കോട്ടയം: അതും പിണറായി തീരുമാനിച്ചു. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി.ആര്‍. രഘുനാഥനെ തിരഞ്ഞെടുത്തത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചാണ്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്ത തീരുമാനം എം.വി. ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അറിയിച്ചു. അന്തരിച്ച എ.വി. റസ്സലിന്റെ പിന്‍ഗാമിയായാണ് ടി.ആര്‍. രഘുനാഥന്‍ കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.

സിപിഎം ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്ത് ആഴ്ചകള്‍ക്കുള്ളിലാണ് അര്‍ബുദബാധിതനായി എ.വി. റസല്‍ മരിച്ചത്. 2022ലാണ് റസല്‍ ആദ്യം ജില്ലാ സെക്രട്ടറിയാകുന്നത്. കൊല്ലത്തെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ രഘുനാഥിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ അടുത്ത ഊഴം രഘുനാഥിന് കിട്ടുമെന്നും ഏതാണ്ട് ഉറപ്പായി. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് പരിചയമുള്ള നേതാവാണ് രഘുനാഥ്. സിപിഎമ്മിലെ സൗമ്യ മുഖമാണ് രഘുനാഥ്. ആരേയും പിണക്കാത്ത വ്യക്തിത്വം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് സിപിഎം കൂടുതല്‍ അത്ഭുതം പ്രതീക്ഷിക്കുന്നുണ്ട്. പുതുപ്പള്ളിയില്‍ അടക്കം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുകയാണ് ലക്ഷ്യം. അതിന് വേണ്ടിയാണ് രഘുനാഥിനെ ജില്ലാ സെക്രട്ടറിയായി നിയോഗിക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പിടിക്കാന്‍ ജെയ്ക് തോമസ് എന്ന യുവ നേതാവിനെയാണ് പിണറായി കണ്ടിരുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയോട് തോറ്റ ജെയ്കിന് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ അടിതെറ്റി. ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് മുന്നില്‍ ജെയ്ക് തകര്‍ന്നടിഞ്ഞു. കൊല്ലം സമ്മേളനത്തില്‍ ജെയ്ക് സംസ്ഥാന സമിതിയില്‍ എത്തുമെന്ന് കരുതിയവരുമുണ്ട്. പക്ഷേ കോട്ടയത്ത് നിന്നും നറുക്ക് വീണത് രഘുനാഥിനാണ്. പുതുപ്പള്ളി അടക്കമുള്ള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ പിടിമുറുക്കയാണ് സിപിഎം ലക്ഷ്യം. ഇതിന് വേണ്ടിയാണ് രഘുനാഥിന് പാര്‍ട്ടിയുടെ നായക സ്ഥാനം കോട്ടയത്ത് നല്‍കുന്നത്.

റസലിന്റെ മരണത്തെ തുടര്‍ന്ന് സിപിഐഎം കോട്ടയം ഘടകത്തെ ആര് നയിക്കും എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ടി ആര്‍ രഘുനാഥന് തന്നെയായിരുന്നു പ്രഥമ പരിഗണ. രഘുനാഥന് പുറമേ മുതിര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഹരികുമാര്‍, സിഐടിയു നേതാവ് കെ എം രാധാകൃഷ്ണന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനില്‍കുമാര്‍ എന്നിവരേയും പരിഗണിച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ടി ആര്‍ രഘുനാഥനെ പിന്തുണയ്ക്കുകയായിരുന്നു. പിണറായിയുടെ അനുകൂല മനസ്സായിരുന്നു ഇതിന് കാരണം. സഹകാരിയെന്ന നിലയിലും തൊഴിലാളി നേതാവെന്ന നിലയിലും എല്ലാം രഘുനാഥന് പ്രവര്‍ത്തന പരിചയമുണ്ട്.

'പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ചുമതലയാണ്. സഖാവ് റസ്സല്‍ കോട്ടയം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കെട്ടുറപ്പോടെയും ദീര്‍ഘവീക്ഷണത്തോടെയും നയിച്ച സഖാവാണ്. മുന്‍ ജില്ലാ സെക്രട്ടറിമാരെല്ലാവരും വളരെ സജീവമായി പ്രവര്‍ത്തനം കാഴ്ചവെച്ചവരാണ്. അത് തുടരണം എന്നാണ് ആഗ്രഹം' ടി.ആര്‍. രഘുനാഥന്‍ പറഞ്ഞു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. സി.ഐ.ടി.യു. അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിയംഗമാണ്. എസ്.എഫ്.ഐയിലൂടെ സംഘടനാ രംഗത്തെത്തുന്നത്. ബസേലിയസ് കോളേജ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായി യുവജന രംഗത്ത് പ്രവര്‍ത്തനമാരംഭിച്ചു.

ഡി.വൈ.എഫ്.ഐ. പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്, അയര്‍ക്കുന്നം ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സി.പി.എം. അയര്‍ക്കുന്നം ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗമായി. ഇപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോട്ടയം കോ- ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക് ചെയര്‍മാനുമാണ്. അയര്‍ക്കുന്നം ആറുമാനൂരാണ് സ്വദേശം. ഭാര്യ : രഞ്ജിത മകന്‍ : രഞ്ജിത്ത്. മരുമകള്‍ അര്‍ച്ചന.