- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സൈസ് കസ്റ്റഡിയിൽ രഞ്ജിത് കുമാർ കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനമേറ്റ്; തലക്കും കഴുത്തിനും പുറകിലായി കൈമുട്ടു കൊണ്ട് അടിച്ചതുമൂലമുണ്ടായ ആന്തരിക ക്ഷതം മരണകാരണം; മർദ്ദനത്തെ എതിർത്ത എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രശാന്തിന്റെയും ജീപ്പ് ഡ്രൈവർ ശ്രീജിത്തിന്റെയും സാക്ഷി മൊഴികൾ വിചാരണയിൽ നിർണ്ണായകം
തിരുവനന്തപുരം: തൃശൂർ പാവറട്ടിയിൽ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്‌ക്വാഡ് കസ്റ്റഡിയിൽ തിരൂർ സ്വദേശി രഞ്ജിത് കുമാറിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 3 എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരടക്കം 7 എക്‌സൈസ് ഉദ്യോഗസ്ഥർ വിചാരണക്കായി എറണാകുളം സിബിഐ കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടു. കസ്റ്റഡി കൊലക്കേസ് വിചാരണക്കായി എറണാകുളം സിബിഐ കോടതിയിലേക്ക് കമ്മിറ്റ് ചെയ്തു കൊണ്ടുള്ള ഉത്തരവിലാണ് പ്രതികളോട് വിചാരണക്കോടതിയായ എറണാകുളം കലൂർ സി ബി ഐ കോടതിയിൽ ഹാജരാകാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. കേസ് റെക്കോർഡുകളും തൊണ്ടിമുതലുകളുമടക്കമുള്ള രേഖകൾ ട്രാൻസർ സർട്ടിക്കറ്റും കേസ് ലിസ്റ്റും തയ്യാറാക്കി കമ്മിറ്റ് ചെയ്തയച്ചു.
തൃശൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ എം. ജി. അനൂപ് കുമാർ , വി. ബി. അബ്ദുൾ ജബ്ബാർ , സിവിൽ എക്‌സൈസ് ഓഫിസർമാരായ നിഥിൻ. എം. മാധവൻ , കെ. യു. മഹേഷ് , വി. എം. സ്മിബിൻ , പ്രിവന്റീവ് ഓഫീസർ വി. എ. ഉമ്മർ , സിവിൽ എക്‌സൈസ് ഓഫിസർ എം. ഒ. ബെന്നി എന്നിവരാണ് കസ്റ്റഡി കൊലക്കേസിലെ 1 മുതൽ 7 വരെയുള്ള പ്രതികൾ. പാവറട്ടി പൊലീസും ഗുരുവായൂർ എ .സി .പി യും അട്ടിമറിച്ച കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ പ്രതിസ്ഥാനത്തുള്ള കേസുകൾ സിബിഐ അന്വേഷിക്കണമെന്ന ഹരിയാന കസ്റ്റഡി മരണക്കേസിലെ സുപ്രീം കോടതി വിധിന്യായത്തിന്റെ വെളിച്ചത്തിലാണ് സി ബി ഐ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
മലപ്പുറം തിരൂർ കൈമലച്ചേരി സ്വദേശി രഞ്ജിത് കുമാർ (40) ആണ് കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. രഞ്ജത്തിനെ മർദ്ദിക്കുന്നതിനെ എതിർത്ത് എക്‌സൈസ് ജീപ്പിൽ നിന്നിറങ്ങിപ്പോയ പ്രിവന്റീവ് ഓഫീസർ പ്രശാന്തിന്റെയും ജീപ്പ് ഡ്രൈവർ വി. ബി. ശ്രീജിത്തിന്റെയും സാക്ഷിമൊഴികൾ വിചാരണയിൽ നിർണ്ണായകമാകും. 2019 ഒക്ടോബർ ഒന്നാം തീയതിയാണ് കാക്കിക്കുള്ളിലെ ക്രൂരതയുടെ വാർത്ത സംസ്ഥാനത്തെ ഞെട്ടിച്ചത്. ഗുരുവായൂരിൽ വച്ച് 2കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ 7 എക്‌സൈസ് ഉദ്യോഗസ്ഥർ ചേർന്ന് അന്യായ തടങ്കലിൽ വച്ച് കസ്റ്റഡിയിൽ കൊലപ്പെടുത്തി വ്യാജരേഖകൾ ചമച്ചുവെന്നാണ് കേസ്.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റി യാത്രാമധ്യേ അപസ്മാര ലക്ഷണങ്ങളെ തുടർന്ന് പ്രതി അബോധാവസ്ഥയിലായെന്നും പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചുവെന്നുമായിരുന്നു എക്സൈസ് തുടക്കത്തിൽ നല്കിയ വിശദീകരണം. എന്നാൽ രഞ്ജിത്തിന്റെ പിതാവും ഭാര്യയും മറ്റും കസ്റ്റഡി മരണമെന്ന പരാതിയുമായി രംഗത്തെത്തി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മർദ്ദനമേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി. തലക്കും കഴുത്തിനും പുറകിലായി കൈമുട്ടു കൊണ്ട് അടിച്ചതു മൂലമുണ്ടായ ആന്തരിക ക്ഷതമാണ് മരണ കാരണം. ശരീരത്തിലാകെ 12 ആന്തരിക ക്ഷതങ്ങളും കണ്ടെത്തി.
കൈ മുട്ടുകൊണ്ടും കൈ കൊണ്ടും മർദ്ദിച്ചാലുണ്ടാകുന്ന തരം ക്ഷതം ശരീരത്തിൽ പലയിടത്തുമുണ്ട്. മുതുകിനും വയറിനും താഴെയും ക്ഷതങ്ങളുണ്ട്. മർദ്ദനമേറ്റതാണ് മരണകാരണമായതെന്ന് വ്യക്തമായതോടെ പാവറട്ടി പൊലീസ് കേസ് കൊലക്കുറ്റമായി രജിസ്റ്റർ ചെയ്തു. എന്നാൽ ഉന്നത സ്വാധീനത്താൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പ്രതികളുമായി ഒത്തുകളിക്കുകയായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ ഇല്ലാതെ പ്രിവന്റീവ് ഓഫീസർമാർ മാത്രം പോയി പ്രതിയെ പിടിച്ചതും നിയമലംഘനമാണ്. എക്‌സൈസ് സംഘത്തിലുണ്ടായിരുന്ന പ്രശാന്ത് എന്ന എക്‌സൈസ് പ്രിവന്റീവ് ഓഫീസർ മർദ്ദനത്തെ തുടക്കത്തിൽ തന്നെ എതിർത്തു. മർദ്ദനത്തെ പ്രതിഷേധിച്ച് ജീപ്പിൽ നിന്നിറങ്ങിപ്പോയി.
കേസ് ഏറ്റെടുത്ത സി ബി ഐ പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി 2021 ഫെബ്രുവരി 8 ന് 7 എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 167 (പബ്ലിക് സർവന്റ് ക്ഷതി ഉളവാക്കണമെന്ന ഉദ്ദേശ്യത്തോടെ തെറ്റായ രേഖ തയ്യാറാക്കൽ) , 218 (ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ പബ്ലിക് സെർവന്റ് തെറ്റായ റെക്കോർഡും ലിഖിതവും രൂപപ്പെടുത്തൽ) , 302 (കൊലപാതകം) , 323 ( സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കൽ) , 330 ( ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങാനായി അസ്ഥികൾക്ക് പൊട്ടലുളവാക്കിയുള്ള സ്വേച്ഛയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കൽ) , 342 ( അന്യായ തടങ്കലിൽ വക്കൽ) , 348 ( ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങാനായി അന്യായമായി തടഞ്ഞു വയ്ക്കൽ) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിനായി പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.