നിലമ്പൂര്‍: സിപിഎമ്മിനെതിരെ ഭീഷണി മുഴക്കി പി വി അന്‍വര്‍ എംഎല്‍എ. ഇപ്പോള്‍ താന്‍ തീരുമാനിച്ചാല്‍ 25 പഞ്ചായത്തുകള്‍ എല്‍.ഡി.എഫിന്റെ കയ്യില്‍ നിന്ന് പോകുമെന്ന് അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ മാത്രമായിരിക്കില്ല ഇത്. മലപ്പുറം ജില്ലയില്‍ പലയിടത്തും പഞ്ചായത്തുകള്‍ പോകും. ചിലപ്പോള്‍ കോഴിക്കോടും പാലക്കാടും പോകും. സി.പി.എം ഒരു വെല്ലുവിളിക്ക് വരികയാണെങ്കില്‍ താന്‍ അതിന് തയാറാകും. അതിലേക്കൊക്കെ പോകണമോയെന്ന് സി.പി.എം നേതൃത്വം ആലോചിക്കണമെന്നും അന്‍വര്‍ പറഞ്ഞു.

എന്റെ മെക്കിട്ട് കേറാന്‍ വരുമ്പോള്‍ ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും. പാര്‍ട്ടി പറഞ്ഞത് അനുസരിച്ചില്ല എന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞത്. എന്നാല്‍, ഈ നിമിഷം വരെ പാര്‍ട്ടിയെ ഞാന്‍ തള്ളിപ്പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കാതെ എന്നെ കള്ളനാക്കാനാണ് മുഖ്യമന്ത്രി വന്നത്. അത് ഞാന്‍ സഹിക്കുമോ. രണ്ട് ദിവസമായി നടക്കുന്നത് എന്നെ മതവര്‍ഗീയ വാദിയാക്കാനുള്ള ശ്രമമാണ്. എന്നലെ എനിക്ക് 150 കൊല്ലത്തെ ചരിത്രം പറയേണ്ടിവന്നു. അത് പറയിപ്പിക്കുന്നത് സി.പി.എം നേതൃത്വമാണെന്നും അന്‍വര്‍ പറഞ്ഞു.

താന്‍ തുടങ്ങിയ നീക്കം വിപ്ലവമായി മാറുമെന്ന് അന്‍വര്‍ അവകാശപ്പെട്ടു. തന്റെ നീക്കങ്ങളെ ജനം വിലയിരുത്തട്ടെ. നിലമ്പൂരിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആരെയും ക്ഷണിച്ചിട്ടില്ല. ചെറുപ്പക്കാരുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാതെ തന്റെ നെഞ്ചത്തോട്ട് കയറുകയല്ല ചെയ്യേണ്ടത്. തന്റെ പാര്‍ക്കിന് എതിരായ നടപടിക്ക് ഇനി സ്പീഡ് കൂടും. താന്‍ ആ വഴിക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

ഒറ്റക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി പോകുകയല്ല ലക്ഷ്യം. ജനങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയാണെങ്കില്‍ അതിനൊപ്പം താന്‍ ഉണ്ടാകും. അതിനര്‍ഥം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ലെന്നുമല്ല. നിലവിലെ വിഷയത്തില്‍ പ്രതികരിച്ച് നൂറുകണക്കിനാളുകള്‍ മുന്നോട്ടുവരുന്നുണ്ട്. അന്‍വറിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ 140 മണ്ഡലത്തിലുമുണ്ട്. തന്റെ പിന്നില്‍ മറ്റാരുമില്ലെന്നും അന്‍വര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസുമുള്‍പ്പെടെയുള്ള നേതാക്കളെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അതേസമയം പാര്‍ട്ടിയെയും സാധാരണ പ്രവര്‍ത്തകരെയും ഒരിക്കലും തള്ളിപ്പറയില്ലെന്നു ആവര്‍ത്തിച്ചു. പാര്‍ട്ടിക്കു വേണ്ടി ചെയ്ത ത്യാഗങ്ങള്‍ എണ്ണിപ്പറഞ്ഞ അന്‍വര്‍ തനിക്കെതിരെ പല കേസുകളും വന്നതു സിപിഎമ്മില്‍ ചേര്‍ന്നതിനു ശേഷമാണെന്നു സൂചിപ്പിക്കുകയും ചെയ്തു. ഇതോടെ സിപിഎം അണികല്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്.

പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കിലും സജീവ രാഷ്ട്രീയത്തില്‍ തന്നെയുണ്ടാകുമെന്നാണ് അന്‍വര്‍ പറഞ്ഞത്. പ്രസംഗത്തിന്റെ ഭൂരിഭാഗ സമയവും മുന്‍ ആരോപണങ്ങള്‍ ആവര്‍ത്തിക്കാനാണു ചെലവഴിച്ചത്. വര്‍ഗീയവാദിയെന്ന ആരോപണവുമായി സിപിഎം തുടങ്ങിയ പ്രചാരണത്തെ ചെറുക്കാന്‍ തന്റെയും കുടുംബത്തിന്റെയും മതനിരപേക്ഷ പശ്ചാത്തലം വിശദമായി വിവരിച്ചു. അഞ്ചു നേരം നമസ്‌കരിച്ചു തന്നെ മുന്നോട്ടു പോകുമെന്നും അതിന്റെ പേരില്‍ നാലു പേര്‍ ചേര്‍ന്നു ചാപ്പ കുത്താന്‍ ശ്രമിച്ചാല്‍ അതു നടക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിലൂടെ തന്റെ ലക്ഷ്യമെന്താണെന്ന് അര്‍വര്‍ ആവര്‍ത്തിച്ചു. നിലമ്പൂര്‍ മണ്ഡലത്തിനു കീഴില്‍ രണ്ടു ഏരിയാ കമ്മിറ്റുകളാണു സിപിഎമ്മിനുള്ളത്. നിലമ്പൂര്‍, എടക്കര കമ്മിറ്റികള്‍ക്കു കീഴില്‍ അന്‍വറിനെതിരെ കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു. ഇതില്‍ പ്രകോപനപരമായ മുദ്രവാക്യം ഉയരുകയും ചെയ്തു. എന്നാല്‍, ഈ രണ്ടു ഏരിയാ കമ്മിറ്റുകള്‍ക്കു കീഴിലെ പ്രകടനത്തില്‍ പങ്കെടുത്തവരേക്കാള്‍ കൂടുതല്‍ ആളുകളെ പൊതുയോഗത്തില്‍ അണിനിരത്താന്‍ അന്‍വറിനായി എന്നത് നേട്ടമായി.