ന്യൂഡല്‍ഹി: സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ഗ്രേസ് പേടകത്തില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത് മിഷന്‍ ക്യാപ്റ്റനായ പെഗി വിറ്റ്‌സണ്‍. അതിനു പിന്നാലെ രണ്ടാമനായി ശുഭാംശു ശുക്ല. പോളണ്ടിന്റെ സ്ലാവോസ് ഉസ്‌നാസ്‌കി-വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ തിബോര്‍ കാപു എന്നിവരും തുടര്‍ന്ന് പേടകത്തില്‍ നിന്ന് പുറത്തുവന്നു.

കാലിഫോര്‍ണിയ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തിലാണ് പേടകം സ്ലാഷ് ഡൗണ്‍ ചെയ്തത്. പിന്നീട്, പേടകം റിക്കവറി ഷിപ്പിലേക്കു മാറ്റി. സ്‌പേസ് എക്‌സിന്റെ സ്പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ ചങ്ങലകളില്‍ ബന്ധിച്ച് എത്തിച്ചത്. 18 ദിവസം 433 മണിക്കൂര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ശേഷമാണ് ശുഭാംശും മറ്റുമൂന്ന് ബഹിരാകാശ യാത്രികരും മടങ്ങി എത്തിയത്.

പേടകം സമുദ്രത്തില്‍ വീണ് 50 മിനിറ്റ് കഴിഞ്ഞാണ് ശുഭാംശുവിനെ പുറത്തെത്തിച്ചത്. അദ്ദേഹം ഓഗസ്റ്റ് 17 ന് ഡല്‍ഹിയില്‍ മടങ്ങി എത്തുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ല 1984 ല്‍ വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ ബഹിരാകാശ യാത്ര നടത്തിയ ശേഷമുള്ള രണ്ടാമത്തെ ഇന്ത്യന്‍ ഗഗനയാത്രികനാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യാക്കാരനാണ് ശുഭാംശു.

ഉച്ചതിരിഞ്ഞ് 3.02 ഓടെയാണണ് സാന്‍ഡീഗോയ്ക്ക് അടുത്ത് പസിഫിക് സമുദ്രത്തില്‍ ആക്‌സിയം-4 ദൗത്യാംഗങ്ങള്‍ സഞ്ചരിച്ച ഡ്രാഗണ്‍ പേടകം സ്ലാഷ് ഡൗണ്‍ ചെയ്തത്. ഉടന്‍ തന്നെ സ്‌പേസ് എക്‌സിന്റെയും ആക്‌സിയത്തിന്റെയും സ്‌പേസ് റിക്കവറി ക്രൂ പേടകം വീണ്ടെടുക്കാനായി സജ്ജരായി. 3.07 ഓടെ, തങ്ങള്‍ റിക്കവറിക്ക് തയ്യാറെന്ന് പെഗി വില്‍സണ്‍ മിഷന്‍ കണ്‍ട്രോളിനെ അറിയിച്ചു. 3.10 ഓടെ റിക്കവറി ബോട്ടുകള്‍ ഡ്രാഗണ്‍ ഗ്രേസിന് അടുത്തെത്തി.

പിപിഇ സ്യൂട്ടുകള്‍ ധരിച്ച റിക്കവറി ടീമംഗങ്ങള്‍ പേടകത്തിന് ചുറ്റും അപകടകരമായ വാതകങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചു. 3.29നും 3.30 നും ഇടയില്‍ പേടകം റിക്കവറി കപ്പലായ ഷാനണില്‍ എത്തിച്ചു. തുടര്‍ന്ന് ചോര്‍ച്ചാ സാധ്യത അടക്കം പതിവ് പരിശോധനകള്‍ നടത്തി സൈഡ് ഹാച്ചിലൂടെ ക്യാപ്‌സൂളില്‍ നിന്ന് ക്രൂ അംഗങ്ങള്‍ക്ക് സുരക്ഷിതമായി പുറത്തിറങ്ങാമെന്ന് ഉറപ്പിക്കുകയായിരുന്നു റിക്കവറി ടീം.

3.37 ഓടെ പേടകത്തെ ആദ്യ സ്ഥലത്ത് നിന്ന് കപ്പലിലെ തന്നെ ഒരു ഡെക്കിലേക്ക് മാറ്റി. 3.40 നും 3.41 നും മധ്യേ സൈഡ് ഹാച്ച് തുറന്ന് ക്രൂ അംഗങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുക്കി. 3.39 ന് മിഷന്‍ കമാന്‍ഡര്‍ പെഗി വിറ്റ്്‌സണ്‍ ക്യാപ്‌സൂളില്‍ നിന്ന് ഒരു പുഞ്ചിരിയോടെ സ്ലൈഡ് ചെയ്തിറങ്ങി. 3.52 നാണ് ശുംഭാശുവും തുടര്‍ന്ന് മറ്റുരണ്ടുപേരും പുറത്തിറങ്ങിയത്.



ഇതേ തുടര്‍ന്ന് നാലുപേരെയും ഹെലികോപ്ടറില്‍ കരയിലെത്തിച്ചു. റിക്കവറി സ്ഥലത്തെ കാലാവസ്ഥ അനുകൂലമാണെന്ന കാര്യവും മിഷന്‍ കണ്‍ട്രോള്‍ ഉറപ്പാക്കി. മഴയോ, ഇടിമിന്നലോ ഉണ്ടാകുമോ എന്നായിരുന്നു ആശങ്ക. കാറ്റിന്റെ വേഗം മണിക്കൂറില്‍ 10 മൈലില്‍ കൂടുതലാകാനും പാടില്ലായിരുന്നു.

ദൗത്യസേനാംഗങ്ങള്‍ ഇനി നിരവധി മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയരാകണം. പുനരധിവാസത്തിനായി യുഎസിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ ഒരാഴ്ച മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തില്‍ യാത്രികര്‍ താമസിക്കും. ഇവര്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയില്‍ കഴിഞ്ഞ ശുഭാംശുവിനെ നിരീക്ഷിക്കുന്നതിന് വേണ്ടി ഐഎസ്ആര്‍ഒയുടെ സംഘവും യുഎസില്‍ എത്തിയിട്ടുണ്ട്. ബഹിരാകാശത്ത് ശുഭാംശു ശുക്ല ഏഴു പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍എ അറിയിച്ചു.

ജൂണ്‍ 26-നാണ് ആക്‌സിയം 4 ദൗത്യ സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ 433 മണിക്കൂറാണ് ഇവര്‍ ചിലവഴിച്ചത്. 288 തവണ ഭൂമിയെ ചുറ്റി. 7.6 ദശലക്ഷം മൈലുകള്‍ സഞ്ചരിച്ചു.

ആക്‌സിയം 4 പേടകത്തില്‍ അദ്ദേഹത്തിന്റെ സഹയാത്രികരായ പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരും കൂടെയുണ്ടായിരുന്നു. ഇവരെ വഹിച്ചുള്ള ക്രൂ ഡ്രാഗണ്‍ പേടകം ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം 4.45ന് ബഹിരാകാശനിലയത്തില്‍നിന്ന് അണ്‍ഡോക്ക് ചെയ്തു. ആശയവിനിമയത്തിലെ തകരാര്‍ കാരണം 10 മിനിറ്റ് താമസിച്ചാണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഇതേ തുടര്‍ന്ന് രാജ്യാന്തര ബഹിരാകാശനിലയത്തില്‍നിന്നു മടക്കയാത്ര തുടങ്ങി. 23 മണിക്കൂറോളം നീളുന്നതായിരുന്നു യാത്ര.