- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതുപോലുള്ള ഏതു കേസുണ്ടായാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ്? ഞാനെന്തു ചെയ്തിട്ടാണ്; ഇത് എങ്ങനെയാണ് ആദ്യം പുറത്തു വന്നതെന്ന് സിപിഎം അന്വേഷിക്കട്ടെ; 'വാര്‍ത്ത' എങ്ങനെ പുറത്തായെന്ന് ഉണ്ണികൃഷ്ണന്റെ വരികളിലുണ്ട്'; കെ.ജെ.ഷൈന്‍ വിഷയത്തില്‍ പ്രതികരിച്ച് വി.ഡി.സതീശന്‍
കെ.ജെ.ഷൈന്‍ വിഷയത്തില്‍ പ്രതികരിച്ച് വി.ഡി.സതീശന്‍
തിരുവനന്തപുരം: സിപിഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരെയുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതുപോലുള്ള ഏതു കേസുണ്ടായാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ്? ആര് എവിടെ ഇങ്ങനത്തെ കേസുണ്ടായാലും പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്കാണ് മാര്‍ച്ച്. ഞാനെന്തു ചെയ്തിട്ടാണ്. ഇത് എങ്ങനെയാണ് ആദ്യം പുറത്തു വന്നതെന്ന് സിപിഎം അന്വേഷിക്കട്ടെ. ഇത്തരമൊരു പ്രചാരണം എങ്ങനെ പുറത്തായെന്നത് സിപിഎം തന്നെ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞ സതീശന്‍ കെ.എന്‍.ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ പ്രസ്താവനയുടെ വരികളില്‍ ഇക്കാര്യങ്ങളുണ്ടെന്നും പറഞ്ഞു.
തന്നെയും കെ.ഉണ്ണികൃഷ്ണന്‍ എംഎല്‍എയെയും ചേര്‍ത്തുവച്ചുള്ള പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസും യുഡിഎഫുമാണെന്ന് കെ.ജെ.ഷൈന്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയാതെ ഇത്തരമൊരു പ്രചാരണം നടക്കില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനാണ് വി ഡി സതീശന്‍ മറുപടി പറഞ്ഞത്.
ഈ വിഷയം കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലൊക്കെ ഉണ്ടാകുമെന്നത് തള്ളിക്കളയുന്നില്ല. കഴിഞ്ഞ ഒരുമാസമായിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിപിഎം ഹാന്‍ഡിലുകളില്‍ നിന്നും ഇത്തരം പ്രചാരണങ്ങള്‍ സിപിഎം ഹാന്‍ഡിലുകള്‍ നടത്തിയപ്പോള്‍ ഈ മാന്യതയൊന്നും ഉണ്ടായിരുന്നില്ലല്ലോ. അന്നൊന്നും മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സംരക്ഷണം തുടങ്ങിയ വാക്കുകളൊന്നും ഉണ്ടായിരുന്നില്ല. അന്ന് വ്യാപകമായിട്ടാണ് അവര്‍ പ്രചാരണം നടത്തിയത്.
ആരായാലും ഇത്തരം പ്രചാരണങ്ങളെ താന്‍ ന്യായീകരിക്കുന്നില്ല. അങ്ങനെ ചെയ്യരുതെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞയാളാണ്. കോണ്‍ഗ്രസ് അനുഭാവികളോടു പോലും അത്തരത്തില്‍ പെരുമാറരുതെന്ന് പറഞ്ഞയാളാണ് താന്‍. സ്ത്രീ സംരക്ഷണത്തിന് മുഖ്യപരിഗണന കൊടുക്കുന്നു എന്നതുകൊണ്ടാണ് ഞങ്ങളുടെ മുന്നില്‍ ഇത്തരമൊരു വിഷയം വന്നപ്പോള്‍ കോണ്‍ഗ്രസ് നടപടിയെടുത്തത്. അക്കാര്യം കെപിസിസി പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുണ്ട്.
പറവൂരിലെ വിഷയം എങ്ങനെയാണ് പുറത്തുപോയതെന്ന് കെ എന്‍ ഉണ്ണികൃഷ്ണന്റെ പ്രസ്താവനയില്‍ വരികള്‍ക്കിടയിലുണ്ട്. കോണ്‍ഗ്രസ് ആസൂത്രിതമായിട്ടല്ല ഇതു നടത്തിയതെന്നാണ് അദ്ദേഹം സൂചിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തെ വേട്ടയാടുകയാണ്. എങ്ങനെയാണ് പുറത്തുപോയതെന്ന് സിപിഎം അന്വേഷിക്കുന്നതാണ് നല്ലത്. ഏത് യൂട്യൂബ് ചാനലിലാണ് വാര്‍ത്ത ആദ്യം വന്നത്. ഇക്കാര്യം മാധ്യമങ്ങള്‍ അന്വേഷിക്കൂവെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കോണ്‍ഗ്രസുകാരാരും കൊടുക്കുന്നില്ല എന്നൊന്നും പറയുന്നില്ല. കഴിഞ്ഞ ഒരുമാസമായി നിലനില്‍ക്കുന്ന കോണ്‍ഗ്രസ്- സിപിഎം സംഘര്‍ഷത്തിന്റെ ഭാഗമായി ചിലര്‍ ചെയ്യുന്നുണ്ടാകാം. അതൊന്നും തന്റെ തലയില്‍ വെക്കേണ്ട. ഏതു പ്രശ്നത്തിനും തന്റെ വീട്ടിലേക്ക് കാളയായിട്ട് പ്രകടനം, കോഴിയായിട്ട് പ്രകടനം. ഇതു ഞാനെന്തു ചെയ്തിട്ടാണ്?. ഞാനാണോ കേസിലെ പ്രതിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.
'ഇത് എങ്ങനെയാണ് പുറത്ത് പോയതെന്ന് കെ.എന്‍.ഉണ്ണികൃഷ്ണന്റെ പ്രസ്താവനയുടെ വരികളിലുണ്ട്. കോണ്‍ഗ്രസ് ആസൂത്രിതമായല്ല ഇത് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ടിപ്പോള്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. എങ്ങനെയാണ് വാര്‍ത്ത പുറത്ത് പോയതെന്ന് സിപിഎം അന്വേഷിക്കുന്നതായിരിക്കും നല്ലത്' സതീശന്‍ കുട്ടിച്ചേര്‍ത്തു.
നിയമസഭയ്ക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അയ്യപ്പ സംഗമത്തിന്റെ ബോര്‍ഡില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനുമാണ് നിറഞ്ഞ് നില്‍ക്കുന്നതെന്നും അയ്യപ്പനില്ലെന്നും സതീശന്‍ പരിഹസിച്ചു. 'അയ്യപ്പ സംഗമത്തിന്റെ ബോര്‍ഡില്‍ അയ്യപ്പനുമില്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമില്ല. പിണറായി വിജയനും വാസവനും മാത്രമാണ് ബോര്‍ഡിലുള്ളത്. ദേവസ്വം ബോര്‍ഡാണ് പരിപാടി നടത്തുന്നതെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഫുഡ് കമ്മിറ്റി അധ്യക്ഷനായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ നാടകം ജനങ്ങളെല്ലാം തിരിച്ചറിയും. ശബരിമല അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയത് വിശദീകരിക്കാതെ അയ്യപ്പ സംഗമത്തിന് പോകരുതെന്നാണ് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്' സതീശന്‍ പറഞ്ഞു.