പാലക്കാട്: രാത്രിയില്‍ വാതിലില്‍ മുട്ടിയാല്‍ തുറക്കണമായിരുന്നു എന്ന വാദമുയര്‍ത്തിയ സിപിഎം നേതാവ് എ എ റഹീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാനിമോള്‍ ഉസ്മാന്‍. എ.എ റഹീമിന്റെ സംസ്‌കാരമല്ല തന്റേതെന്നും മുറി എപ്പോള്‍ തുറക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ഷാനിമോള്‍ ഉസ്മാന്‍ തുറന്നടിച്ചു. മുറിയില്‍ പരിശോധന നടത്താന്‍ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നായിരുന്നു രാജ്യസഭാ എംപി റഹീം ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ സൈബറിടത്തില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

'റഹീമിന്റെ സംസ്‌കാരമല്ല എന്റെ സംസ്‌കാരം എന്ന് മനസിലാക്കണം. എന്റെ മുറി എപ്പോള്‍ തുറക്കണമെന്ന് ഞാന്‍ തീരുമാനിക്കും. അര്‍ധരാത്രി വെളിയില്‍ നാലു പുരുഷ പൊലീസുകാര്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കതക് തുറക്കണമെന്ന് പറയാന്‍ അയാള്‍ക്ക് നാണമില്ലേ. അയാളോട് പുച്ഛവും സഹതാപവും തോന്നിയ ദിവസമായിരുന്നു ഇന്നലത്തേത്.

ഒറ്റക്ക് താമസിക്കുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്ന സ്ത്രീകളാണ് ഞങ്ങള്‍. ഞങ്ങളെ മാതൃകയാക്കുന്ന സ്ത്രീകളൊക്കെ ഈ അസമയത്തെ പരിശോധനയും മറ്റും കാണുകയല്ലേ. കേരളത്തില്‍ ഒരു പുതിയ സംസ്‌കാരം ഉണ്ടാക്കാനൊന്നും ഞങ്ങള്‍ സമ്മതിക്കില്ല. കേരളത്തെ 25 വര്‍ഷം പുറകോട്ട് കൊണ്ടു പോകുന്ന നടപടിയാണിത്. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകും' -ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി.

ഷാനി മോള്‍ ഉസ്മാന്റെ മുറി പരിശോധിക്കാന്‍ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് എ.എ റഹീം മാധ്യമങ്ങളോട് പറഞ്ഞത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ പരിശോധനയില്‍ സഹകരിച്ചെങ്കിലും ഷാനിമോള്‍ സഹകരിച്ചില്ലെന്നും റഹീം ആരോപിച്ചു. പൊലീസ് എത്തിയപ്പോള്‍ ഷാനിമോള്‍ ഉസ്മാന്റെ മുറി തുറക്കാതെ സംഘര്‍ഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനാണ്. സംഭവത്തില്‍ അന്വേഷണം വേണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ യോഗം ചേര്‍ന്നതില്‍ ദുരൂഹതയുണ്ട്. ഷാഫിയും ശ്രീകണ്ഠനും രാഹുലും ജ്യോതികുമാറും യോഗത്തില്‍ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് ജ്യോതികുമാര്‍ അല്ലേയെന്നും റഹീം ചോദിച്ചു.

അതേസമയം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് അനധികൃതമായി പണം ഒഴുക്കുന്നുവെന്ന ആരോപണത്തില്‍ ഉറച്ച് സിപിഎം. കോണ്‍ഗ്രസ് നേതാക്കള്‍ ട്രോളി ബാഗ് കൊണ്ടുവന്നുവെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സിപിഎം നേതാവ് നിധിന്‍ കണിച്ചേരി ആവശ്യപ്പെട്ടു. പോലീസ് പരിശോധനയെ ന്യായീകരിച്ച് സിപിഎം നേതാക്കളും. ഷാനിമോള്‍ ഉസ്മാന്‍ മണിക്കൂറകളോളം റൂം തുറന്നില്ലെന്നും വനിതാ പോലീസിനെ മുന്‍ എംഎല്‍എ തല്ലിയെന്നും ആരോപണം. പണം മാറ്റാന്‍ സൗകര്യം ഒരുക്കിയ ശേഷമാണ് മുറി തുറക്കാന്‍ അനുവദിച്ചതെന്നും റഹീം ആരോപിച്ചു.

ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ ഇന്നലെ അര്‍ധരാത്രിയില്‍ പൊലീസ് പരിശോധന നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി അറിയിച്ചു.

ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.