തിരുവനന്തപുരം: ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസുകാര്‍ക്കും യുഡിഎഫുകാര്‍ക്കും സ്വീകാര്യനായി വരികയാണ്. വാര്യര്‍ ചെല്ലുന്നിടത്തെല്ലാം ആള് കൂടുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നുണ്ട്. കെപിസിസി ഓഫീസില്‍ അടക്കം എത്തിയ സന്ദീപിന് വലിയ സ്വീകരണം തന്നെ ലഭിച്ചിരുന്നു. ഇതോടെ അടിമുടി കോണ്‍ഗ്രസുകാരനായി മാറുകയാണ് വാര്യര്‍. പാര്‍ട്ടി വേദികളില്‍ അടക്കം സന്ദീപിന് വലിയ പരിഗണന കൊടുക്കുന്നുണ്ട്. അതേസമയം പാര്‍ട്ടിയില്‍ ചേര്‍ന്ന് ഒരുമാസം കഴിഞ്ഞിട്ടും അദ്ദേഹതിന് കോണ്‍ഗ്രസിനുള്ളില്‍ സ്ഥാനങ്ങള്‍ നല്‍കിയിട്ടില്ല.

കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒറ്റപ്പാലം നിയമസഭാ സീറ്റില്‍ മത്സരിക്കാന്‍ സീറ്റും കൊടുക്കാമെന്ന വാഗ്ദാനത്തിലാണ് സന്ദീപിനെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തില്‍ എത്തിച്ചതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സന്ദീപ് ഡല്‍ഹിയില്‍ നിന്നും ഉറപ്പുവാങ്ങിയെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകളുമുണ്ട്. കെപിസിസി പുനസംഘടനയോടെ സന്ദീപ് വാര്യര്‍ ജനറല്‍ സെക്രട്ടറിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരുപക്ഷേ പുനസംഘടനക്ക് മുമ്പ് തന്നെ അദ്ദേഹത്തിന് സ്ഥാങ്ങള്‍ ലഭിച്ചേക്കം.

ഡല്‍ഹിയിലെത്തിയ സന്ദീപ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏത് പദവി തന്നാലും സ്വീകരിക്കാന്‍ തയാറാണെന്നും സജീവ

പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങേണ്ടതിനാല്‍ തീരുമാനം വൈകരുതെന്നും പാര്‍ട്ടി നേതൃത്വത്തെ സന്ദീപ് വാര്യര്‍ അറിയിച്ചിരുന്നു.

അതേസമയം ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടിയുടെ 180 സംസ്ഥാന കമ്മിറ്റിയംഗങ്ങളില്‍ ഒരാള്‍ മാത്രമായ സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസ്സിന്റെ 22 അംഗ ജനറല്‍ സെക്രട്ടറി പദവി കൊടുക്കുന്നത് എന്തിന് എന്ന ചോദ്യം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉയരുന്നുണ്ട്. കെപിസിസി സെക്രട്ടറി സ്ഥാനം നല്‍കുന്നതിനെ മറ്റ് നേതാക്കള്‍ എതിര്‍ക്കുന്നില്ല. അതേസമയം ജനറല്‍ സെക്രട്ടറി സ്ഥാനം കാലങ്ങളോളം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നല്‍കുന്ന പദവിയാണ്. അതുകൊണ്ട് ഇന്നലെ വന്ന സന്ദീപിന് ഈ സ്ഥാനം നല്‍കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. എതിര്‍പ്പ് ശക്തമായാല്‍ ഇപ്പോള്‍ പ്രഖ്യാപനം നടത്താതെ പിന്നീട് പുനസംഘടനാ വേളയില്‍ പദവി നല്‍കാനാണ് നീക്കം.

അതേസമയം സൈബറിടത്തില്‍ അടക്കം സന്ദീപിനെ ബിജെപിക്കാര്‍ കളിയാക്കുന്നുണ്ട്. ഈക്കാര്യം നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണട് സന്ദീപ്. ഇത് തനിക്ക് പദവി നല്‍കേണ്ട ആവശ്യകതയിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടിയത്. ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ നിന്നും വരുന്നവര്‍ക്ക് മികച്ച പദവി കൊടുക്കുക എന്ന വിധത്തിലാണ് കെ സി വേണുഗോപാല്‍ അടക്കമുള്ളവരുടെ പുതിയ നയം. ഈ നയത്തിന്റെ ഭാഗായി സന്ദീപിന് ജനറല്‍ സെക്രട്ടറി പദവികൊടുക്കാമെന്ന കേന്ദ്രനേതൃത്വം പറയുന്നത്. ഇത് പാര്‍ട്ടിയില്‍ മറ്റുള്ളവരുടെ എതിര്‍പ്പിന് ഇടയാക്കുമോ എന്നതാണ് ആശങ്ക.

അതേസമയം ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസ്സില്‍ എത്തിയ സന്ദീപ് വാര്യര്‍ക്ക് കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിലേക്ക് വന്നെങ്കിലും സന്ദീപ് വാര്യരുടെ ഉപദേശം കോണ്‍ഗ്രസിനോട് വേണ്ടെന്ന് എ ഐ സി സി മുന്‍ അംഗവും കെ കരുണാകരന്റെ സന്തത സഹചാരിയുമായിരുന്ന വിജയന്‍ പൂക്കാട് തുറന്നടിച്ചത്ത. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. നേതാക്കള്‍ക്ക് വിലയിട്ട് വാങ്ങാന്‍ ഇത് ബി ജെ പിയല്ല. ബി ജെ പിയുടെ രീതി പുറത്തു വെച്ചിട്ടു വേണം കോണ്‍ഗ്രസ്സിലേക്ക് കടക്കാനെന്നും സന്ദീപ് കുറച്ച് ഒതുക്കം കാണിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

കോണ്‍ഗ്രസ് ശക്തമായ നേതൃനിരയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. അതുകൊണ്ട് കോണ്‍ഗ്രസിന് മറ്റു പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുടെ ആവശ്യം ഇല്ല. എന്നാല്‍, കോണ്‍ഗ്രസ് പ്രത്യയ ശാസ്ത്രത്തിലേക്ക് വരുന്നവരെ സംരക്ഷിക്കും. പക്ഷെ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരാന്‍ നിരവധി ചെറുപ്പക്കാര്‍ നിരന്നു നില്‍ക്കുന്നുണ്ടെന്നും വിജയന്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിയമിക്കുമെന്ന സൂചന പുറത്തുവന്നതോടെയാണ് ഈ പ്രതികരണം.

പദവി സംബന്ധിച്ച തീരുമാനം വൈകരുതെന്നും സജീവ പ്രവര്‍ത്തനത്തില്‍ ഇറങ്ങണമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചുവെന്ന വിവരമാണ് ചില നേതാക്കളെ പ്രകോപിപ്പിച്ചത്. പാര്‍ട്ടി ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് എ ഐ സി സി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സന്ദീപ് വാര്യര്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍വെച്ച് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നു. സംഘടനാ ഭാരവാഹിത്വവും മത്സരിക്കാന്‍ സീറ്റും സന്ദീപ് വാര്യര്‍ പാര്‍ട്ടിയിലേയ്ക്ക് വന്ന സമയത്തുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഉപതിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സന്ദീപിന്റെ കോണ്‍ഗ്രസ് രംഗപ്രവേശം. ദീപാദാസ് മുന്‍ഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. പാലക്കാട് ഉപതിരഞ്ഞടുപ്പിനിടെയായിരുന്നു ബി.ജെ.പി നേതൃത്വവുമായി ഉടക്കിയാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയത്. പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന സി.കൃഷ്ണകുമാറിനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു സന്ദീപ് വാര്യര്‍ ഉന്നയിച്ചത്. കോണ്‍ഗ്രസിലെത്തിയ സന്ദീപിന് വന്‍ സ്വീകരണമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും അടക്കമുള്ളവര്‍ നല്‍കിയത്.

ആദ്യമായി കെ.പി.സി.സി ആസ്ഥാനത്ത് എത്തിയപ്പോഴും സന്ദീപ് വാര്യര്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ചാണ് സന്ദീപിനെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായം പറയാന്‍ പോലും ആ പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തകര്‍പ്പന്‍ വിജയത്തില്‍ സന്ദീപ് വാര്യരുടെ സാന്നിധ്യം സഹായകമായെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.