- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്‍വറിന്റെ വനസംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യുന്നത് ഡിസിസി പ്രസിഡന്റ്; സമാപനം ആഘോഷമാക്കാന്‍ ഇടി മുഹമ്മദ് ബഷീറും; ഡിഎംകെയും തൃണമൂലും കൈവിട്ടതോടെ അന്‍വര്‍ വീണ്ടും യുഡിഎഫ് വഴിയില്‍; സതീശന്റെ എതിര്‍പ്പ് ഫലം കാണുന്നില്ല; അന്‍വര്‍ മറുകര രാഷ്ട്രീയം തേടുമ്പോള്‍
മലപ്പുറം: പി വി അന്‍വര്‍ യുഡിഎഫിലേക്കോ? വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍, യു.ഡി.എഫ്. പിന്തുണയില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മൂന്നു ദിവസത്തെ വാഹനജാഥയില്‍ ഉയരുന്ന ചോദ്യമിതാണ്. മുസ്ലീം ലീഗിനും അന്‍വറിനോടുള്ള എതിര്‍പ്പു കുറയുന്നുവെന്ന സൂചനയും ഈ ജാഥയിലുണ്ട്. ഞായറാഴ്ച നടക്കുന്ന സമാപനസമ്മേളനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യാണ് ഉദ്ഘാടനം ചെയ്യുന്നത്.
അന്‍വറിന്റെ വാഹന ജാഥയ്ക്ക് മുന്നണിയോ യു.ഡി.എഫിലെ പ്രബലകക്ഷികളോ നേരിട്ട് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും പ്രചാരണപരിപാടികളില്‍ യു.ഡി.എഫ്. നേതാക്കളും ജനപ്രതിനിധികളും സജീവമായി പങ്കെടുക്കുന്നുണ്ട്. ജാഥയുടെ വിജയത്തിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കമ്മ നെടുമ്പടി (വഴിക്കടവ്), ഒ.ടി. ജെയിംസ് (എടക്കര), ഉസ്മാന്‍ കാറ്റാടി (മൂത്തേടം), വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു. വഴിക്കടവില്‍ ചേര്‍ന്ന യോഗത്തിലും യു.ഡി.എഫ്. നേതാക്കളുണ്ടായിരുന്നു. എന്നാല്‍ ഇടതുപക്ഷം ഈ പ്രതിഷേധത്തിന്റെ ഭാഗമല്ല.
മുഖ്യമന്ത്രിയെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമര്‍ശിച്ച് എല്‍.ഡി.എഫില്‍നിന്ന് പുറത്തുപോയ പി.വി. അന്‍വര്‍ ആദ്യം യു.ഡി.എഫുമായി അടുക്കുന്നതായി സൂചനയുണ്ടായിരുന്നു. പിന്നീട് ഡി.എം.കെ. എന്ന പേരില്‍ സ്വന്തം സംഘടന രൂപവത്കരിച്ചു. എന്നാല്‍ ഇത് വിജയിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ഡിഎംകെയിലോ തൃണമൂല്‍ കോണ്‍ഗ്രസിലോ ചേരാനും അന്‍വര്‍ ശ്രമിച്ചു. രണ്ടു പാര്‍ട്ടികളും താല്‍പ്പര്യം കാട്ടിയില്ലെന്നാണ് സൂചന. പിന്നാലെ വീണ്ടും കോണ്‍ഗ്രസുമായി അടുക്കാന്‍ ശ്രമിച്ചു. ഇതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എതിര്‍ത്തു.
അതിനിടെ ചേലക്കര സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അന്‍വറും വാക്‌പോരും ഉണ്ടായി. എന്നാല്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ അന്‍വറിന് പരോക്ഷ പിന്തുണ നല്‍കി. രമേശ് ചെന്നിത്തലയ്ക്കും എതിര്‍പ്പില്ല. എന്നാല്‍ മുസ്ലീം ലീഗിലെ ഒരു വിഭാഗം എതിര്‍പ്പിലുമാണ്. കേരള വനനിയമ ഭേദഗതി ബില്ലിനെതിരേ നടക്കുന്ന പാര്‍ലമെന്റ് ജാഥയിലും അന്‍വര്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്. ഏതെങ്കിലും മുന്നണിയുടെ ഭാഗമായില്ലെങ്കില്‍ തന്റെ രാഷ്ട്രീയ ഭാവി അടയുമെന്ന് അന്‍വര്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വന സംരക്ഷണ യാത്രയിലെ യുഡിഎഫ് നയതന്ത്ര ശ്രമം.
വയനാട് ലോക്സഭ മണ്ഡലത്തിലെ മാനന്തവാടി മുതല്‍ വഴിക്കടവ് വരെയാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അന്‍വറിന്റെ പര്യടനം. ഇന്ന് വൈകിട്ട് അഞ്ചിന് പനമരത്ത് നടക്കുന്ന പൊതുയോഗം വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യും. ഇതിലൂടെ കോണ്‍ഗ്രസ് പിന്തുണ ഈ ജാഥയ്ക്കുണ്ടെന്ന് ഉറപ്പിക്കുകായണ് അന്‍വര്‍.
കേരള വനനിയമ ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് പി.വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാകും പി.വി അന്‍വര്‍ എംഎല്‍എയുടെ പര്യടനം.