- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീഗ് പട്ടികയ്ക്കെതിരെ വനിതാലീഗിന്റെ പടപ്പുറപ്പാട്! തഹ്ലിയയും ജയന്തിയും വേണ്ടേ വേണ്ട; തിരൂരങ്ങാടിയില്‍ സുഹ്‌റ മമ്പാടിനെ വെട്ടിനിരത്തിയതില്‍ കടുത്ത രോഷം; പ്രചാരണം ബഹിഷ്കരിക്കാന്‍ നീക്കം; പാര്‍ട്ടിയെ തോളിലേറ്റിയവരെ തഴഞ്ഞാല്‍ അടങ്ങിയിരിക്കില്ലെന്ന് മുന്നറിയിപ്പ്
ലീഗ് പട്ടികയ്ക്കെതിരെ വനിതാലീഗിന്റെ പടപ്പുറപ്പാട്!

കോഴിക്കോട്/മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ വന്‍ പൊട്ടിത്തെറി. കാലങ്ങളായി പാര്‍ട്ടിയെ തോളിലേറ്റിയ വനിതാലീഗിനെ പൂര്‍ണ്ണമായും അവഗണിച്ച നേതൃത്വത്തിന്റെ നടപടിക്കെതിരെ വനിതാ നേതാക്കള്‍ പരസ്യമായി രംഗത്തിറങ്ങിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതാ പ്രാതിനിധ്യം വെറും 'കണ്ണില്‍ പൊടിയിടല്‍' മാത്രമാണെന്നും വനിതാലീഗുമായി ബന്ധമില്ലാത്തവര്‍ക്കാണ് സീറ്റ് നല്‍കിയതെന്നുമാണ് ഇവരുടെ പ്രധാന ആക്ഷേപം.
പ്രതിഷേധം ജ്വലിപ്പിച്ച് നൂര്‍ബീന റഷീദ്
വനിതാലീഗ് ദേശീയ സെക്രട്ടറി നൂര്‍ബീന റഷീദാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്. കോഴിക്കോട് സൗത്തില്‍ കഴിഞ്ഞ തവണ പൊരുതിയ തനിക്ക് ഇത്തവണ സീറ്റില്ല എന്നതിനേക്കാള്‍, ഒരു സംഘടനയെന്ന നിലയില്‍ വനിതാലീഗിനെ അപമാനിച്ചതിലാണ് നൂര്‍ബീനയുടെ രോഷം. 'വനിതാലീഗ് ഇന്നലത്തെ മഴയില്‍ പൊട്ടിമുളച്ച തകരയല്ല' എന്ന അവരുടെ പ്രയോഗം നേതൃത്വത്തിനുള്ള കൃത്യമായ താക്കീതാണ്.
ആരാണ് ഈ സ്ഥാനാര്‍ത്ഥികള്‍?
പട്ടികയിലുള്ള ഫാത്തിമ തഹ്ലിയയും ജയന്തി രാജനും വനിതാലീഗിന്റെ ഔദ്യോഗിക പ്രതിനിധികളല്ലെന്ന് നൂറുബീന തുറന്നടിച്ചു. പാര്‍ട്ടിയെയും പാണക്കാട് തങ്ങളെയും പരസ്യമായി അധിക്ഷേപിച്ചവര്‍ക്ക് വരെ സീറ്റ് നല്‍കിയപ്പോള്‍, സംഘടനയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരെ തഴഞ്ഞത് നീതീകരിക്കാനാവില്ലെന്നാണ് പരാതി. ജയന്തി രാജനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് താനാണെങ്കിലും അവര്‍ക്ക് വനിതാലീഗിനെ പ്രതിനിധീകരിക്കാന്‍ യോഗ്യതയില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.
പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കും?
ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന വനിതാലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കടുത്ത തീരുമാനങ്ങളാണ് എടുത്തത്. നിലവിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ നിലപാടെടുത്തു. തിരൂരങ്ങാടിയില്‍ സുഹ്‌റ മമ്പാടിനെ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും അവസാന നിമിഷം വെട്ടിനിരത്തിയത് നേതൃത്വത്തിലെ ചിലരുടെ 'ഇഷ്ടക്കാര്‍ക്ക്' വേണ്ടിയാണെന്ന ആരോപണം ശക്തമാണ്.
തുടരുന്ന അവഗണന
മുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് മലപ്പുറം ജില്ലപ്പഞ്ചായത്തിലെ വൈസ്പ്രസിഡന്റ് സ്ഥാനം വനിതാലീഗ് നേതാവിന് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അവസാനനിമിഷം അവിടെയും തഴഞ്ഞു. അന്ന് നേതാക്കള്‍ പരസ്യപ്രതികരണത്തിന് മുതിരാതിരുന്നത് നിയമസഭ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും അവഗണന തുടര്‍ന്നതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് വനിതാലീഗ് എത്തിച്ചേര്‍ന്നത്.


