ന്യൂഡല്‍ഹി: ശശി തരൂര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകണമെന്ന വിധത്തില്‍ കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും നടത്തിയ പ്രസ്താവനകളോട് പ്രതികരിച്ച് ശശി തരൂര്‍ എംപി രംഗത്ത്. തനിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരോയാണ് തരൂര്‍ വിമര്‍ശനം ഉന്നയിച്ചത്. തനിക്കെതിരേ പരാമര്‍ശങ്ങള്‍ നടത്തുന്ന നേതാക്കളുടെ ആധികാരികത എന്താണെന്ന് അദ്ദേഹം ചോദിച്ചു. തരൂര്‍ തങ്ങള്‍ക്കൊപ്പമില്ലെന്ന കോണ്‍ഗ്രസില്‍ ഉള്ളതായി കണക്കാക്കുന്നില്ലെന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ പ്രതികരണം.

'ഇക്കാര്യങ്ങള്‍ പറയുന്നവര്‍ക്ക് അതിനുള്ള അടിസ്ഥാനം ഉണ്ടായിരിക്കണം. ആരാണ് ഇതൊക്കെ പറയുന്നത്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? എനിക്ക് അറിയാന്‍ താല്‍പര്യമുണ്ട്. മറ്റുള്ളവരുടെ പെരുമാറ്റത്തേക്കുറിച്ച് വിശദീകരിക്കാന്‍ എനിക്ക് കഴിയില്ല. അവരുടെ പെരുമാറ്റത്തേക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടത്. എനിക്ക് എന്റെ കാര്യമേ പറയാന്‍ കഴിയൂ', കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ സംബന്ധിച്ച ചോദ്യത്തോട് തരൂര്‍ പ്രതികരിച്ചു.

ശശി തരൂര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് തിരുത്താത്തിടത്തോളം അദ്ദേഹത്തെ തിരുവനന്തപുരത്തെ ഒരു പാര്‍ട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തരൂരിന്റെ കാര്യം കേരളത്തിലെ കോണ്‍ഗ്രസ് വിട്ടതാണ്. അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെ. തരൂര്‍ ഇപ്പോള്‍ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

മുരളീധരന്റെ പ്രതികരണത്തിനു പിന്നാലെ തരൂര്‍ പാര്‍ട്ടി വിടുന്നതാണ് നല്ലതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും പറഞ്ഞിരുന്നു. പാര്‍ട്ടി പുറത്താക്കുന്നതുവരെ അദ്ദേഹം കാത്തിരിക്കേണ്ടതില്ല, അത് സംഭവിക്കാന്‍ പോകുന്നില്ല. പക്ഷേ, അദ്ദേഹം പുറത്താക്കപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം സ്വയം പുറത്തുപോകുന്നതാണ് നല്ലത്, ഉണ്ണിത്താന്‍ പറഞ്ഞു. തരൂരിനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം പ്രകോപനങ്ങളില്‍ വീഴാതെ കേരളത്തില്‍ അടക്കം അദ്ദേഹം കൂടുതല്‍ സജീവമാകുമെന്നാണ് തരൂരിനെ അനികൂലിക്കിക്കുന്നവര്‍ വ്യക്തമാക്കുന്നത്. മതസാമുദായിക നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള തരൂരിന്റെ ഈ നീക്കമാണ് തരൂര്‍ നടത്തുന്നത്. മുമ്പൊരിക്കല്‍ ഈ നീക്കം തരൂര്‍ നടത്തിയപ്പോള്‍ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. കോണ്‍ഗ്രസ് വേദികളില്‍ തരൂരിന് ഇനി സ്ഥാനം കുറവായിരിക്കും. അതുകൊണ്ട് തന്നെയാണ് സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പക്കാന്‍ തരൂര്‍ ശ്രമിക്കുന്നത്. ഇത് ഭാവിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ വേണ്ടിയാണെന്ന ആക്ഷേപം പോലും സജീവമാണ്.

മതസൗമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാനുള്ള നീക്കം തരൂര്‍ ക്യാമ്പ് നടത്തുന്നത്. വരുന്ന 25, 26 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന സിഎസ്ഐ മധ്യ കേരള മഹാ ഇടവകയുടെ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ശശി തരൂര്‍, പാല രൂപതയുടെ ജൂബിലി സമാപന സമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ മാണിക്കും ഒപ്പം വേദി പങ്കിടും. മതസാമുദായിക നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള തരൂരിന്റെ ഈ നീക്കം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ വലിയ ആകാംക്ഷയ്ക്കാകും വഴിതുറക്കുക. പുകച്ച് പുറത്ത് ചാടിക്കാന്‍ ആവില്ലെന്ന നിലപാടിലാണ് ശശി തരൂര്‍. സ്വയം പുറത്തു പോകട്ടെ എന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വവും. തരൂരിന്റെ തുടര്‍ നീക്കങ്ങള്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയായുധമാക്കാന്‍ കഴിയുമെന്ന വിലയിരുത്തലില്‍ ബിജെപി കേന്ദ്രങ്ങളും.

നിയമസഭാ തിരഞ്ഞെടുപ്പു അടുക്കുന്ന വേളയില്‍ തരൂര്‍ ബിജെപി പക്ഷത്തേക്ക് നീങ്ങിയാല്‍ അത് കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെയാണ് ബാധിക്കുക. അതുകൊണ്ട് തന്നെ കോണ്‍ഗ്രസുകാര്‍ തരൂരിന്റെ നീക്കത്തെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.

പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചവേളയില്‍ ശശി തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിക്കയാണ് കോണ്‍ഗ്രസ് നേതൃത്വം. തിരുവനന്തപുരത്തെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കുമെന്ന് കെ മുരളീധരന്‍ തുറന്നടിച്ചെങ്കിലും കെപിസിസി നേതൃത്വം ഔദ്യോഗികമായി കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിട്ടില്ല.