തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. രാജി ഒഴിവാക്കി പ്രശ്‌നം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നീക്കം സജീവമായിരിക്കയാണ്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് പ്രശ്‌നം തീര്‍ക്കാനാണ് നീക്കം സജീവമായിരിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ ഒഴിവാക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇതോടെ നിയമസഭാ കാര്യങ്ങളിലൊന്നും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് രാഹുലിന് പങ്കെടുക്കാന്‍ കഴിയില്ല. സ്വതന്ത്ര എംഎല്‍എ എന്ന നിലയ്ക്കാകും ഇനി രാഹുലിന് പ്രവര്‍ത്തിക്കാന്‍ കഴിയുക. കൂടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ രാഹുലിന് സീറ്റ് നല്‍കുന്നത് കേസുമായി ബന്ധപ്പെട്ട് ഭാവിയിലെ നീക്കങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യതയെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തീരുമാനം.

തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കില്ല. ഉപതിരഞ്ഞെടുപ്പുണ്ടാക്കിയത് കോണ്‍ഗ്രസാണ്. മറ്റൊരു ഉപതിരഞ്ഞെടുപ്പ് വേണ്ട എന്നതാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട്. ഹൈക്കമാന്‍ഡ് കൈവിട്ടതോടെ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്നാണ് മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ച നിലപാട്. ചെന്നിത്തലയും വി ഡി സതീശനും ഇതേനിലപാടിലായിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ഭീഷണിയാണ് കോണ്‍ഗ്രസിനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെയെങ്കില്‍ 15 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയില്‍ പോകും.

ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. ഞാന്‍ പാര്‍ട്ടിക്ക് കാരണം തലകുനിക്കേണ്ടി വരരുത്. പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ തയാറായില്ല.

രാഹുലിന്റെ രാജിില്‍ ഹൈക്കമാന്‍ഡുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വീണ്ടും ചര്‍ച്ച നടത്തിയിരുന്നു. രാജി വിഷയത്തില്‍ രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാിയരുന്നു. ഗുരുതരമായ പ്രശ്‌നമായതിനാല്‍ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നാണ് ആവശ്യം. രാഷ്ട്രീയകാര്യ സമിതി വിളിച്ച് ചര്‍ച്ച നടത്തണമെന്നാണ് നേതാക്കളുടെ ആവശ്യം. ആവശ്യം ശക്തമായ സാഹചര്യത്തില്‍ രാഷ്ട്രീയകാര്യ സമിതി വിളിക്കാന്‍ സാധ്യതയുണ്ട്.

അതേസമയം രാജി മുറവിളി ഉയരുന്നതിനിടെ, നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, അവസാന അടവെന്ന തരത്തിലാണ് ട്രാന്‍സ് വുമണ്‍ അവന്തികയ്ക്ക് എതിരായ ആരോപണം രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ത്തിയത്. തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്ന് അവന്തിക ഒരു ചാനല്‍ റിപ്പോര്‍ട്ടറിനോട് പറയുന്ന ഫോണ്‍ കോളിന്റെ ഓഡിയോ ക്ലിപ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുവിട്ടു.

ഞെട്ടിപ്പിക്കുന്ന തരത്തിലുളള തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാംഗത്വം കൂടി രാജി വെക്കണമെന്ന നിലപാടെടുത്തത്. കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തില്‍ ഒന്നും ഇല്ലാത്ത വിധം വലിയ പിന്തുണയാണ് ഇതിന് ലഭിച്ചത് മുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരും എല്ലാം നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. എന്നാല്‍ രാജിക്ക് വേണ്ടി മുറവിളി ഉയരുമ്പോഴും രാഹുലിന്റെ നിലപാട് അനുകൂലമല്ല. തനിക്ക് പറയാനുളളത് കൂടി കേട്ടശേഷമേ തീരുമാനം എടുക്കാന്‍ പാടുളളു എന്നാണ് രാഹുല്‍ നേതൃത്വത്തെ അറിയിച്ചിട്ടുളളത്.

രാഹുലിനെതിരായ െൈലംഗികാരോപണ വിവാദത്തില്‍ മുസ്ലീം ലീഗും കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവാദം അവസാനിപ്പിച്ചില്ലെങ്കില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. കെ.സി. വേണുഗോപാലിനെ പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും നേരിട്ട് കണ്ട് ആശങ്കയറിയിച്ചു.

അതിനിടെ സ്വയം ഇരപരിവേഷം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനിടെ പ്രതിസന്ധി ഘട്ടത്തില്‍താന്‍ ഒരുപാട് പാര്‍ട്ടിയെ പ്രതിരോധിച്ചിട്ടുണ്ടെന്നും രാഹുല്‍ പത്രസമ്മേളനത്തില്‍ ഓര്‍മിപ്പിക്കുകയുണ്ടായി. സംഘടിതമായി ആക്രമിച്ചിട്ടും കുറ്റപ്പെടുത്തിയിട്ടും സ്തുതിപാടകര്‍ വിമര്‍ശകരായിട്ടും പരിഭവങ്ങള്‍ ഇല്ലാതെ രാഹുല്‍ ഗാന്ധി പോരാടുന്നു എന്ന് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടിരുന്നു. അദ്ദേഹത്തിന് പ്രസ്ഥാനമാണ് വലുതെന്നും പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണെന്നും പോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.

പോസ്റ്റില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമാണെങ്കിലും പോസ്റ്റില്‍ കുറിച്ചിരിക്കുന്ന വാക്കുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിലവിലെ സ്ഥിതിയാണ് വ്യക്തമാക്കുന്നത് എന്നാണ് അതിന് താഴെ വരുന്ന പ്രതികരണങ്ങളില്‍ പറയുന്നത്. പാര്‍ട്ടിയിടെ മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിന്റെ രാജി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ മാധ്യമങ്ങളോട് സംസാരിക്കവെ പാര്‍ട്ടിയെ പ്രതിരോധിച്ചത് കൊണ്ടാണ് തനിക്കുനേരെ ഇത്രയധികം ആക്രമണങ്ങളെന്നും രാഹുല്‍ പറയുകയുണ്ടായി.

'ഞാന്‍ കുറ്റം ചെയ്തോ ഇല്ലയോ എന്നതിനപ്പുറം എല്ലാ പ്രതിസന്ധിയിലും പാര്‍ട്ടിക്കുവേണ്ടി ന്യായീകരിക്കാനും പ്രതിരോധിക്കാനും സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും സമരങ്ങളിലും പ്രവര്‍ത്തിച്ച ആളെന്ന നിലയിലാണ് എനിക്കുനേരെ ഈ ആക്രമണം ഉണ്ടാകുന്നത്. പക്ഷേ ഞാന്‍ കാരണം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നത് ഉള്‍ക്കൊള്ളാനാകില്ല.' എന്നാണ് രാഹുല്‍ പറഞ്ഞത്.