തിരുവനന്തപുരം: എ കെ ബാലന്റെ വിവാദ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാറിന്റെ വര്‍ഗീയപ്രചാരണം സിപിഎം ഏറ്റെടുക്കുന്നുവെന്നാണ് സതീശന്റെ ആരോപണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നും അപ്പോള്‍ പല മാറാടുകളും ഉണ്ടാകുമെന്നുമുള്ള എ കെ ബാലന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് വി ഡി സതീശന്‍ രംഗത്തെത്തിയത്. ഇത് വര്‍ഗീയ കലാപം ഉണ്ടാക്കാനാണെന്നും, സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന പ്രചാരണത്തിന്റെ ഭാഗമായാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

എ.കെ. ബാലന്റെ പ്രസ്താവന സിപിഎം നേതൃത്വത്തിന്റെ അറിവോടുകൂടിയാണെന്നാണ് വി.ഡി. സതീശന്റെ ആരോപണം. വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും നടത്തിയ പ്രസ്താവനകള്‍ കൂട്ടിവയ്ക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 'ബിനോയ് വിശ്വം എ.കെ. ബാലന്റെ വര്‍ഗീയ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ? ബിനോയ് വിശ്വം ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രചാരണമാണ് നടക്കുന്നത്. ഇടതുമുന്നണി ശിഥിലിക്കപ്പെടുകയാണ്,' വി.ഡി. സതീശന്‍ പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി കയ്യാളുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമായിരുന്നു എ.കെ. ബാലന്റെ പരാമര്‍ശം. ബാലനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ജമാഅത്തെ ഇസ്ലാമി രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ എവിടെയെങ്കിലും ജമാഅത്തെ ഇസ്ലാമി വര്‍ഗീയമായ ഒരു പരാമര്‍ശമെങ്കിലും നടത്തിയതായി തെളിയിക്കാന്‍ ബാലനെ വെല്ലുവിളിക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാറിനെ സിപിഐഎം സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരായി ഗുരുതരമായ ആരോപണം എസ്‌ഐടി കോടതിയില്‍ നല്‍കി. എന്നിട്ടും പത്മകുമാറിനെ സിപിഐഎം സംരക്ഷിക്കുകയാണ്. പത്മകുമാര്‍ ദൈവതുല്യനായി കാണുന്ന ആളെ സംരക്ഷിക്കാന്‍ ആണോ ഇതെന്ന് സിപിഐഎം വ്യക്തമാക്കണം. അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നവര്‍ക്ക് കുടപിടിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുകയാണ് സിപിഐഎം എന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

എം.വി. നികേഷ് കുമാറിനെയും വി.ഡി. സതീശന്‍ പരോക്ഷമായി വിമര്‍ശിച്ചു. എകെജി സെന്ററില്‍ ഇരുന്ന് ഒരാള്‍ തനിക്കെതിരെ നിരന്തരം കാര്‍ഡ് ഇറക്കി കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കഴിയുമ്പോള്‍ അയാള്‍ക്കെതിരെ ഒരു ഒറിജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന് പറഞ്ഞേക്കൂ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.