തിരുവനന്തപുരം: പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് യുഡിഎഫ് പ്രസിഡന്റ് എസ്. ഗീത രാജിവെച്ചു. എസ്ഡിപിഐയുടെ പിന്തുണയോടെ ഭരണം തുടരേണ്ടതില്ലെന്ന യുഡിഎഫ് പ്രാദേശിക നേതൃത്വത്തിന്റെ കര്‍ശന നിലപാടാണ് രാജിക്കു പിന്നില്‍.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ വോട്ടുകളുടെ കൂടി പിന്തുണയോടെയാണ് യുഡിഎഫ് അധികാരം പിടിച്ചെടുത്തത്. എന്നാല്‍, തീവ്ര സ്വഭാവമുള്ള സംഘടനകളുമായി സഖ്യം വേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ നയം ലംഘിക്കപ്പെട്ടതില്‍ ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ തുടക്കം മുതലേ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

എസ്ഡിപിഐ പിന്തുണയോടെയുള്ള ഭരണം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന് ഭൂരിപക്ഷം പ്രാദേശിക നേതാക്കളും വിലയിരുത്തി. വര്‍ഗീയ ശക്തികളുമായി യാതൊരുവിധ സഖ്യവും പാടില്ലെന്ന കെപിസിസി നിലപാടിന് വിരുദ്ധമായാണ് പാങ്ങോട്ടെ നീക്കമെന്ന് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

പിന്തുണയെച്ചൊല്ലി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത രൂക്ഷമായതോടെ ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം സംജാതമായി. 'പാര്‍ട്ടിക്ക് ക്ഷീണം വരുത്തുന്ന രീതിയില്‍ മുന്നോട്ട് പോകാന്‍ താല്പര്യമില്ല. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമാണ് തങ്ങള്‍ നില്‍ക്കുന്നത്,' എന്ന് രാജിയെക്കുറിച്ച് നേതാക്കള്‍ പ്രതികരിച്ചു.

എസ്. ഗീതയുടെ രാജി സമര്‍പ്പിച്ചതോടെ പഞ്ചായത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കായി വഴിതുറന്നിരിക്കുകയാണ്. വരും ദിവസങ്ങളില്‍ യുഡിഎഫ് സ്വീകരിക്കുന്ന നിലപാട് പഞ്ചായത്ത് ഭരണത്തിന്റെ ഭാവി നിര്‍ണ്ണയിക്കും.

അതേസമയം, പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണ നിരാകരിച്ച് യുഡിഎഫ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച കെ വി ശ്രീദേവി രാജി വച്ചു. എസ്ഡിപിഐ പിന്തുണ വേണ്ടന്ന് യുഡിഎഫ് തീരുമാനിച്ചതാണ് രാജിയിലേക്ക് നയിച്ചത്. മൂന്ന് അംഗങ്ങളാണ് പഞ്ചായത്തില്‍ എസ്ഡിപിഐക്കുള്ളത്.

ബിജെപിയെ ഒഴിവാക്കാനാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നതെന്നായിരുന്നു എസ്ഡിപിഐ നിലപാട്. ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്ന നിലപാടാണ് തങ്ങള്‍ക്കെന്ന് രാജിവച്ച പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.

യുഡിഎഫിനും ബിജെപിക്കും അഞ്ചു വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ എസ്ഡിപിഐക്ക് മൂന്ന് പ്രതിനിധികള്‍ ഉണ്ട്. എല്‍ഡിഎഫിന് ഒരു പ്രതിനിധി ആണ് ഉള്ളത്. കഴിഞ്ഞതവണ എസ്ഡിപിഐ പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്താണ് കോട്ടാങ്ങല്‍. എസ്ഡിപിഐ, ബിജെപി, സിപിഎം പാര്‍ട്ടികളുടെ പിന്തുണയില്‍ ഭരണം ലഭിച്ചാല്‍ രാജിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.