ന്യൂഡല്‍ഹി: കേരളത്തിലെ യുഡിഎഫ് സീറ്റ് വിഭജനത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക തീരുമാനം. ഗുരുവായൂര്‍, പട്ടാമ്പി, കൊച്ചി, കളമശ്ശേരി സീറ്റുകള്‍ മുസ്ലിം ലീഗുമായി വെച്ചുമാറാന്‍ കോണ്‍ഗ്രസില്‍ ധാരണ. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡുമായി നടത്തിയ നിര്‍ണ്ണായക ചര്‍ച്ചയിലാണ് തീരുമാനം.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കളമശ്ശേരിയില്‍ മത്സരിച്ചേക്കും. കെ ബാബു ഒഴികെ സിറ്റിംഗ് എംഎല്‍എമാരെയെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. തൃപ്പൂണിത്തുറ, പാലക്കാട് സീറ്റുകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. പ്രമുഖരും ചില മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നവരുമായവരുടെ കാര്യത്തില്‍ പൊതുധാരണയുണ്ടാകാന്‍ സാധ്യതയുണ്ട്.

ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും അടുത്ത ഘട്ടത്തില്‍ ഇത് പൂര്‍ണ്ണമാകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. സീറ്റുകളെ ചൊല്ലി വലിയ തര്‍ക്കങ്ങളില്ല. ജയസാധ്യത മുന്‍നിര്‍ത്തി ചില സീറ്റുകള്‍ അങ്ങോട്ടും ഇങ്ങോട്ടും വെച്ചുമാറുന്ന കാര്യവും പരിഗണനയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഈ മാസം 27-ാം തീയതിയോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കടക്കുമെന്നും മാസം അവസാനത്തോടെ ഇത് പൂര്‍ത്തിയാക്കുമെന്നും സതീശന്‍ വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച രീതി ഇത്തവണയും തുടരും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് പദ്ധതിയെന്നും സതീശന്‍ വ്യക്തമക്കി. നിലവിലെ എംപിമാര്‍ വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടന്നത്. രാഹുല്‍ ഗാന്ധി, സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തിലുണ്ട്. അതേസമയം ശശി തരൂര്‍ യോഗത്തിനെത്തിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ന്ന ആദ്യ യോഗമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

കൊച്ചി മഹാപഞ്ചായത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് ഇടഞ്ഞു നില്‍ക്കുകയാണ് തരൂര്‍. തരൂരിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം നടത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും കേരളത്തിലെ നേതാക്കളും തരൂരിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തരൂര്‍ ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃത്വത്തോടുള്ള അതൃപ്തി മൂലം കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കാതെ വിട്ടു നിന്നു. ഇതിനിടെ ഓണ്‍ലൈന്‍ വഴി അദ്ദേഹം പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതുണ്ടായില്ല.

രാഹുല്‍ ഗാന്ധി പങ്കെടുത്ത കൊച്ചിയിലെ മഹാപഞ്ചായത്ത് പരിപാടിയില്‍ വേദിയിലെ ഇരിപ്പിട ക്രമീകരണം, പ്രസംഗം വെട്ടിച്ചുരുക്കിയത് എന്നിവയില്‍ തരൂരിന് കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നിട്ടും തരൂരിന് വേദിയില്‍ ഏറ്റവും അറ്റത്താണ് ഇരിപ്പിടം നല്‍കിയിരുന്നത്. പാര്‍ട്ടി പ്രോട്ടോക്കോള്‍ പാലിച്ചല്ല ക്രമീകരണമെന്നാണ് തരൂരിന്റെ നിലപാട്. പരിപാടിയില്‍ രാഹുല്‍ ഗാന്ധി മാത്രമേ കൂടുതല്‍ നേരം സംസാരിക്കുകയുള്ളൂ, മറ്റുള്ളവര്‍ വേഗത്തില്‍ പ്രസംഗം അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

ഇതനുസരിച്ച് തരൂര്‍ തന്റെ പ്രസംഗം ചുരുക്കിയെങ്കിലും, പിന്നീട് മറ്റ് പല നേതാക്കളും ദീര്‍ഘനേരം സംസാരിച്ചിരുന്നു. കൂടാതെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി വേദിയിലുണ്ടായിരുന്ന പല നേതാക്കളുടെയും പേരുകള്‍ എടുത്തു പറഞ്ഞപ്പോഴും, ശശി തരൂരിനെ പരാമര്‍ശിക്കാതിരുന്നതും അദ്ദേഹത്തെ വിഷമിപ്പിച്ചതായാണ് വിവരം. സീനിയോറിറ്റിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എന്ന നിലയിലുള്ള സ്ഥാനവും കണക്കിലെടുക്കുമ്പോള്‍, രാഹുല്‍ഗാന്ധി തരൂരിന്റെ പേര് പരാമര്‍ശിക്കേണ്ടതായിരുന്നു എന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തരൂരിന്റെ ജനപ്രീതി അവഗണിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാപഞ്ചായത്ത് ചടങ്ങിനു ശേഷം തനിക്ക് നേരിട്ട അവഗണനയിലെ അതൃപ്തി പാര്‍ട്ടിയിലെ ചില നേതാക്കളോട് തരൂര്‍ അറിയിച്ചുവെന്നാണ് വിവരം. തന്റെ പേര് മനപ്പൂര്‍വം ഒഴിവാക്കിയതാണെന്നാണ് തരൂര്‍ വിശ്വസിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി തന്നെ മാറ്റി നിര്‍ത്തുകയാണെന്നും, തെരഞ്ഞെടുപ്പിന് ശേഷം തന്നെ ഒതുക്കി മാറ്റുമെന്നും തരൂര്‍ ഭയപ്പെടുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പാര്‍ലമെന്റിലെ ഇടപെടലുകളിലും വയനാട്ടില്‍ നടന്ന കോണ്‍ഗ്രസ് നേതൃത്വ ക്യാംപില്‍ സജീവമായി പങ്കെടുത്തും തരൂര്‍ പാര്‍ട്ടിയുമായുള്ള അകല്‍ച്ച ഇല്ലാതാക്കിയിരുന്നു. ഇതിനിടെയാണ് മഹാപഞ്ചായത്തിലെ അവഗണന ഉണ്ടാകുന്നത്. ഹൈക്കമാന്‍ഡിന്റെ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ശശി തരൂര്‍ കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.