തിരുവനന്തപുരം: ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി. വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായിരിക്കുകയാണ്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിന്റെ വീടിന് മുന്നിലുമാണ് പോസ്റ്ററുകളുടെ പ്രത്യക്ഷപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി രാജേഷാണെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം.

വിവി രാജേഷിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ജില്ലാ നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചു. ഇത്തരം പ്രവണത അനുവദിക്കാനാവില്ലെന്ന് അദ്ദേഹം ജില്ലാ നേതൃത്വത്തിന് താക്കീത് നല്‍കി. ഈ പോസ്റ്റര്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖര്‍ നിര്‍ദ്ദേശം നല്‍കി.

ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റര്‍. ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് തിരുവനന്തപുരത്ത് നിന്നും മുന്‍ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെ പരിഗണിക്കാനിരിക്കെയാണ് ഈ വാര്‍ത്ത പുറത്തെത്തുന്നത്. സംസ്ഥാനത്തെ ബിജെപി ഭാരവാഹികളെ അടിമുടി മാറ്റാനൊരുങ്ങുകയാണ് പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാജേഷിന്റെ വഴി തടയുക എന്നതാണ് പോസ്റ്ററിലെ ഉദ്ദേശ്യമെന്ന് വ്യക്തം.

തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും പണം പറ്റിയ വി.വി. രാജേഷ്, ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയെന്നാണ് പോസ്റ്ററിലെ ആരോപണം. രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യമുണ്ട്. തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക, രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക, 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, പോസ്റ്ററുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് വിവി രാജേഷ് പറഞ്ഞു. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പോസ്റ്ററുകളിലെ വാചകങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും വന്നിരിക്കുന്ന പോസ്റ്ററുകള്‍ കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടെ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഉണ്ടാക്കിയ തന്റെ പ്രതിച്ഛായയ്ക്കും പ്രശസ്തിക്കും കളങ്കമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കുറ്റക്കാര്‍ക്കെതിരെ എത്രയുംപെട്ടന്ന് നടപടിയെടുക്കണമെന്നും വിവി രാജേഷ് ആവശ്യപ്പെട്ടു.