മലപ്പുറം: യുഡിഎഫ് പ്രവേശനം എളുപ്പമാകാതെ വന്നതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും യുഡിഎഫിനെയും വിമര്‍ശിച്ചു പി വി അന്‍വര്‍. യുഡിഎഫ് പറഞ്ഞ വാക്കുപാലിച്ചില്ലെന്ന് അടക്കം പറഞ്ഞാണ് അന്‍വര്‍ രംഗത്തുവന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ വിലപേശലുകള്‍ക്കും അനുനയ നീക്കത്തിനുമൊടുവിലാണിപ്പോള്‍ പിവി അന്‍വര്‍ വിഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലിക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അന്‍വര്‍ തുറന്നടിച്ചു. താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും പിവി അന്‍വര്‍ ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കാത്തതിലുള്ള അതൃപ്തിയിലാണ് പിവി അന്‍വര്‍ തുറന്നടിച്ചത്. യുഡിഎഫിന്റെ ഭാഗമാക്കിയിരുന്നെങ്കില്‍ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു.

പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് പിന്തുണ കൊടുത്തെങ്കിലും തന്നെ അവഗണിച്ചെന്ന് അന്‍വര്‍ പറഞ്ഞു. പാലക്കാട് തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. പിന്‍വലിച്ച സ്ഥാനാര്‍ഥിയോട് യുഡിഎഫ് നേതൃത്വം നന്ദി പോലും പറഞ്ഞില്ല. ടിഎംസി നിര്‍ത്തിയിരുന്ന സ്ഥാനാര്‍ഥി അപമാനിതനായെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'വയനാട് യുഡിഎഫിന് നിരുപധിക പിന്തുണ കൊടുത്തു. പനമരം പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്ന് മറിച്ച് യുഡിഎഫിന്റെ കയ്യില്‍ കൊടുത്തു.ചുങ്കത്തറ പഞ്ചായത്തും യുഡിഎഫിലേക്ക് എത്തിച്ചു. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാല് മാസമായി.ഈ മാസം രണ്ടിന് പ്രവേശന ചുമതല യുഡിഎഫ് സതീശന് നല്‍കി. പിന്നീട് ഒരു മറുപടിയും ഇല്ല. ഈ മാസം 15 ന് വി ഡി സതീശന്‍ രണ്ട് ദിവസത്തിനകം മറുപടി പറയാം എന്ന് പറഞ്ഞു.ഒന്നും നടന്നില്ല'..അന്‍വര്‍ പറഞ്ഞു.

'ഞാന്‍ രാജിവെച്ചത് പിണറായി ഭരണത്തിന് അന്ത്യം കുറിക്കാനാണ്. അതിന് അനുസരിച്ച സ്ഥാനാര്‍ഥി ആകണ്ടേ?സ്ഥാനാര്‍ഥിയുടെ കുഴപ്പം കൊണ്ട് ഒരു വോട്ടും പോകരുത്. ഇപ്പോള്‍ യുഡിഎഫ് നിര്‍ത്തിയ സ്ഥാനാര്‍ഥിയെ കുറിച്ച് ഇനി ചര്‍ച്ചക്കില്ല. ഞാന്‍ അധികപ്രസംഗം നടത്തിയെന്നാണ് പറയുന്നത്. എവിടെയാണ് അധികപ്രസംഗം നടത്തിയത്? അന്‍വര്‍ ചോദിച്ചു. വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കിയ എന്റെ നേരെ ചെളി വാരി എറിഞ്ഞു.എന്താണ് ഞാന്‍ ചെയ്ത തെറ്റ് ?.എന്നെ ദയാ വധത്തിന് വിട്ടിരിക്കുകയാണ്. അധികാര മോഹം ഉണ്ടെങ്കില്‍ താന്‍ എംഎല്‍എ സ്ഥാനം രാജി വെക്കില്ലായിരുന്നെന്നും അന്‍വര്‍ പറഞ്ഞു.

ഇനി താന്‍ എന്ത് ചെയ്യണം എന്ന് കേരളത്തിലെ ജനങ്ങള്‍ പറയട്ടെ. കെ സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. ഈ വിഷയങ്ങള്‍ കെസി വേണുഗോപാലിനോട് തനിക്ക് പറയാനുണ്ട്. തന്റെ ദുഃഖം പറയാനുണ്ടെന്ന് പിവി അന്‍വര്‍ പറഞ്ഞു.