കൊച്ചി: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന വേളയില്‍ കോണ്‍ഗ്രസിനുള്ളില്‍ സാമുദായിക പ്രാതിനിധ്യ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ മാറ്റിയതിലെ അതൃപ്തി പരസ്യമാക്കിയാണ് ശിവഗിരി മഠാധിപതി രംഗത്തുവന്നത്. ആരോഗ്യ പ്രശ്നങ്ങളുടെ പേരിലാണ് കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതെന്ന വാദത്തിനൈ വിമര്‍ശിച്ചു കൊണ്ടാണ് സ്വാമി സച്ചിദാനന്ദ രംഗത്തുവന്നത്.

കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനേക്കാള്‍ ആരോഗ്യം സുധാകരനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുധാകരന്‍ നേതൃസ്ഥാനത്ത് നിന്നും അര്‍ഹതപ്പെട്ട സ്ഥാനത്തുനിന്നും തഴയപ്പെട്ടു. കെ സുധാകരന്‍ തഴയപ്പെട്ടത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. അദ്ദേഹം പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുകയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഈഴവര്‍ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കവെ കെ സുധാകരനെ വേദിയിലിരുത്തിയായിരുന്നു പരാമര്‍ശം.

രണ്ടോ മൂന്നോ നേതാക്കന്മാര്‍ ചുറ്റുമിരുന്ന് ആര് കേരളത്തെ ഭരിക്കണം ഞാന്‍ ഭരിക്കണമോ നീ ഭരിക്കണമോ എന്ന ചര്‍ച്ച നടക്കുമ്പോള്‍ കെ സുധാകരനെപോലെയും വി എം സുധീരനെ പോലെയുമുള്ളവര്‍ തഴയപ്പെടുകയാണ്. അര്‍ഹിക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നും കെ സുധാകരന്‍ പിന്തള്ളപ്പെട്ടിരിക്കുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് പറയുന്നു. എന്നാല്‍ ദേശീയ അധ്യക്ഷന്റെയും സുധാകരന്റെയും ആരോഗ്യത്തെയും പറ്റി ചിന്തിച്ചാല്‍ അദ്ദേഹം എന്തുകൊണ്ട് തഴയപ്പെട്ടുവെന്ന് മനസിലാകും.

നാലുവര്‍ഷം മുന്‍പ് രാഹുല്‍ഗാന്ധി ശിവഗിരിയില്‍ എത്തിയപ്പോള്‍ ഈഴവര്‍ നേരിടുന്ന അവഗണന ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കെ ബാബു മാത്രമായിരുന്നു അന്ന് സമുദായത്തില്‍ നിന്ന് എംഎല്‍എ ആയി ഉണ്ടായിരുന്നത്. ഇപ്പോഴും നിരവധി പേര്‍ ശിവഗിരി മഠത്തിലേക്ക് വിളിക്കുന്നുണ്ട്. ഒരു വാര്‍ഡില്‍ പോലും മത്സരിക്കാന്‍ അനുവദിക്കുന്നില്ല എന്നാണ് അവരുടെ പരാതി. എല്ലാ സമുദായത്തിനും അര്‍ഹതപ്പെട്ടത് നല്‍കിയില്ലെങ്കില്‍ ഇനിയും പിന്തള്ളപ്പെടുമെന്നതില്‍ സംശയം വേണ്ട. കേരളത്തിലെ ഭരണം ചില പ്രത്യേക സമുദായങ്ങളുടെ വൃത്തത്തില്‍ ചുറ്റിക്കറങ്ങുകയാണ്. രണ്ടോ മൂന്നോ നേതാക്കളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

അതേസമയം, ശിവഗിരി മഠാധിപതിയുടെ വിമര്‍ശനം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമെന്നാണ് കെ സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ ക്രൈസ്തവ പ്രാതിനിധ്യത്തിന്റെ ഭാഗമായാണ് സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത്. കെ സുധാകരനെ കോണ്‍ഗ്രസ് ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയും നിയമിക്കുകയായിരുന്നു. അതേസമയം കേരളത്തില്‍ നിര്‍ണായക സാമുദായിക ശക്തിയായ ഈഴവ വിഭാഗത്തിന്റെ പരാതി അവഗണിച്ചു മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസിന് എളുപ്പം സാധിക്കില്ല.

നേരത്തെ ഈഴവര്‍ക്ക് ആവശ്യത്തിന് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന വാദമുയര്‍ത്തി വെള്ളാപ്പള്ളി നടേശനും രംഗത്തുവന്നിരുന്നു. രാഷ്ട്രീയത്തില്‍ ഈഴവന്റെ പ്രാതിനിധ്യം കുറയുകയാണ്. സമുദായത്തിന്റെ പ്രതാപം നഷ്ടപ്പെട്ടു. അധികാരത്തിലെത്താതെ ഒന്നും നമുക്ക് നേടാന്‍ സാധിക്കില്ല. ആര്‍.ശങ്കറിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചത് അധികാരമുള്ളതു കൊണ്ടാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് സമുദായം പിറകോട്ടു പോവുകയാണ്.

കോളജുകളില്‍ പോയി അവിടത്തെ വസ്ത്രധാരണം നോക്കിയാല്‍ ആരാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് അറിയാന്‍ സാധിക്കും. പരസ്പരം പോരടിച്ചു നമ്മള്‍ നമ്മുടെ സ്ഥാപനങ്ങളെ നശിപ്പിക്കുകയാണ്. സ്വകാര്യ താല്‍പര്യങ്ങള്‍ മാറ്റിവച്ചു പൊതുതാല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണമെന്നും വെള്ളാപ്പള്ളി ആര്‍ ശങ്കറിന്റെ ചരമ വാര്‍ഷിക ദിനാചരണ പരിപാടിയില്‍ പറഞ്ഞു.