മലപ്പുറം: സിപിഎമ്മിന് ഈശ്വര വിശ്വാസമുണ്ടോയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സര്‍ക്കാരിന്റെ ശബരിമല നിലപാട് ആചാര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതാക്കളും വിശ്വാസികള്‍ ആണെന്നും കോണ്‍ഗ്രസിന് എന്‍എസ്എസുമായി എല്ലാ കാലത്തും നല്ല ബന്ധമുണ്ടെന്നും കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ എല്ലാം ഇരുമുടി കെട്ടുമായി ശബരിമല കയറുന്നവരാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

'കെ മുരളീധരന്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എല്ലാവരും ശബരിമലയില്‍ പോകുന്നവരാണ്. യുവതീ പ്രവേശന കാലത്ത് പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാരാണിത്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരില്‍ ആയിഷ പോറ്റിയെ സിപിഎം ഒറ്റപ്പെടുത്തി. മത്തായി ചാക്കോക്ക് അന്ത്യ കൂദാശ നല്‍കിയതിനെ വിവാദമാക്കിയതും സിപിഎമ്മാണ്', സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

ഏത് സിപിഎം നേതാവിന് ആണ് ശബരിമലയില്‍ വിശ്വാസം ഉള്ളതെന്നും സണ്ണി ജോസഫ് ചോദിച്ചു. യുവതീ പ്രവേശന കാലത്ത് പ്രതിഷേധക്കാര്‍ക്ക് എതിരെ കേസ് എടുത്ത സര്‍ക്കാര്‍ ആണിതെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്‍എസ്എസുമായി കോണ്‍ഗ്രസിന് എല്ലാ കാലത്തും നല്ലബന്ധമാണെന്നും എന്‍എസ്എസിന് എല്ലാ കാലത്തും സമദൂര നിലപാടാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

സാമുദായിക സംഘടനകള്‍ക്ക് അവരവരുടെ നിലപാടുകള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചിരുന്നു.