മലപ്പുറം: എല്‍ഡിഎഫില്‍ നിന്നും രാജിവെച്ചിറങ്ങിയ പി വി അന്‍വര്‍ യുഡിഎഫുകാരെയും നിരന്തരം ചൊറിഞ്ഞ് രംഗത്തെത്തിയതോടെ നിലയില്ലാക്കയത്തിലാണ്. സിറ്റിംഗ് സീറ്റ് രാജിവെച്ച അന്‍വറിന് ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ എങ്ങനെയെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഒപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കോണ്‍ഗ്രസിന്റെ പട്ടികയില്‍ മലപ്പുറത്ത് സീറ്റ് ലഭിക്കാന്‍ സാധ്യത ഇല്ലാത്ത അവസ്ഥയില്‍ മുസ്ലിംലീഗിനെ സോപ്പിട്ടു സീറ്റൊപ്പിക്കാനുള്ള ശ്രമങ്ങളാണ് അന്‍വര്‍ നടത്തുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയത അടക്കം ഈ ലക്ഷ്യത്തോടെയാണ്.

സാമുദായിക ഫോര്‍മുലകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന കോണ്‍ഗ്രസ് അന്‍വറിനെ എങ്ങനെ യുഡിഎഫില്‍ ഉള്‍ക്കൊള്ളും എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. മലപ്പുറത്തെ സീറ്റുകളില്‍ ലീഗാണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ചുരുക്കം ചില സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. ഈ സീറ്റുകളിലേക്ക് തന്നെ സ്ഥാനാര്‍ഥികളാകാന്‍ വലിയ തള്ളിക്കയറ്റമുണ്ട്. ഈ സാഹചര്യത്തിലാണ് അന്‍വറും തൃണമൂലുമായി കയറിപ്പറ്റാന്‍ ശ്രമം നടത്തുന്നത്.

കക്ഷത്തിലുള്ള നിലമ്പൂര്‍ സീറ്റ് രാജിവെച്ച അന്‍വറിന് ഇപ്പോള്‍ മത്സരിക്കാന്‍ മറ്റു സീറ്റുകള്‍ തേടേണ്ട അവസ്ഥയിലാണ്. വി എസ് ജോയിക്ക് വേണ്ട് അന്‍വര്‍ വാദിച്ചത്, അടുത്ത തവണ ജോയിക്ക് പകരം സ്വയം മത്സരക്കാന്‍ കളമൊരുക്കാന്‍ വേണ്ടിയായിരുന്നു. ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയായതോടെ ആ നീക്കം പൊളിഞ്ഞു. തവനൂര്‍, വണ്ടൂര്‍, പൊന്നാനി എന്നീ സീറ്റുകളിലാണ് നിലമ്പൂര്‍ കൂടാതെ കോണ്‍ഗ്രസ് പതിവായി മത്സരിക്കുന്ന മണ്ഡലം. ഇതില്‍ വിജയസാധ്യത നിലമ്പൂരില്‍ മാത്രമാണ് താനും.

മലപ്പുറത്തെ സീറ്റ് നിര്‍ണയത്തില്‍ രണ്ട് സീറ്റില്‍ ഹിന്ദു സ്ഥാനാര്‍ഥികളും രണ്ട് സീറ്റില്‍ മുസ്ലിം സ്ഥാനാര്‍ഥികളും എന്നതാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്ന തത്വം. ഇതില്‍ തന്നെ കെ പി നൗഷാദലി തവനൂര്‍ സീറ്റില്‍ മത്സരിക്കാന്‍ തയ്യാറെടുത്തിരിക്കയാണ്. ഷൗക്കത്ത് നിലമ്പൂരും അനില്‍കുമാര്‍ വണ്ടൂരും സ്ഥാനാര്‍ഥിയാകും. പൊന്നാനി സിപിഎമ്മിന്റെ കോട്ടയാണ് താനും. ഇവിടെ മറ്റൊരു ഹിന്ദു സ്ഥാനാര്‍ഥിയെയാകും കോണ്‍ഗ്രസ് പരിഗണിക്കുക. ഇതോടെ അന്‍വര്‍ മുന്നണിയില്‍ വന്നാല്‍ സീറ്റ് കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

ഇതോടയാണ് തിരുവമ്പാടി സീറ്റില്‍ നോട്ടമിട്ട് അന്‍വര്‍ ലീഗുമായി സംസാരം തുടങ്ങിയിരിക്കുന്നത്. മലയോര മേഖലയായ ഇവിടെ ലീഗ് സ്ഥാനാര്‍ഥി തുടര്‍ച്ചയായി രണ്ട് തവണ തോറ്റു കഴിഞ്ഞു. ഈ സീറ്റ് തരപ്പെടുത്തി മത്സരിക്കാനാണ് അന്‍വറിന്റെ ശ്രമം. എന്നാല്‍, ഇക്കാര്യത്തില്‍ ലീഗിനുള്ളിലെ എതിര്‍പ്പുകള്‍ അന്‍വര്‍ നേരിടുന്നുണ്ട്. പി കെ കുഞ്ഞാലികുട്ടിയെ കണ്ട് നയതന്ത്രവഴി തേടുകയാണ് അദ്ദേഹം ചെയ്തത്. ഈ നയതന്ത്രവും പാളിയാന്‍ അന്‍വറിന് മുന്നില്‍ എന്തുവഴിയെന്ന ചോദ്യം ഉയരുന്നുണ്ട്.

നിലവിലെ സാഹചര്യം മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു എന്നാണ് അന്‍വര്‍ പ്രതികരിച്ചത്. കുഞ്ഞാലിക്കുട്ടിയുമായി നടന്നത് വ്യക്തിപരമായുള്ള കൂടിക്കാഴ്ചയാണെന്ന് പറഞ്ഞ അന്‍വര്‍ നിലമ്പൂരിലെ മത്സരകാര്യം പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കി. മുസ്ലീം ലീഗിനെ സംബന്ധിച്ച് തൃണമൂലും വ്യക്തിപരമായി താനും എടുത്ത തീരുമാനങ്ങളോട് സൗഹാര്‍ദപരമായ നിലപാടാണെന്ന് പി.വി. അന്‍വര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ സീറ്റിന്റെ കാര്യം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. കുഞ്ഞാലിക്കുട്ടി തന്ന പിന്തുണയ്ക്ക് എന്നും കടപ്പെട്ടിരിക്കുന്നു. ആ പാര്‍ട്ടിയും തങ്ങള്‍ കുടുംബവും തന്റെ രാഷ്ട്രീയ നിലപാടുകളോട് അനുഭാവപൂര്‍വമാണ് പ്രതികരിച്ചതെന്നും അന്‍വര്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം അറിയാം. അദ്ദേഹം അത് കൃത്യമായി ഗണിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ആളാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സൗഹൃദമുള്ളവര്‍ പണ്ടും ഇന്നും ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ അത് രാഷ്ട്രീയപരമാണെന്ന് പറയാനാകില്ലെന്നും തൃണമൂല്‍ കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

പി.വി. അന്‍വര്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ട പ്രകാരമാണ് കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്. നിലമ്പൂരിന് പകരം തിരുവമ്പാടി സീറ്റ് വേണമെന്ന് പി.വി. അന്‍വര്‍ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ തിരുവമ്പാടി സീറ്റില്‍ മത്സരിക്കുന്നത് ലീഗാണ്. യുഡിഎഫിനെ പിന്തുണയ്ക്കണമെങ്കില്‍ തിരുവമ്പാടി സീറ്റില്‍ ഉറപ്പ് വേണമെന്ന് അന്‍വറുടെ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍, കുഞ്ഞാലിക്കുട്ടിയില്‍ നിന്നും യാതൊരു ഉറപ്പും ലഭിച്ചില്ലെന്നാണ് സൂചന.

യുഡിഎഫിന്റെ പൂര്‍ണ ഘടകകക്ഷി ആക്കിയില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട്. അന്‍വര്‍ മത്സരിച്ചാല്‍ ജയിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നുമാണ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇ.എ. സുകു മാധ്യമങ്ങളെ അറിയിച്ചത്. കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത് മുന്നണിയിലെടുക്കുമെന്ന് ഉറപ്പ് നല്‍കിയതിനാലാണ്. രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് മുന്നണിയിലേക്ക് എടുത്തില്ലെങ്കില്‍ മത്സരിക്കുമെന്നാണ് തൃണമൂല്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി പി വി അന്‍വര്‍ അപമാനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അന്‍വറിന്റെ പ്രസ്താവന അവമതിപ്പ് ഉണ്ടാക്കിയെന്നും കോണ്‍ഗ്രസ് വിലയിരുത്തി. ഇനി ഒത്തുതീര്‍പ്പ് പ്രസക്തമല്ലെന്നാണ് പാര്‍ട്ടിയുടെ പൊതുവികാരം. ഒത്തുതീര്‍പ്പിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്തിന്റെ നിലപാട്. അന്‍വര്‍ വേണമെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കട്ടെയെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. മുസ്ലിം ലീഗിലും അന്‍വറിന്റെ നിലപാടില്‍ അമര്‍ശമുണ്ടായിട്ടുണ്ട്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്‍വറിനോട് സംസാരിച്ച് ധാരണയിലെത്തിയിരുന്നു. എന്നാല്‍ എല്ലാ ധാരണയും കാറ്റില്‍ പറത്തുന്ന സമീപനമായിരുന്നു കഴിഞ്ഞ ദിവസം അന്‍വറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കോണ്‍ഗ്രസിന്റെ വാദം. സ്ഥാനാര്‍ത്ഥിക്ക് മോശം പ്രതിച്ഛായ മാധ്യമങ്ങളിലൂടെയുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന വിമര്‍ശനം.

നേരത്തെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അന്‍വര്‍ എന്തിനാണ് നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതെന്ന ചോദ്യവും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അന്‍വറിന്റെ പ്രസ്താവന ലളിതമായി കാണുന്നില്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാറും വ്്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ അന്‍വര്‍ നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്‍വറിനോടുള്ള കോണ്‍ഗ്രസിന്റെ അതൃപ്തി പരസ്യമാക്കുന്നതായിരുന്നു എ പി അനില്‍കുമാറിന്റെ പ്രതികരണം.