. സ്വന്തം നിലയില്‍ പുറത്തേക്ക് പോകാന്‍ തീരുമാനിച്ചയാള്‍ അങ്ങനെ തന്നെ പോകട്ടെയെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി. സരിന്റെ നീക്കം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും കെപിസിസി വിലയിരുത്തി.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയാകും സരിന്‍ മത്സരത്തിനിറങ്ങുക. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് സരിന്‍ കോണ്‍ഗ്രസുമായി ഇടഞ്ഞത്. വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അവഗണിച്ചെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചും പി സരിന്‍ രംഗത്തെത്തിയിരുന്നു.

പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍ചിന്തനം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്ന് സരിന്‍ പറഞ്ഞു. വെള്ളക്കടലാസില്‍ അച്ചടിച്ചു വന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പൂര്‍ണ്ണമാകില്ലെന്ന് പറഞ്ഞ സരിന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സരിനെ ഒപ്പം കൂട്ടാനുള്ള നീക്കങ്ങളുമായി സിപിഐഎം ഉള്‍പ്പടെ രംഗത്തെത്തിയത്.

അതേസമയം, ഡോ. പി. സരിനെ വിളിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഉടന്‍ തീരുമാനമെടുക്കണം എന്നവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സരിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറും പറഞ്ഞു. പി.വി. അന്‍വര്‍ എം.എല്‍.എ സരിനെ തിരുവില്വാമലയിലെ ബന്ധുവീട്ടിലെത്തി സന്ദര്‍ശിച്ചു. എന്നാല്‍, ഈ ഓഫറുകള്‍ തള്ളിയാണ് സരിന്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥായികാന്‍ ഒരുങ്ങുന്നത്.