- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റുതിരുത്തല്‍ കാമ്പയിന്‍ വിജയം കണ്ടില്ല; ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ല; തിരിച്ചടികളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റിട്ടുള്ള പാരമ്പര്യമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്; അത്തരമൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സാക്ഷ്യം വഹിക്കുമെന്ന് തോമസ് ഐസക്ക്
തെറ്റുതിരുത്തല്‍ കാമ്പയിന്‍ വിജയം കണ്ടില്ല; ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ല;
തിരുവനന്തപുരം: കേരളത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തണമെങ്കില്‍ പരാജയത്തെ നിശിതമായി വിലയിരുത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പോലെ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം പാര്‍ട്ടിയില്‍ നിന്നും അകന്നുവെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായും സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി തെറ്റുകള്‍ തിരുത്തുന്നതിന് വലിയ കാമ്പയിന്‍ തന്നെ സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍ ഈ ദൗര്‍ബല്യങ്ങള്‍ പലതും തുടരുന്നൂവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ല. 2021 ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. കാരണം, അത് അത്രയ്ക്ക് ഉയര്‍ന്നതായിരുന്നു. പക്ഷേ, ഏതാണ്ട് 2010-ലെ സ്ഥിതിയിലേക്ക് വീഴുമെന്ന് പ്രതീക്ഷിച്ചില്ല.
കേരള സര്‍ക്കാരിന്റെ വികസന മികവും നേട്ടങ്ങളും തെളിഞ്ഞുനിന്ന് കാലമാണിത് എന്നതാണ് യാഥാര്‍ത്ഥ്യം. ക്ഷേമ പ്രവര്‍ത്തന കാര്യങ്ങളില്‍ സാധാരണക്കാരുടെ പ്രതീക്ഷകള്‍ക്കപ്പുറമാണ് തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ പ്രഖ്യാപനങ്ങളും അവ നടപ്പായതും. കിഫ്ബി വഴിയും അല്ലാതെയും യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്ന വമ്പന്‍ പദ്ധതികളുടെ പൂര്‍ത്തീകരണ പരമ്പരയായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ നടന്നത്. പക്ഷേ, ഭരണവിരുദ്ധ വികാരത്തെക്കുറിച്ചാണ് മാധ്യമങ്ങള്‍ പറയുന്നത്. ഇത് എങ്ങനെ സംഭവിച്ചു? മറിച്ചുള്ള ആഖ്യാനങ്ങളും ഛായകളും പ്രതിപക്ഷം സൃഷ്ടിച്ചെടുത്തത് എങ്ങനെ? അതിന് നമ്മുടെ എന്തെങ്കിലും പോരായ്മകള്‍ നിമിത്തങ്ങളായിട്ടുണ്ടോ?
സിപിഐ(എം)ന്റെ ഇന്നത്തെ രാഷ്ട്രീയകാഴ്ചപ്പാടില്‍ ഒരു സുപ്രധാന കേന്ദ്രഘടകം ന്യൂനപക്ഷ സംരക്ഷണമാണ്. കാരണം ന്യൂനപക്ഷവിരുദ്ധ വര്‍ഗീയരാഷ്ട്രീയം അടിസ്ഥാനമാക്കിയാണ് ബിജെപി അധികാരം പിടിക്കുന്നത്. ഇതിനെതിരെ മതനിരപേക്ഷതയുടെ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. എന്നാല്‍ യുഡിഎഫിനാകട്ടെ കേരളത്തില്‍പ്പോലും മതതീവ്രവാദങ്ങളോട് സമരസപ്പെടുന്നതിനും കോ-ലീ-ബി സഖ്യങ്ങള്‍ രൂപീകരിക്കുന്നതിനും മടിയില്ല.
പക്ഷേ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെന്നപോലെ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം ഇടതുപക്ഷത്തു നിന്നും അകലുന്ന അനുഭവമാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. പലസ്തീന്‍ ഐക്യദാര്‍ഡ്യ കാമ്പയിന്‍ ഏറ്റവും ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന കാലയളവിലാണ് ഇത് ഉണ്ടായിട്ടുള്ളത്. ''ഇടത് ഹിന്ദുത്വ''യെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഒരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കാന്‍ കഴിയുന്നത്? അതിനു നമ്മുടെ എന്തെങ്കിലും വീഴ്ചകള്‍ നിമിത്തങ്ങളായിട്ടുണ്ടോ?
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷവും 24-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായും സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി തെറ്റുകള്‍ തിരുത്തുന്നതിന് വലിയ കാമ്പയിന്‍ തന്നെ സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍ ഈ ദൗര്‍ബല്യങ്ങള്‍ പലതും തുടരുന്നൂവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അവ അടിയന്തരമായി തിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ എന്ത് നടപടി സ്വീകരിക്കണം?
2010-ലെ തെരഞ്ഞെടുപ്പില്‍ ഇതിനേക്കാള്‍ മോശം പ്രകടനം കാഴ്ചവച്ചിട്ടും വിജയത്തിനോടടുത്ത പരാജയമേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായുള്ളൂ. ഇത്തവണ വിജയത്തില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ല. കാരണം, ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഒരു സംസ്ഥാന ഭരണമെങ്കിലും തുടരേണ്ടത് നാടിന്റെ ആവശ്യമാണ്. ഈ വിജയം ഉറപ്പാക്കണമെങ്കില്‍ പരാജയത്തെ നിശിതമായി വിലയിരുത്തി ആവശ്യമായ തിരുത്തലുകള്‍ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്ന് പാര്‍ടി വ്യക്തമാക്കിക്കഴിഞ്ഞു. അത് നാളത്തെ സെക്രട്ടറിയേറ്റോടെ ആരംഭിക്കുകയാണ്. തിരിച്ചടികളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റിട്ടുള്ള പാരമ്പര്യമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്. അത്തരമൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം സാക്ഷ്യംവഹിക്കും.




