- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി'; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
'ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി'; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
പാലക്കാട്: ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ലെന്ന് കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ സ്ഥിരീകരിച്ചത് ഇന്നാണ്. ഇതോടെ കേരളത്തിലെ കായിക പ്രേമികള്‍ ചതിക്കപ്പെട്ടു എന്ന വികാരമാണ് പൊതുവില്‍ ഉയരുന്നത്. ഇതോടെ മന്ത്രിക്കെതിരെ നിരവധി പേര്‍ രംഗത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു.
മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചാ' എന്നാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇങ്ങനെ സ്വപ്നം കാണിച്ച് പറ്റിച്ചതെന്ന് ചോദിച്ച സന്ദീപ് ഇടതു പ്രൊഫൈലുകള്‍ക്കുള്ള ക്യാപ്‌സ്യൂളായി 'ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി' എന്നും പറഞ്ഞാണ് പരിഹാസം അവസാനിപ്പിച്ചത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
'അങ്ങനെ നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു സത്യം ഇന്ന് സ്‌പോര്‍ട്‌സ് മന്ത്രി വി അബ്ദു റഹ്‌മാന്‍ സമ്മതിച്ചിരിക്കുന്നു. മെസ്സി വരുന്നില്ല. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇങ്ങനെ സ്വപ്നം കാണിച്ച് പറ്റിച്ചത് ? മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചാ ? ഇത് സംബന്ധിച്ച് ഇടതു പ്രൊഫൈലുകള്‍ക്കുള്ള ക്യാപ്‌സ്യൂള്‍ താഴെ കൊടുക്കുന്നു. ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി. '
ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഒക്ടോബര്‍-നവംബര്‍ വിന്‍ഡോയില്‍ കേരളത്തിലെത്തുമെന്ന സ്വന്തം ഉറപ്പ് തിരുത്തികൊണ്ടാണ് മന്ത്രി തന്നെയാണ് ഇന്ന് രംഗത്തെത്തിയത്. ഈ വര്‍ഷം ഒക്ടോബറില്‍ ടീമിന് കേരളത്തിലെത്താനാവില്ലെന്ന് അര്‍ജന്റീന ടീം ഔദ്യോഗികമായി അറിയിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ടീം കേരളത്തില്‍ കളിക്കാനെത്തുന്നത് സംബന്ധിച്ച് കരാറില്‍ ഒപ്പുവെച്ചതായും, ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പോണ്‍സര്‍മാര്‍ നിശ്ചിത തുക അടച്ചതായും മന്ത്രി പറഞ്ഞു. പണം സ്വീകരിച്ച ശേഷമാണ് ഈ വര്‍ഷത്തെ കലണ്ടറില്‍ കേരളത്തിലെത്താന്‍ കഴിയില്ലെന്ന് അറിയിച്ചത്. 2026ല്‍ വരാമെന്ന് അര്‍ജന്റീന വാഗ്ദാനം ചെയ്തുവെങ്കിലും ഇത് നിരസിച്ചതായും മന്ത്രി പറഞ്ഞു. 'അടച്ച തുക തിരിച്ചു ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര കായിക മാന്ത്രാലയം, ധനകാര്യവകുപ്പ്, റിസര്‍വ് ബാങ്ക് എന്നിവയുടെ അനുമതിയോടെയാണ് പണമടച്ചത്. പിന്‍മാറ്റം കാരണം സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തം അര്‍ജന്റീനക്കാണ്. എന്നാല്‍, സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായാല്‍ അര്‍ജന്റീന ഫുട്ബാളായിരിക്കും ഉത്തരവാദികള്‍'- മന്ത്രി പറഞ്ഞു.
ഡിസംബറില്‍ ലയണല്‍ മെസ്സിയുടെ ഇന്ത്യയിലെ സ്വകാര്യ പര്യടനം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കേരളത്തിലേക്കില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മുംബൈ, കൊല്‍ക്കത്ത നഗരങ്ങളിലാണ് ഇതിഹാസ താരമെത്തുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള മെസ്സിയുടെയും സംഘത്തിന്റെയും പര്യടനത്തില്‍ കേരളമുണ്ടാവില്ലെന്ന് ഫുട്ബാള്‍ വിദഗ്ധര്‍ നേരത്തെ പ്രതികരിച്ചുവെങ്കിലും ടീം എത്തുമെന്ന ഉറപ്പിലായിരുന്നു മന്ത്രി. ഇത്തരത്തില്‍ ഫേസ് ബുക്ക് പോസ്റ്റും മന്ത്രി പങ്കുവെച്ചിരുന്നു.