തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പ്രതിരോധത്തിലായി കോണ്‍ഗ്രസ്. കത്തു ചോര്‍ച്ചയും അവതാരങ്ങളുടെ പ്രകടനവും ഒക്കെയായി വിവാദമുനയില്‍ നിന്നിരുന്ന സി.പി.എമ്മിനു പകരം ഇപ്പോള്‍ പ്രതിസ്ഥാനത്താണ് കോണ്‍ഗ്രസും നേതാക്കളും. രാഹുലിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംരക്ഷിച്ചു വരുകയായിരുന്നെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. അടുത്തമാസം കൂടാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ പ്രതിപക്ഷത്തിന് ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടിവരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് ഉറപ്പായെങ്കിലും എം.എല്‍.എ സ്ഥാനം ഒഴിയുമോയെന്ന വിഷയം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യും.

രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ട് സി.പി.എം മുന്‍പും നിരവധിതവണ ആരോപണശരങ്ങള്‍ എയ്തിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അത് കൃത്യമായ ലക്ഷ്യത്തില്‍ കൊള്ളുന്നത്. ആരോപണത്തിന്‍െ്റ തുടക്കത്തില്‍ രാഹുലിന്‍െ്റ പേര് പരാതിക്കാരി പറയാതിരുന്നത് പിടിവള്ളിയാക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും പിന്നീട് കൈവിട്ടു പോകുകയായിരുന്നു. ഹണി ഭാസ്‌കര്‍ കൂടി രംഗത്തള വരുകയും ചെയ്തതോടെ രാഹുല്‍ പ്രതികരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് രഹുലിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാറി നില്‍ക്കണമെന്നും എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി സ്‌നേഹ ചോദിച്ചു. ആരോപണങ്ങള്‍ എപ്പോഴും ചിരിച്ചു തള്ളാനാകില്ല. മാധ്യമങ്ങളില്‍ വെണ്ടക്ക അക്ഷരത്തില്‍ വാര്‍ത്ത വന്നിട്ടും മൗനം പാലിക്കുന്നത് ശരിയല്ല. സംഘടന ഇതിനോട് പ്രതികരിക്കണം. പെണ്‍കുട്ടികള്‍ കൂടിയുള്ള പ്രസ്ഥാനമാണ് യൂത്ത് കോണ്‍ഗ്രസ്. അവരെ കൂടി ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ട് രാഹുല്‍ പ്രതികരിക്കണമെന്നും സ്‌നേഹ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയുടെ അധികാര്‍ യാത്രയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളത്തില്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന പരാതിയും യൂത്ത് കോണ്‍ഗ്രസില്‍ തന്നെയുണ്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് രാഹുലിനെ മാറ്റുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും ചര്‍ചച നടത്തിക്കഴിഞ്ഞു. തെറ്റുകാരനെന്നു കണ്ടെത്തിക്കഴിഞ്ഞാല്‍ കടുത്ത നടപടി ത്െന്ന കൈക്കൊള്ളുമെന്നും സതീശന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നടപടിയെടുത്താലും ഇത്രനാള്‍ രാഹുലിനെ സംരക്ഷിച്ചെന്ന ചീത്തപ്പേരില്‍ നിന്ന് തലയൂരാന്‍ അത്രയെളുപ്പത്തില്‍ നേതൃത്വത്തിന് കഴിയില്ല.