- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടത് മുന്നണിയെ പിണറായി വിജയന്‍ നയിക്കും; എല്‍ഡിഎഫ് പ്രചാരണം ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തേ പ്രഖ്യാപിക്കുന്ന രീതി സിപിഎമ്മിനില്ല; സര്‍ക്കാരിന്റെ നേട്ടങ്ങളിലൂന്നി പ്രചാരണം; ടേം ഇളവുകളില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് എം എ ബേബി; പാര്‍ട്ടിക്കെതിരായ മൃദു ഹിന്ദുത്വ പ്രചാരണം ആസൂത്രിതമെന്നും സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി
ഇടത് മുന്നണിയെ പിണറായി വിജയന്‍ നയിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിണറായി വിജയന്‍ നയിക്കുമെന്ന് വ്യക്തമക്കി സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി. ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല എല്‍ഡിഎഫ് പ്രചാരണം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തേ പ്രഖ്യാപിക്കുന്ന രീതി സിപിഐമ്മിനില്ല. ഇളവിന്റെ കാര്യം ചര്‍ച്ചയായില്ലെന്നും എം എ ബേബി പറഞ്ഞു. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി.
എല്‍ഡിഎഫില്‍ മുഖ്യമന്ത്രി പദവി പ്രേമികളില്ല. ഇടതുപക്ഷ മുന്നണിയില്‍ ജനപക്ഷ രാഷ്ട്രീയ പ്രേമികളാണ് ഉള്ളത്. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പോരാട്ടത്തെ പിണറായി വിജയന്‍ നയിക്കും. മുന്നണിയിലെ പ്രധാന നേതാവ് പിണറായിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളിലൂന്നി പ്രചാരണം നടത്താന്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായെന്ന് അദ്ദേഹം അറിയിച്ചു.
എല്‍ഡിഎഫിന്റെ മൂന്നാം ഭരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് എംഎ ബേബി പറഞ്ഞു. മത്സരിക്കുന്ന കാര്യത്തില്‍ ടേം ഇളവുകളില്‍ ചര്‍ച്ചയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവും ഫെഡറലിസത്തിന് എതിരായ നീക്കങ്ങള്‍ തുറന്നു കാട്ടും. കേരളത്തില്‍ എല്‍ഡിഎഫിനെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുന്നു. ആര്‍എസ്എസിനും ബിജെപിക്കും എതിരായ ആശയ സമരത്തില്‍ കോണ്‍ഗ്രസിന് ഉണ്ടാകുന്ന പോരായ്മ തുറന്നു കാട്ടുമെന്ന് എംഎ ബേബി പറഞ്ഞു.
അതിദാരിദ്ര്യത്തിനെതിരായ കേരളത്തിന്റെ വിജയം ഇടതു സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടേയും, വെല്ലുവിളികളുടെ നടുവിലും മെച്ചപ്പെട്ട ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രതിബദ്ധതയുടേയും തെളിവാണെന്ന് എം എ ബേബി പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം സാധ്യമാക്കിയതില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചതായി എം എ ബേബി പറഞ്ഞു. അതിദാരിദ്ര്യത്തിനെതിരായ വിജയം പുരോഗമന രാഷ്ട്രീയത്തിലും, അധികാര വികേന്ദ്രീകൃത ഭരണ നിര്‍വഹണത്തിലും അവകാശാധിഷ്ഠിത സമീപനത്തിലും അടിസ്ഥാനപ്പെട്ട കേരള വികസന മാതൃകയുടെ കാര്യക്ഷമതയുടെ തെളിവാണ്.
കേരളം ഈ വിജയം കൈവരിച്ചത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകള്‍ വെട്ടിച്ചുരുക്കുന്ന യൂണിയന്‍ സര്‍ക്കാരിന്റെ നയങ്ങളുടേയും, കേരളത്തിനെതിരായി നിരന്തരം സംഘടിപ്പിക്കപ്പെടുന്ന സാമ്പത്തിക യുദ്ധത്തിന്റേയും മധ്യത്തിലാണ് എന്നതുകൊണ്ടുതന്നെ ഈ നേട്ടം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.
ബിജെപി നയിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധത്തില്‍ ലേബര്‍ കോഡുകള്‍ വിജ്ഞാപനം ചെയ്യില്ല എന്ന പ്രഖ്യാപനം തൊഴിലാളികളോട് ആഭിമുഖ്യമുള്ള കേരള സര്‍ക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ചരിത്രപരമായ മൂന്നാമൂഴത്തിലേക്ക് തെരഞ്ഞെടുക്കും എന്നും എം എ ബേബി പറഞ്ഞു.
കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, അസ്സം, പുതുച്ചേരി - നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള പാര്‍ടിയുടെ തയ്യാറെടുപ്പിനെ കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കേരളത്തില്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വിജയത്തിനായി നേട്ടങ്ങളിലൂന്നിയ പ്രചാരണത്തിലൂടെ പാര്‍ടി പ്രവര്‍ത്തിക്കും. ബിജെപി നയിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍ കേരളത്തിനര്‍ഹതപ്പെട്ട വിഭവങ്ങള്‍ നിഷേധിക്കുന്നതിനേയും, അങ്ങനെ സംസ്ഥാനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധികളേയും, ഫെഡറലിസത്തിനെതിരായ നീക്കങ്ങളേയും തുറന്നുകാട്ടും.
പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ ഫെഡറലിസത്തെ അട്ടിമറിക്കാന്‍ നടത്തപ്പെടുന്ന നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് വരുത്തുന്ന വീഴ്ചയേയും പാര്‍ടി തുറന്നുകാട്ടും. പ്രത്യേകിച്ച് കേരളത്തില്‍ ആര്‍എസ്എസ് - ബിജെപിക്കെതിരായ ആശയ സമരത്തില്‍ കോണ്‍ഗ്രസിനുണ്ടാകുന്ന പോരായ്മയേയും ജനങ്ങള്‍ക്ക് മുമ്പാകെ തുറന്നുകാട്ടും.
ബംഗാളില്‍, സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പരാജയത്തിനായി പാര്‍ടി പ്രവര്‍ത്തിക്കും. അവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ എല്ലാ ശക്തികളേയും ഒന്നിച്ചു ചേര്‍ക്കാന്‍ പാര്‍ടി ശ്രമിക്കും. തമിഴ്നാട്ടില്‍, ബിജെപിയേയും സഖ്യകക്ഷികളേയും പരാജയപ്പെടുത്താന്‍ ഡിഎംകെയുടേയും സഖ്യകക്ഷികളുടേയും ഒപ്പം പാര്‍ടി മത്സരിക്കും.
അസമില്‍, രൂക്ഷമായ വര്‍ഗ്ഗീയ വിഭജനം നടത്തുന്ന ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്തുന്നതിനായി എല്ലാ ബിജെപി വിരുദ്ധ പാര്‍ടികളെയും, ശക്തികളേയും സംഘടിപ്പിക്കും. പുതുച്ചേരിയില്‍ ബിജെപി മുന്നണി സര്‍ക്കാരിനെ പരാജയപ്പെടുത്താനായി പാര്‍ടി പ്രവര്‍ത്തിക്കുമെന്നും എം എ ബേബി പറഞ്ഞു.


