- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹമോചിതയെങ്കിലും ജീവനാംശത്തിന് മുസ്ലിം സ്ത്രീക്ക് അര്‍ഹതയുണ്ട്; മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും നിയമം ബാധകമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശം തേടാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ക്രിമിനല്‍ നടപടിക്രമത്തിന്റെ 125-ആം വകുപ്പ് വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുന്‍ഭാര്യക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതി നിര്‍ദ്ദേശം ചോദ്യംചെയ്ത് മുസ്ലിം യുവാവ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള ഹര്‍ജിയില്‍ തീരുമാനം വൈകിയാല്‍ മുസ്ലിം വനിതകളുടെ വിവാഹ അവകാശ സംരക്ഷണ നിയമം അനുസരിച്ച് ജീവനാംശം തേടാമെന്നും ജസ്റ്റിസുമാരായ ബി.വി.നാഗരത്നയും അഗസ്റ്റിന് ജോര്‍ജ് മസിഹും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും സെക്ഷന്‍ 125 ബാധകമാകുമെന്ന നിഗമനത്തോടെയാണ് ക്രിമിനല്‍ അപ്പീല്‍ തള്ളുന്നതെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ജസ്റ്റിസ് നാഗരത്നയും ജസ്റ്റിസ് മസിഹും വെവ്വേറെയാണ് വിധി പുറപ്പെടുവിച്ചത്.
ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി. ഭാര്യയെ പരിപാലിക്കുക എന്നത് ജീവകാരുണ്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും കോടതി പറഞ്ഞു. ഗൃഹനാഥയായ ഭാര്യ വൈകാരികമായും മറ്റ് വഴികളിലും തങ്ങളെ ആശ്രയിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ചില ഭര്ത്താക്കന്മാര് ബോധവാന്മാരല്ല. ഇന്ത്യന്‍ പുരുഷന് ഒരു വീട്ടമ്മയുടെ പങ്കും ത്യാഗവും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
മുഹമ്മദ് അബ്ദുല്‍ സമദ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മുന്ഭാര്യയ്ക്ക് 20,000 രൂപവീതം ജീവനാംശമായി നല്‍കണമെന്നായിരുന്നു തെലങ്കാനയിലെ കുടുംബ കോടതി ആദ്യം വിധിച്ചത്. യുവതിയെ പരാതിക്കാരന് മുത്തലാഖ് ചൊല്ലിയാണ് വിവാഹബന്ധം വേര്‍പെടുത്തിയിരുന്നത്. തെലങ്കാന കുടുംബകോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇടക്കാല ജീവനാംശമായി പതിനായിരം രൂപ നല്‍കണമെന്നായിരുന്നു വിധി. ഇത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുല്‍ സമദ് സുപ്രീംകോടതിയെ സമീപിച്ചത്.
സെക്ഷന്‍ 125 സിആര്‍പിസി പ്രകാരം ഒരു മുസ്ലീം സ്ത്രീ വിവാഹമോചനം നേടിയാല്‍, അവര്‍ക്ക് മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമം 2019-നെ ആശ്രയിക്കാമെന്നും കോടതി വിധിച്ചു. വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമല്ല, സെക്ഷന്‍ 125 CrPC എല്ലാ സ്ത്രീകള്‍ക്കും ബാധകമാകുമെന്ന നിഗമനത്തോടെയൊണ് ഹര്‍ജി തള്ളിയത്. സിആര്‍പിസി 125-ാം വകുപ്പു പ്രകാരമുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് വിവാഹ മോചിതയാവുന്നതെങ്കില്‍ മുസ്ലിം വനിതാ സംരക്ഷണ നിയമ പ്രകാരം (2019) പരിഹാരം തേടാവുന്നതാണെന്നും കോടതി പറഞ്ഞു.
സിആര്‍പിസി 125-ാം വകുപ്പ് മതേതര സ്വഭാവത്തില്‍ ഉള്ളതാണെന്നും അതു മുസ്ലിം സ്ത്രീക്കും ബാധകമാണെന്നുമാണ്, ചരിത്രപ്രസിദ്ധമായ ഷാബാനു കേസ് വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെ മറിടകടക്കാനായി 1986ല്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുകയായിരുന്നു. ഈ നിയമം ചൂണ്ടിക്കാട്ടിയാണ്, ഈ കേസിലെ ഹര്ജിക്കാരന് വാദിച്ചത്. എന്നാല്‍ 2019ലെ നിയമപ്രകാരം നടപടികളിലേക്കു കടക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.