കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലത്തിലെ വിമത ഭീഷണി പരിഹരിക്കാന്‍ യുഡിഎഫ് സ്വതന്ത്രന്‍ ടി.കെ. ഗോവിന്ദന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.കെഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. സിപിഎം വിട്ടെത്തിയ ഗോവിന്ദന്‍ മാസ്റ്ററെ ജയിപ്പിക്കാന്‍ യുഡിഎഫ് കച്ചമുറുക്കുമ്പോഴും 'കൈപ്പത്തി' വാദവും വിമത ഭീഷണിയും പാരയാകുമെന്ന് ഉറപ്പായതോടെയാണ് കെ. സുധാകരന്റെ അടിയന്തര ഇടപെടല്‍ മാസ്റ്റര്‍ തേടിയത്. വെള്ളിയാഴ്ച ഉച്ചയോടെ സുധാകരന്റെ നടാലിലെ വസതിയിലെത്തിയ ഗോവിന്ദന്‍ മാസ്റ്ററെ ഷാളണിയിച്ചാണ് കെ.എസ് സ്വീകരിച്ചത്.

അടച്ചിട്ട മുറിയിലെ അരമണിക്കൂര്‍; ലക്ഷ്യം കൊയ്യം ജനാര്‍ദ്ദനന്‍!

ഏകദേശം അരമണിക്കൂറോളം നീണ്ട അടച്ചിട്ട മുറിയിലെ ചര്‍ച്ചയില്‍ പ്രധാന വിഷയം മണ്ഡലത്തിലെ വിമതപ്പട തന്നെയായിരുന്നു. ടി.കെ. ഗോവിന്ദനെ സ്വതന്ത്രനായി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊയ്യം ജനാര്‍ദ്ദനന്‍ സ്വതന്ത്രനായി പത്രിക നല്‍കാന്‍ ഒരുങ്ങുന്നത് യുഡിഎഫിനെ ഞെട്ടിച്ചിട്ടുണ്ട്.

കൊയ്യത്തിന് പുറമെ രണ്ട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും ഒരു മണ്ഡലം നേതാവും കൂടി പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചതോടെ തളിപ്പറമ്പില്‍ യുഡിഎഫ് വോട്ടുകള്‍ ചിതറുമോ എന്ന ആശങ്കയിലാണ് നേതൃത്വം.

'കൈപ്പത്തി' നിര്‍ബന്ധം; മാസ്റ്റര്‍ക്ക് പാരയാകുമോ?

മണ്ഡലത്തിലെ സാധാരണക്കാരായ കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്കിടയില്‍ 'കൈപ്പത്തി' ചിഹ്നമില്ലാതെ വോട്ട് ചെയ്യില്ലെന്ന വാശി ശക്തമാണ്. മാസ്റ്റര്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ ഈ വോട്ടുകള്‍ ചോരുമോ എന്ന പേടിയിലാണ് ടി.കെ. ഗോവിന്ദന്‍. സുധാകരന്‍ നേരിട്ട് രംഗത്തിറങ്ങി പ്രവര്‍ത്തകരെ അനുനയിപ്പിക്കണമെന്നും വിമതരെ പിന്തിരിപ്പിക്കണമെന്നുമാണ് മാസ്റ്ററുടെ പ്രധാന ആവശ്യം.

സുധാകരന്‍ മടങ്ങിയെത്തുന്നു; നാളെ മഹാ കണ്‍വെന്‍ഷന്‍

അല്‍പ്പം വിട്ടുനിന്നിരുന്ന കെ. സുധാകരന്‍ വീണ്ടും സജീവമാകുന്നതോടെ തളിപ്പറമ്പിലെ ചിത്രം മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. നാളെ നടക്കുന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ജില്ലയിലെ പ്രമുഖ നേതാക്കള്‍ അണിനിരക്കും.