- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി ഡി സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പിയുടെ മാനസികാവസ്ഥ; എസ്.എന്‍.ഡി.പി യോഗത്തെയും ഗുരുദേവ ദര്‍ശനങ്ങളെയും അധിക്ഷേപിക്കുന്നു; ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണ് ശ്രമം; ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖം; രൂക്ഷ വിമര്‍ശനവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന്‍
വി ഡി സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പിയുടെ മാനസികാവസ്ഥ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. വി.ഡി.സതീശന്‍ എസ്.എന്‍.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് വെള്ളാപ്പള്ളി ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത്. എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശന്‍ സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളിലൂന്നി രാജ്യംമുഴുവന്‍ പ്രചരണം നടത്തുന്ന ലോക് സഭ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടേയും, പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും അറിവോടെയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കണം.- വെള്‌ലാപ്പള്ളി കുറിച്ചു.
ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ ഉള്‍പ്പെടെ അര്‍ഹമായ നീതി ഉറപ്പാക്കുമെന്നു പറഞ്ഞു പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിയെ സതീശന്‍ വെല്ലുവിളിക്കുകല്ലേ ഇതിലൂടെ ചെയ്യുന്നത്. ശ്രീനാരായണഗുരുദേവ തൃക്കരങ്ങളാല്‍ സ്ഥാപിതമായ എസ്.എന്‍.ഡി.പി യോഗത്തെ മാത്രമല്ല ഗുരുദേവ ദര്‍ശനങ്ങളെകൂടിയാണ് സതീശന്‍ ആക്ഷേപിക്കുന്നത്.
ഇതാദ്യമായല്ല സതീശന്‍ എസ്.എന്‍.ഡി.പി യോഗത്തെ ആക്ഷേപിക്കുന്നത്. പറവൂരില്‍ ഉള്‍പ്പെടെ ഈഴവ സമുദായത്തിന്റെ പിന്തുണ മറന്നുകൊണ്ടാണ് സതീശന്റെ നീക്കങ്ങള്‍. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണു സതീശന്റെ ശ്രമമെന്നും കുറ്റപ്പെടുത്തുന്നു.
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്നു വീമ്പിളക്കുന്ന സതീശന്‍ എന്‍ .എസ്.എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂര്‍ തിണ്ണ നിരങ്ങിയ കഥ പുറത്തു വന്നുകഴിഞ്ഞു.കൊച്ചിയില്‍ സിറോ മലബാര്‍ സഭയുടെ സിനഡ് നടന്നപ്പോള്‍ അവിടെ മറ്റൊരു കാറില്‍ ആരും അറിയാതെ സതീശന്‍ പോയത് എന്തിനാണെന്നും വെളിപ്പെടുത്തണം.
ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖമാണിത്. എസ്.എന്‍.ഡി.പി യോഗത്തെ ആക്ഷേപിക്കുന്ന സതീശന്‍, ശിവഗിരിയില്‍ പ്രസംഗിക്കാന്‍ പോയപ്പോള്‍ എന്തുകൊണ്ട് ഇതേ നിലപാട് സ്വീകരിച്ചില്ല.അതു സതീശന്റെ പ്രീണന നയവും ഇരട്ടത്താപ്പുമാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ എസ്.എന്‍.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം.- വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
അതേസമയം എന്‍എസ്എസും എസ്എന്‍ഡിപിയും കൈകോര്‍ത്ത് എതിരേ തിരിഞ്ഞെങ്കിലും പറഞ്ഞവാക്കിലുറച്ച് പൊരുതാനാണ് വി ഡി സതീശന്റെ ശ്രമം. വര്‍ഗീയതയ്‌ക്കെതിരെ പറഞ്ഞതില്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചും സമുദായ നേതാക്കളെ കാണുന്നതും സംസാരിക്കുന്നതുമല്ല വര്‍ഗീയതയെന്ന് വിശദമാക്കിയുമാണ് സതീശന്‍ നിലപാടാവര്‍ത്തിച്ചത്.
സമുദായനേതാക്കളുയര്‍ത്തിയ എതിര്‍പ്പിന്റെ അരികുപറ്റി സതീശനെതിരേയുള്ള നീക്കത്തിന് കോണ്‍ഗ്രസിനുള്ളില്‍ കോപ്പുകൂട്ടലുണ്ടായെങ്കിലും ഒറ്റദിവസം കൊണ്ട് അത് ദുര്‍ബലമായി. മന്ത്രി സജിചെറിയാന്റെ വര്‍ഗീയത നിറഞ്ഞ പരാമര്‍ശങ്ങളാണ് സതീശന്റെ നിലപാടിന് കൂടുതല്‍ ജനസ്വീകാര്യതയുണ്ടാക്കിയത്. സാമുദായിക സംഘടനകളോട് പൊരുതിനില്‍ക്കാനുള്ള ധൈര്യം കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവേ കാണിക്കാറില്ല. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും എതിര്‍ക്കുന്ന നിലപാട് സതീശനും ഇപ്പോള്‍ സ്വീകരിച്ചിട്ടില്ല.
എന്നാല്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങളെയാണ് അദ്ദേഹം എതിര്‍ത്തത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങള്‍ ഏറ്റുപിടിക്കാനും അദ്ദേഹം നിന്നില്ല. വര്‍ഗീയതയ്‌ക്കെതിരേയാണ് താന്‍ പറയുന്നതെന്ന് ആവര്‍ത്തിച്ച്, സിപിഎമ്മിനുനേരേയുള്ള രാഷ്ട്രീയായുധമാക്കി മാറ്റാനാണ് സതീശന്‍ ശ്രമിച്ചത്.
സതീശനെ ഉന്നമിട്ടുള്ള നീക്കമല്ലെന്ന വിശദീകരണക്കുറിപ്പ് എന്‍എസ്എസിന് ഇറക്കേണ്ടിയും വന്നു. സതീശന്‍ പറഞ്ഞത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണെന്ന് രമേശ് ചെന്നിത്തലയും കെ. മുരളീധരനും വ്യക്തമാക്കി. എന്നാല്‍, അത്രപിന്തുണ നല്‍കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫോ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശോ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. സതീശനെതിരേയുള്ള സുകുമാരന്‍നായരുടെ പ്രസ്താവനവന്നതിന് തൊട്ടുപിന്നാലെ പ്രവര്‍ത്തക സമിതി അംഗമായ കൊടിക്കുന്നില്‍ സുരേഷ് പെരുന്നയിലെത്തിയതും കോണ്‍ഗ്രസിനുള്ളിലെ ഉള്‍പ്പോരിന്റെ തെളിവാണ്.
സജി ചെറിയാന്റെ പ്രസ്താവനകൂടി വന്നതോടെ മുസ്ലിം വിഭാഗങ്ങളില്‍നിന്നുള്ള പിന്തുണയും സതീശന് കൂടി. ലീഗ് പരസ്യമായി സതീശനൊപ്പം നില്‍ക്കുന്ന സ്ഥിതിയായി. ഇടതുപക്ഷത്തേക്ക് ഇടയ്‌ക്കൊക്കെ ചാഞ്ഞുനിന്നിരുന്ന സമസ്തയില്‍പ്പോലും എതിര്‍പ്പുയര്‍ന്നു. ക്രിസ്ത്യന്‍ സഭാവിഭാഗങ്ങളുമായി നല്ലബന്ധത്തില്‍ പോകാനുള്ള ശ്രമം നേരത്തേ സതീശന്‍ തുടങ്ങിയിരുന്നു.


