- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ്; ആർ.ഡി.ഒ.യുടെ അനുമതി ലഭിച്ചാൽ റിഫയുടെ മൃതദേഹം പുറത്തെടുക്കും; വ്ളോഗറുടെ മരണത്തിലെ ദുരൂഹത നീക്കാൻ നടപടികളുമായി അന്വേഷണ സംഘം; ഭർത്താവ് മെഹ്നാസിന്റെ അറസ്റ്റിലേക്ക് ഉടൻ കടക്കില്ല
കോഴിക്കോട്: വ്ളോഗർ റിഫ മെഹ്നുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടർ നടപടികൾക്ക് പൊലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. ഇതിനായി അന്വേഷണസംഘം ആർ.ഡി.ഒ.യ്ക്ക് അപേക്ഷ നൽകി. ആർ.ഡി.ഒ.യുടെ അനുമതി ലഭിച്ചാൽ റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ദുബായിൽവെച്ച് റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയെന്ന് പറഞ്ഞ് ഭർത്താവും സുഹൃത്തുക്കളും കബളിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു. നേരത്തെ പൊലീസിൽ നൽകിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.
മാർച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വ്ളോഗറും ഭർത്താവുമായ കാസർകോട് സ്വദേശി മെഹ്നാസിനെതിരേ കഴിഞ്ഞദിവസമാണ് പൊലീസ് കേസെടുത്തത്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കൽ, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
ജനുവരിമാസം അവസാനമാണ് റിഫ സ്വദേശമായ കാക്കൂരിൽനിന്നും വിദേശത്ത് എത്തിയത്. ദുബായിലെ കരാമയിൽ പർദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളിൽ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്.
മരണത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് റിഫ മെഹ്നുവിന്റെ പിതാവ് കാക്കൂർ പാവണ്ടൂർ ഈന്താട് അമ്പലപ്പറമ്പിൽ റാഷിദ് റൂറൽ എസ്‌പി. എ. ശ്രീനിവാസന് പരാതി നൽകിയിരുന്നു. മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറഞ്ഞിരുന്നു. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് കേസ് രജിസ്റ്റർചെയ്തത്. ആളുകളിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്.
മൂന്നുവർഷംമുമ്പ് ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടാണ് മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത്. തുടർന്ന് ഭർത്താവിനോടൊപ്പം യുട്യൂബ് വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതിൽ റിഫ സജീവവുമായിരുന്നു. മെഹ്നാസ് നിലവിൽ നാട്ടിലാണുള്ളത്. ഭർത്താവിന്റെ അറസ്റ്റിലേക്ക് പൊലീസ് ഉടൻ കടക്കില്ല. അതിന് തെളിവുകൾ അപര്യാപ്തമാണ്.
അതേസമയം കുറ്റകൃത്യവുമായി ബന്ധപ്പെട്ടു എല്ലാ വശങ്ങളും പരിശോധിക്കുമെന്നും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കരുതന്ന് പൊലീസ് ആവശ്യപ്പെട്ടു. താമരശ്ശേരി ഡിവൈ.എസ്‌പി. ടി.കെ. അഷ്‌റഫിനാണ് അന്വേഷണ ചുമതല. വിദേശത്തുവെച്ച് നടന്ന സംഭവമായതിനാൽ വിശദമായ അന്വേഷണനടപടികൾ പൂർത്തീകരിക്കാനുണ്ടെന്നും ഐ പി സി 498 പ്രകാരമുള്ള കുറ്റകൃത്യത്തിൽ ഗൗരവകരമായ അന്വേ ഷണം ഉണ്ടാകുന്നതോടെ മറ്റു വകുപ്പുകൾക്ക് ബലം പകരുന്നു തെളിവുകൾ കണ്ടെത്തൽ സാധിക്കുമെന്നാണ് ഡിവൈ.എസ്‌പി. ടി.കെ. അഷ്‌റഫ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ