ഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തില്‍ പിണറായിയെ പരിഹസിച്ച് അഖില്‍മാരാര്‍. പിണറായി വലിയ അയ്യപ്പ ഭക്തനായി മാറിയിരിക്കുന്നു. ആഗോള അയ്യപ്പ സംഗമത്തില്‍ സംസാരിക്കുന്ന പിണറായിയെ കണ്ടപ്പോള്‍, നാണവും മാനവും ഉളുപ്പും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് തീണ്ടിയിട്ടുണ്ടോ എന്ന് ഓര്‍ത്തു പോവുന്നുണ്ടാവും ശെരിക്കുള്ള കമ്മ്യൂണിസ്റ്റുകാര്‍. ഇപ്പോഴും ഈ പാര്‍ട്ടിക്കായി വെട്ടാനും കുത്താനും നടക്കുന്നവര്‍ ഇത് മനസിലാക്കണമെന്നും അഖില്‍ മാരാര്‍ വീഡിയോയില്‍ പറയുന്നു.

സ്വാമിയേ ശരണമയ്യപ്പാ എന്ന മന്ത്രം ഓരോ സഖാക്കന്മാരുടെയും ആപ്തവാക്യമായി മാറട്ടെയെന്നും, കാറല്‍ മാര്‍ക്‌സിന്റെ ഭാഗത്ത് ഭൂതനാഥനെ പ്രതിഷ്ഠിച്ച് ഭക്തിയോടെ ജീവിക്കാന്‍ സഖാക്കന്മാര്‍ക്ക് കഴിയട്ടെ. സ്വാമി പിണറായി വിജയന്‍, സ്വാമി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിങ്ങനെയാണ് മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും അഖില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ വിശേഷിപ്പിക്കുന്നത്.

ഭാവിയില്‍ സഖാക്കന്മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനായി താന്‍ മാറുമെന്നും അഖില്‍ ഈ വിഡിയോയില്‍ പറയുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്കും കയറാം എന്നാണ് സുപ്രിം കോടതി വിധി, അല്ലാതെ സ്ത്രീകളെ കയറ്റാം എന്നല്ല. വിശ്വാസത്തോടോ അയ്യപ്പനോടോ യാതൊരു മമതയും ഇല്ലാത്ത കുറേ പേരെ ഇരുട്ടിന്റെ മറവില്‍ ക്ഷേത്രത്തില്‍ കയറ്റിയ സര്‍ക്കാരാണ് ഇടത് സര്‍ക്കാര്‍.

നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ല എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കാശിനും വോട്ടിനും വേണ്ടി എന്തും കാണിക്കും. എസ്എന്‍ഡിപി വിഭാഗത്തെ കൂടെ നിര്‍ത്താനും, വെള്ളാപ്പള്ളിയെ കൂടെ നിര്‍ത്താനും ഈ കാണിക്കുന്ന നയം രാഷ്ട്രീയ കാപട്യമാണെന്ന് മനസിലാക്കണമെന്നും അഖില്‍ മാരാര്‍ പറയുന്നു. ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ്, സ്വാമിമാരുടെ പ്രസ്ഥാനമെന്നാണ് സിപിഎമ്മിനെ അഖില്‍ മാരാര്‍ പരിഹാസ രൂപേണ വിശേഷിപ്പിക്കുന്നത്.