പാലക്കാട്: സിപിഎമ്മിനും ബിജെപിക്കുമെതിരെ കടന്നാക്രമണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. രാഹുല്‍ മാങ്കൂട്ട്ത്തില്‍ വിഷയത്തിലാണ് സന്ദീപിന്റെ പ്രതികരണം. സിപിഎമ്മുകാര്‍ക്ക് നാണവും ഉളളുപ്പും വേണമെന്ന് താന്‍ പറയില്ല, പക്ഷേ ഉളുപ്പുളളവര്‍ കുളിച്ച കുളത്തില്‍ ഇറങ്ങി മുങ്ങുകയെങ്കിലും വേണമെന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു.

മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ചാല്‍ കഴക്കൂട്ടത്ത് നിന്നും ഫ്ളാഗ് ഓഫ് ചെയ്യുക കടകംപള്ളി സുരേന്ദ്രനായിരിക്കും. കൊല്ലത്ത് എം മുകേഷ് ഫ്ളാഗ് ഓഫ് ചെയ്യുകയും കെ ബി ഗണേഷ്‌കുമാര്‍ ആശംസയറിയിക്കുകയും ചെയ്യും. ആലപ്പുഴയില്‍ തോമസ് ഐസകും എറണാകുളത്ത് ഗോപി കോട്ടമുറിക്കലും തൃശ്ശൂരില്‍ വൈശാഖനും പൊന്നാനിയില്‍ ശ്രീരാമകൃഷ്ണനും കോഴിക്കോട് ശശീന്ദ്രനും കണ്ണൂരില്‍ പി ശശിയായിരിക്കും സ്വീകരിക്കുക. സദാചാര മൂല്യത്തിന്റെ പേരിലാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് സഖാക്കള്‍ ആക്രമിച്ചതെങ്കില്‍ ആദ്യം ആക്രമിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം സന്ദീപ് ഉന്നയിച്ചു. പാലക്കാട് വലിയ കോലാഹലം ഉണ്ടാകുന്നത് തന്റെ പഴയ പാര്‍ട്ടിയായ ബിജെപിയാണെന്നും ആക്ഷേപം അഴിച്ചു വിട്ട പല മാന്യന്‍മാരുടെയും മുഖം മൂടി 48 മണിക്കൂറിനുളളില്‍ അഴിഞ്ഞ് വീഴുമെന്നും സന്ദീപ് വാര്യര്‍ ഭീഷണി മുഴക്കി. പോക്സോ കേസില്‍ പ്രതിയായ യെദ്യൂരപ്പ ഇപ്പോഴും പാര്‍ലമെന്ററി ബോര്‍ഡില്‍ തുടരുന്നുണ്ടെന്നും ഇതാണോ ബിജെപിയുടെ രാഷ്ട്രീയ ധാര്‍മ്മികതയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

'എന്റെ പഴയ പാര്‍ട്ടിയായ ബിജെപി, അവരാണ് പാലക്കാട് വലിയ കോലാഹലം ഉണ്ടാക്കുന്നത്. അവര്‍ ഇവിടെ പ്രസക്തമല്ലാത്തതിനാല്‍ കാര്യമായി പറയേണ്ടതില്ലെന്ന് കരുതിയതാണ്. ബിജെപിയുടെ ഉന്നത അധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ ഇരിക്കുന്ന യെദ്യൂരപ്പയുടെ പേരില്‍ പോക്സോ കേസ് നിലവിലുണ്ട്. ആ ബിജെപിക്ക് രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് പറയാന്‍ എന്താണ് യോഗ്യത? ബിജെപി എംപി ബ്രിജ്ഭൂഷണ്‍ യാദവ്, 56 ഇഞ്ച് നെഞ്ചളവുള്ള പ്രധാനമന്ത്രി കാണിച്ച അയാളോട് കാണിച്ച അനുകമ്പ എന്താണ്. നടപടിയെടുത്തില്ലെന്ന് മാത്രമല്ല മകന് സീറ്റും കൊടുത്തു. എന്ത് രാഷ്ട്രീയ ധാര്‍മ്മികതയാണ് ബിജെപിക്ക് ഉള്ളത്', സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കാര്യം പറഞ്ഞാല്‍ അത് തുടങ്ങാന്‍ പോകുന്നേയുള്ളൂ. കോണ്‍ഗ്രസിനെ മാതൃകയാക്കി നടപടിയെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ തീരുമാനിച്ചാല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലിരിക്കാന്‍ ഒരുത്തന്‍പോലും ബാക്കിയുണ്ടാവില്ല. ആരുടെയും രാഷ്ട്രീയ ഭാവി അവസാനിപ്പിക്കാന്‍ തനിക്ക് ആഗ്രഹമില്ല. തനിക്കെതിരെ എന്തൊക്കെയോ പുറത്തുവിടുമെന്നാണ് പറയുന്നത്. തേങ്ങ ഉടക്ക് സ്വാമി എന്നാണ് പറയാനുള്ളത്. തനിക്ക് ഉടക്കാനാണെങ്കില്‍ പതിനായിരം തേങ്ങയുണ്ട്. തങ്ങള്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചവരുടെ മുഖം മൂടി അഴിഞ്ഞുവീഴാന്‍ 48 മണിക്കൂര്‍ പോലും തികയില്ല. ബാക്കി വരുന്നിടത്തുവെച്ച് കാണാമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

നേരത്തെ സന്ദീപ് വാര്യര്‍ക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. അതെല്ലാം ഞങ്ങള്‍ പറഞ്ഞു തുടങ്ങിയാല്‍ മണ്ണിനടയില്‍ തലപൂഴ്ത്തികിടക്കേണ്ടിവരുമെന്നായിരുന്നു കൃഷ്ണകുമാര്‍ ആരോപിച്ചത്. എന്റെ മൊബൈലില്‍ കുറെ ചാറ്റുകളുണ്ട്. അത് പുറത്ത് വിട്ടാന്‍ സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസില്‍ എന്നല്ല എവിടെയും സ്ഥാനം കിട്ടില്ല. ഒറ്റയ്ക്ക് പാര്‍ട്ടി രൂപീകരിക്കേണ്ടതായിവരും. ഈ വ്യക്തിക്ക് അംഗത്വം പോലും കൊടുക്കില്ല. ചരിത്രമൊന്നും ഞങ്ങളെക്കൊണ്ട് പറയിക്കേണ്ടെന്നായിുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.