- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഹ്‌റുവിയന്‍ ആശയത്തില്‍ വെള്ളം ചേര്‍ത്തു; മത,സമുദായ നേതൃത്വങ്ങളോട് പാര്‍ട്ടിക്ക് അമിത വിധേയത്വം; ബിജെപിയും സിപിഎമ്മും ഉണ്ടാക്കുന്ന സാമുദായിക ധ്രുവീകരണത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ വീഴുന്നു; യൂത്ത് കോണ്‍ഗ്രസ് പ്രമയേത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വിമര്‍ശനം; ക്യാപ്റ്റന്‍, മേജര്‍ പരാമര്‍ശങ്ങളിലും വിമര്‍ശനം
നെഹ്‌റുവിയന്‍ ആശയത്തില്‍ വെള്ളം ചേര്‍ത്തു; മത,സമുദായ നേതൃത്വങ്ങളോട് പാര്‍ട്ടിക്ക് അമിത വിധേയത്വം
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസ് നിലപാടിനെ എതിര്‍ത്തു കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയമിറക്കിയത്. മത സമുദായ നേതൃത്വങ്ങളോട് പാര്‍ട്ടിക്ക് അമിത വിധേയത്വമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയമിറക്കി. ഇത് അപകടകരമാണെന്നും നെഹ്‌റുവിയന്‍ ആശയത്തില്‍ വെള്ളം ചേര്‍ത്തെന്നും പ്രമേയത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിലാണ് പ്രമേയം പാസാക്കിയത്.
ബിജെപിയും സിപിഐഎമ്മും ഉണ്ടാക്കുന്ന സാമുദായിക ധ്രുവീകരണത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ വീഴുന്നുവെന്നും വിമര്‍ശനമുണ്ട്. 'വര്‍ഗീയതയെ വര്‍ഗീയത കൊണ്ടല്ല നേരിടേണ്ടത്. വ്യക്തി അധിഷ്ഠിത രാഷ്ട്രീയം നടത്തുന്നവരെ മുന്നണി പുറത്തു നിര്‍ത്തണം. തിരഞ്ഞെടുപ്പ് വിജയം ഒരുമയുടെയും കൂട്ടായ്മയുടെയും എന്ന ബോധ്യം വേണം', പ്രമേയത്തില്‍ പറയുന്നു.
പഠന ക്യാമ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും വിമര്‍ശനമുണ്ടായിരുന്നു. ഭാരവാഹികള്‍ ജനപ്രതിനിധികള്‍ ആയാല്‍ സ്ഥാനം ഒഴിയണമെന്നായിരുന്നു പാലക്കാട് ജില്ലയില്‍ നിന്നുള്ള ഭാരവാഹി ഉയര്‍ത്തിയ ആവശ്യം. ജനപ്രതിനിധികള്‍ക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നും പ്രതിനിധി ചൂണ്ടിക്കാണിച്ചു. രാഹുല്‍ മാങ്കൂട്ടത്തലിന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ഉയര്‍ന്ന ക്യാപ്റ്റന്‍ മേജര്‍ വിളികള്‍ നാണക്കേടാണെന്ന രൂക്ഷവിമര്‍ശനവും പഠന ക്യാമ്പില്‍ ഉയര്‍ന്നു. നേതാക്കള്‍ അപഹാസ്യരാകരുതെന്ന് പ്രമേയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു.ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചര്‍ച്ചകള്‍ കോണ്‍ഗ്രസിന് നാണക്കേടെന്നും വിമര്‍ശനം ഉയര്‍ന്നു. ജനത്തിന് അവമതിപ്പുണ്ടാക്കുന്ന ഇടപെടലുകള്‍ ഒഴിവാക്കണമെന്നും ഇത്തരം വിളികള്‍ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കള്‍ തന്നെയെന്നും ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു.
അതേസമയം യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 35 വയസ്സായി തന്നെ തുടരാനാണ് തീരുമാനം. പ്രായപരിധി 40 വയസ്സ് ആക്കണമെന്ന ആവശ്യത്തെ തള്ളുകയായിരുന്നു. 12 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും പ്രായപരിധി ഉയര്‍ത്തുന്നതില്‍ എതിര്‍പ്പറിയിച്ചതോടെയാണിത്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതി നടപ്പാക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. വയനാട്ടിലെ പ്രതിനിധികള്‍ തുടങ്ങി വച്ച വിമര്‍ശനം മറ്റുജില്ലകളിലെ പ്രതിനിധികളും തുടര്‍ന്നു. ഇത് നാണക്കേടാണെന്നായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന പൊതു വികാരം. എന്നാല്‍ കെപിസിസിയുമായി ചേര്‍ന്ന് ഭവന പദ്ധതി നടപ്പാക്കുമെന്നായിരുന്നു സംസ്ഥാന നേതൃത്വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നല്‍കിയ വിശദീകരണം.
അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഖദറിനോട് എന്താണിത്ര നീരസമെന്ന ചോദ്യവുമായി മുതിര്‍ന്ന നേതാവ് അജയ് തറയില്‍ രംഗത്തുവന്നു. ഖദറും മതേതരത്വവുമാണ് കോണ്‍ഗ്രസിന്റെ അസ്തിത്വം. ഖദര്‍ ഇടാതെ നടക്കുന്നതാണ് ന്യൂജന്‍ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. നമ്മള്‍ എന്തിനാണ് ഡിവൈഎഫ്‌ഐക്കാരെ അനുകരിക്കുന്നതെന്നും അജയ് തറയില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.