- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജന്മം കൊണ്ട് വടകരക്കാരന്; മോദിയുടെ അതിവിശ്വസ്തന് വിരമിക്കലിന് പിന്നാലെ ലെഫ് ഗവര്‍ണ്ണര്‍; കൈലാഷ്നാഥിന് അതിവേഗ പദവി; പുതിയ ഗവര്ണര്മാരെത്തുമ്പോള്
ന്യൂഡല്‍ഹി: പുതുച്ചേരി ഗവര്‍ണ്ണറാകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിവിശ്വസ്തന്. മലയാളിയായ കെ. കൈലാഷ്നാഥനാണ് പുതുച്ചേരിയുടെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍. കോഴിക്കോട് ജില്ലയിലെ വടകരയില്‍ ജനിച്ച കെ. കൈലാഷ്നാഥന് 1979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് ആനന്ദി ബെന്‍ പാട്ടീല്‍, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിങ്ങനെ നാലു മുഖ്യമന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഒന്‍പത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരിവിറക്കിയത്. ബിജെപിയുമായി ബന്ധമുള്ള പല മലയാളികളും ഗവര്‍ണര്‍ ആകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്തെ ആദ്യ ഗവര്‍ണര്‍ നിയമനത്തില്‍ കൈലാഷ്നാഥന് മാത്രമാണ് മലയാളിയെന്ന നിലയില്‍ പരിഗണന കിട്ടിയത്. അതും ഗുജറാത്തിലെ ബന്ധത്തിന്റെ കരുത്തിലും.
രാജസ്ഥാന്, തെലങ്കാന, സിക്കിം, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാബ്-ചണ്ഡീഗഢ്, അസം, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഹരിഭാഹു കിസന്റാവു ബാഗ്ഡെയാണ് രാജസ്ഥാന് ഗവര്‍ണര്‍. ജിഷ്ണു ദേവ് വര്‍മയെ തെലങ്കാന ഗവര്‍ണറായും ഓം പ്രകാശ് മാത്തൂറിനെ സിക്കിമിലും സന്തോഷ് കുമാര്‍ ഗാങ്വാറിനെ ഝാര്‍ഖണ്ഡിലും രമണ്‍ ദേകയെ ഛത്തീസ്ഗഢിലും ഗവര്‍ണറായി നിയമിച്ചു. മേഘാലയ ഗവര്‍ണറായി സി.എച്ച്. വിജയശങ്കറിനെയും, സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്രയുടെയും പുതിയ ഗവര്‍ണറാക്കും. ഗുലാബ് ചന്ദ് കഠാരിയയെ പഞ്ചാബ് ഗവര്‍ണറായും ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. ലക്ഷ്മണ് പ്രസാദ് ആചാര്യയാണ് അസം ഗവര്‍ണര്‍. ഇദ്ദേഹത്തിന് മണിപ്പുര്‍ ഗവര്‍ണറുടെ അധികചുമതലയും നല്‍കിയിട്ടുണ്ട്.
ഇതില്‍ ഏറ്റവും ശ്രദ്ധേയം കൈലാഷ്നാഥന്റെ നിയമനമാണ്. ആനന്ദി ബെന്‍ പട്ടേല്‍, വിജയ് രൂപാനി, ഭൂപേന്ദ്ര പട്ടേല്‍ തുടങ്ങി നരേന്ദ്ര മോദിക്ക് ശേഷം ഗുജറാത്ത് മുഖ്യമന്ത്രിക്കസേര പലരും അലങ്കരിച്ചു. എന്നാല്‍ ഗുജറാത്തില്‍ കഴിഞ്ഞ മാസം വരെ മാറ്റമില്ലാതെ ഒരേ പദവി കൈകാര്യം ചെയ്ത ഒരാളെയുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന കെ. കൈലാഷ്നാഥന്.ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംസ്ഥാനത്തെ ഏറ്റവും ശക്തനായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ഒരാളുമായ കൈലാഷ്നാഥന് വിരമിച്ചിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. അതിനിടയില്‍ പുതിയ പദവിയും തേടിയെത്തി.
അധികാര ഇടനാഴികളില്‍ കെ.കെ എന്ന ചുരുക്കപ്പേരിലാണ് വടകരക്കാരനായ കൈലാഷ്നാഥന് അറിയപ്പെടുന്നത്. മോദി മുഖ്യമന്ത്രിയായിരുന്ന 2006 മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. 2013ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കിലും പതിനൊന്ന് തവണയാണ് സര്‍ക്കാര്‍ സര്‍വീസ് നീട്ടി നല്‍കിയത്. 1979 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം മോദിക്ക് കീഴില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു.സംസ്ഥാനത്തെ ഏറ്റവും ശക്തനായ ബ്യൂറോക്രാറ്റായി അറിയപ്പെട്ടു. സൂറത്ത്, സുരേന്ദ്രനഗര്‍ ജില്ലകളിലെ കലക്ടറായിരുന്നു.
1999-2001 കാലയളവില്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മിഷണറായിരുന്നു. ജന്മം കൊണ്ട് മലയാളിയാണെങ്കിലും തമിഴ്നാട്ടിലാണ് വളര്‍ന്നത്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും വെയില്‍സ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.വികസനപദ്ധതികളുടെയെല്ലാം മേല്‍നോട്ടം വഹിച്ചതോടെ മോദിയുടെ വിശ്വസ്തനായി മാറി. 2014ല്‍ മോദി പ്രധാനമന്ത്രിയായപ്പോള്‍ കൈലാഷ്നാഥനെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടുവരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഗുജറാത്തില്‍ തന്നെ തുടരുകയായിരുന്നു. പ്രധാനമന്ത്രിയായി 2014ല്‍ ന്യൂഡല്‍ഹിയിലേക്ക് കളം മാറിയ വേളയില്‍ തന്റെ വിശ്വസ്തരായ നിരവധി ഉദ്യോഗസ്ഥരെ മോദി ഗുജറാത്തില്‍നിന്ന് കൂടെ കൊണ്ടു വന്നിരുന്നു. എകെ ശര്‍മ്മ, ഹസ്മുഖ് അധിയ, ജിസി മുര്‍മു, സഞ്ജയ് ഭാവ്സര്‍, പികെ മിശ്ര എന്നിവര്‍ അവരില്‍ ചിലരാണ്. എന്നാല്‍ കൈലാഷ് നാഥിനെ മാത്രം ഗുജറാത്തില്‍ തന്നെ നിര്‍ത്തുകയായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും ശക്തനായ ബ്യൂറോക്രാറ്റായി അറിയപ്പെടുന്നയാളാണ് കൈലാഷ്നാഥന്. സൂറത്ത്, സുരേന്ദ്രനഗര്‍ ജില്ലകളിലെ കലക്ടറായിരുന്നു. 1999-2001 കാലയളവില്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മിഷണറായും ജോലി ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്ന ഉദ്യോഗസ്ഥന് കൂടിയാണ് ഇദ്ദേഹം. മോദിയുടെ പ്രതിച്ഛായ നിര്‍മാണത്തില്‍ ഇദ്ദേഹത്തിന്റെ പങ്ക് അവഗണിക്കാനാകില്ല എന്നാണ് വിലയിരുത്തല്‍. ഗുജറാത്ത് കലാപ ശേഷം, കണ്‍സേണ്‍ഡ് സിറ്റിസണ്‍സ് ട്രൈബ്യൂണല്‍ മേധാവിയായിരുന്ന സുപ്രിംകോടതി മുന്‍ ജഡ്ജ് വി.കെ കൃഷ്ണയ്യരുമായി മോദിക്ക് കൂടിക്കാഴ്ച സാധ്യമാക്കിയത് കൈലാഷ്നാഥനായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിന്റെ തലച്ചോറും ഈ മലയാളിയായിരുന്നു.