ടെല്‍ അവീവ്: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഇസ്രായേലിലേക്ക് ആക്രമണം ശക്തമാക്കി ഇറാന്‍. മധ്യ ഇസ്രായേലില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച മിസൈലുകളും ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവില്‍ വിവിധ ഇടങ്ങളില്‍ ആക്രമണം നടന്നുവെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐആര്‍ജിസി) അവകാശപ്പെടുന്നത്.

മധ്യ ഇസ്രായേലിലെ ഗുഷ് ഡാന്‍ മേഖലയില്‍ സ്‌ഫോടന ശബ്ദം കേട്ടതായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഹോളോണ്‍ നഗരത്തില്‍ വാഹനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു, അവയില്‍ ചിലതിന് തീപിടിക്കുകയും ചെയ്തവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെല്‍ അവീവ് നഗരത്തിലെ റെയില്‍വെ സ്റ്റേഷനുകളടക്കം ആക്രമണത്തിനിരയായി. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ട്രെയിന്‍ സര്‍വീസുകള്‍ നിറുത്തിവെച്ചിരിക്കുകയാണ്. മള്‍ട്ടി-വാര്‍ഹെഡ് ഖുര്‍റംശഹ്ര്‍,-4, ഖദ്ര്‍ മിസൈലുകളും അതുപോലെ ഇമാദ്, ഖൈബര്‍ ഷെക്കാന്‍ പ്രൊജക്ടൈലുകളും ആക്രമണത്തിനായി ഉപയോഗിച്ചെന്നും യാതൊരു തടസ്സങ്ങളും നേരിടാതെ അധിനിവേശ പ്രദേശങ്ങളുടെ ഹൃദയഭാഗത്തുള്ള നൂറിലധികം സൈനിക-സുരക്ഷാ കേന്ദ്രങ്ങളില്‍ പതിച്ചുവെന്നും ഐആര്‍ജിസി അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ലാരിജാനിക്ക് പുറമെ മകനും സഹായി അലി റസ ബയാത്ത് ഉള്‍പ്പെടെ നിരവധി അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചിരുന്നു. ഇറാനിലെ ബാസിജ് ഫോഴ്‌സ് കമാന്റര്‍ ഗുലാം റസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ലാരിജാനി രക്തസാക്ഷിത്വം കൈവരിച്ചതായി പറയുന്നത്. ഇസ്ലാമിക വിപ്ലവത്തിനും ഇറാന്റെ പുരോഗതിക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച ലാരിജാനി, തന്റെ ദീര്‍ഘകാലമായുള്ള രക്തസാക്ഷിത്വമെന്ന ആഗ്രഹം നേടിയെടുത്തതായി പ്രസ്താവനയില്‍ അറിയിച്ചു.

അലി ലാരിജാനിയുടെ നിര്യാണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. 'കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയും സ്‌നേഹവുമുള്ള ഒരു നേതാവിനെയാണ് നഷ്ടമായത്,' അദ്ദേഹം പറഞ്ഞു. ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകന്‍ മുര്‍തസ ലാരിജാനി, ഓഫിസ് മേധാവി അലിരേസ ബയാത്ത്, അംഗരക്ഷകര്‍ എന്നിവരും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ ബസിജ് ഡെപ്യൂട്ടി മേധാവി ഖാസിം ഖുറൈഷിയും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയാണ് ലാരിജാനി. ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വിശ്വസ്തനായിരുന്ന ലാരിജാനി ഇറാന്‍ പ്രതിരോധ സംവിധാനങ്ങളുടെ ബുദ്ധികേന്ദ്രവുമായിട്ടാണ് അറിയപ്പെടുന്നത്. ഓപറേഷന്‍ എപിക് ഫ്യൂരി എന്ന പേരില്‍ യു.എസും ഇസ്രായേലും തുടങ്ങിവെച്ച ആക്രമണത്തില്‍ രാജ്യത്തിന്റെ പരമോന്നത നേതാവുള്‍പ്പെടെ കൊല്ലപ്പെട്ടിട്ടും ഇറാനെ ശക്തമായി മുന്നോട്ട് നയിക്കുന്നതില്‍ അലി ലാരിജാനി വലിയ പങ്കുവഹിച്ചിരുന്നു. ലാരിജാനിയുടെ തലക്ക് നേരത്തെ യു.എസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ, ഖുദ്‌സ് ദിനത്തില്‍ അദ്ദേഹം തെഹ്‌റാനില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കൊപ്പം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കുകൊണ്ടതും വലിയ വാര്‍ത്തയായിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് ലാരിജാനിയുടെ മരണവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇതിനകം, ഇറാനില്‍ 1500ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ അധിനിവേശം തുടരുന്ന ലബനാനില്‍ 15 ദിവസത്തിനിടെ 850 പേര്‍ കൊല്ലപ്പെടുകയും എട്ടുലക്ഷത്തിലധികം പേര്‍ പലായനത്തിന് നിര്‍ബന്ധിതരാവുകയും ചെയ്തു. ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമെതിരായ ഇറാന്റെ പ്രത്യാക്രമണങ്ങളും തുടരുകയാണ്.