- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഎം ശ്രീക്കെതിരെ ലാഭ-നഷ്ടം നോക്കാതെ പൊരുതി; സിപിഎമ്മിനെ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചു; പിഎം ശ്രീക്ക് പിന്നിലെ കാണാച്ചരടുകളെക്കുറിച്ച് അറിവില്ലാത്തവരല്ല സിപിഎം; സിപിഐയെ അഭിനന്ദിച്ചു സമസ്ത മുഖ്യപത്രം
പിഎം ശ്രീക്കെതിരെ ലാഭ-നഷ്ടം നോക്കാതെ പൊരുതി
കോഴിക്കോട്: പിഎം ശ്രീയിലെ സിപിഐ ഇടപെടലിനെ അഭിനന്ദിച്ചു സമസ്ത രംഗത്ത്. ലാഭനഷ്ടം നോക്കാതെ പൊരുതിയ സിപിഐക്ക് അഭിനന്ദനമെന്ന് സമസ്ത മുഖപത്രം. സിപിഐയുടെ തുറന്നെതിര്‍പ്പാണ് സിപിഎമ്മിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. ഇടതുസര്‍ക്കാരില്‍ നിന്നും സംഭവിച്ചത് അക്ഷന്തവ്യമായ അപരാധമെന്നും തിരുത്താന്‍ തയ്യാറായതിനെ അംഗീകരിക്കുന്നുവെന്നും സമസ്ത മുഖപത്രം രംഗത്തുവന്നു.
പിഎം ശ്രീയില്‍ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചത് സിപിഐയുടെ തുറന്നെതിര്‍പ്പാണ്. ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിയെ പോലും വിശ്വാസത്തിലെടുക്കാതെയുള്ള സിപിഐഎം നീക്കം മുന്നണിയെ മാത്രമല്ല, സംഘപരിവാര്‍ അജന്‍ഡകളെ അകറ്റിനിര്‍ത്തണമെന്ന ആശയതലമുള്ള സര്‍വരെയും അമ്പരപ്പിച്ച കാര്യമാണ്. കേവലം ഉദ്യോഗസ്ഥ തലത്തിലെ പിഴവെന്നോ പിശകെന്നോ പറഞ്ഞ് സര്‍ക്കാരിനും ഇതില്‍ നിന്ന് ഒഴിയാനാവില്ലെന്നും മുഖപത്രം പറഞ്ഞുവെക്കുന്നു.
ശാസ്ത്രീയ- അക്കാദമിക സമീപനത്തെ ദൂരേയ്ക്ക് വലിച്ചെറിഞ്ഞ് കെട്ടുകഥകളും പുരാണേതിഹാസങ്ങളും ചരിത്രമെന്ന പേരില്‍ പഠിപ്പിക്കുന്നത് തങ്ങളുടെ ആശയപൂര്‍ത്തീകരണത്തിന് അടിത്തട്ടില്‍ കളമൊരുക്കലാണ്. കേരളവും തമിഴ്നാടും പോലുള്ള മതേതര മനസുള്ള സംസ്ഥാനങ്ങളില്‍ സംഘപരിവാറിന് വേരോട്ടം ലഭിക്കാതെ പോയതോടെ പാഠശാലകളിലൂടെ തങ്ങളുടെ ആശയപ്രചാരണത്തിനുള്ള വഴി തേടലാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അതിന് മറയായി പിഎം ശ്രീ പോലുള്ള പദ്ധതിയെ മുന്നില്‍ വയ്ക്കുകയാണ് മോദി സര്‍ക്കാര്‍ എന്നും മുഖപത്രത്തില്‍ പറയുന്നു.
കേന്ദ്രത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് തമിഴ്നാട് ഉള്‍പ്പെടെ ശക്തമായി ചെറുത്തു നിന്നത്. കേന്ദ്ര ഫണ്ട് ലഭിക്കുന്നതിന് തങ്ങളുടെ പ്രഖ്യാപിത നിലപാടുകളില്‍ അണുവിട വെള്ളം ചേര്‍ക്കാന്‍ സ്റ്റാലിനെപ്പോലെയുള്ളവര്‍ തയ്യാറാകാതെ പൊരുതി നില്‍ക്കുമ്പോഴാണ് കേരളം ഒളിച്ചുപോയി ഇത്തരത്തില്‍ കടുംകൈ ചെയ്തത് എന്നും സമസ്ത വിമര്‍ശിക്കുന്നു.
പിഎം ശ്രീ ഉള്‍പ്പെടെയുള്ള പദ്ധതിക്ക് പിന്നിലെ കാണാച്ചരടുകളെക്കുറിച്ച് അറിവില്ലാത്തവരല്ല സിപിഐഎം. വര്‍ഗീയ വിദ്വേഷ ലാക്കോടെ വിദ്യാഭ്യാസ സമൂഹിക സാസംസ്‌കാരിക മേഖല കൈയ്യടക്കുന്ന സംഘപരിവാറിനെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്തുകയും നിരന്തരം ഫാസിസ്റ്റഅ പ്രവണതകളോട് ഏറ്റമുട്ടുകയും ചെയ്യുന്നവരാണ് അവര്‍. എന്നിട്ടും ഒരു സങ്കോചവുമില്ലാതെ സര്‍ക്കാരിന് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചുവെന്നും ലേഖനം വിമര്‍ശിക്കുന്നു.




